യൂട്യൂബില്‍ ആളെക്കൂട്ടാന്‍ വവ്വാല്‍ സൂപ്പ് കഴിച്ചു, വ്‌ളോഗറിന് കിട്ടിയത് കട്ടപ്പണി

By Web TeamFirst Published Nov 11, 2022, 5:46 PM IST
Highlights

ഏഷ്യാറ്റിക് മഞ്ഞ വവ്വാലുകള്‍ ആണ് ഇവര്‍ സൂപ്പ് ഉണ്ടാക്കാന്‍ ഉപയോഗിച്ചത്. വീഡിയോയില്‍ സൂപ്പ് നിറച്ചിരിക്കുന്ന പാത്രത്തില്‍ തവിട്ട് നിറമുള്ള ദ്രാവകത്തില്‍ തക്കാളിക്കൊപ്പം വവ്വാലുകളും പൊങ്ങിക്കിടക്കുന്നത് കാണാം

വവ്വാല്‍ സൂപ്പ് കഴിക്കുന്നത് യൂട്യൂബ് വീഡിയോയില്‍ ചിത്രീകരിച്ച തായ് വ്‌ളോഗര്‍ പോലീസ് പിടിയില്‍ . വവ്വാലുകളില്‍ നിന്ന് അപകടകാരികളായ നിരവധി വൈറസുകള്‍ മനുഷ്യ ശരീരത്തിലേക്ക് കടക്കാം എന്ന കാര്യം അവഗണിച്ച് തീര്‍ത്തും അശാസ്ത്രീയമായ രീതിയില്‍ വവ്വാലുകളെ ഭക്ഷിച്ചതിനാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

ഫോണ്‍ചനോക്ക് ശ്രീശുനക്ലു എന്ന തായ് യൂട്യൂബറാണ് തന്റെ യൂട്യൂബ് ചാനലില്‍ വവ്വാല്‍ സൂപ്പ് കഴിക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. എരിവും രുചികരവും, കഴിച്ചു നോക്കൂ എന്ന അടിക്കുറിപ്പോടെയാണ് ഇവര്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. 

ഏഷ്യാറ്റിക് മഞ്ഞ വവ്വാലുകള്‍ ആണ് ഇവര്‍ സൂപ്പ് ഉണ്ടാക്കാന്‍ ഉപയോഗിച്ചത്. വീഡിയോയില്‍ സൂപ്പ് നിറച്ചിരിക്കുന്ന പാത്രത്തില്‍ തവിട്ട് നിറമുള്ള ദ്രാവകത്തില്‍ തക്കാളിക്കൊപ്പം വവ്വാലുകളും പൊങ്ങിക്കിടക്കുന്നത് കാണാം. വടക്കന്‍ തായ്ലന്‍ഡിന്റെ അതിര്‍ത്തിയായ ലാവോസിനടുത്തുള്ള ഒരു മാര്‍ക്കറ്റില്‍ നിന്നാണ് താന്‍ ഇത് വാങ്ങിയതെന്ന് ഇവര്‍ വീഡിയോയില്‍ പറയുന്നുണ്ട്.

ഏഷ്യാറ്റിക് മഞ്ഞ വവ്വാലുകള്‍  സംരക്ഷിത ഇനത്തില്‍പ്പെട്ട വവ്വാലുകളാണ്. വീഡിയോയില്‍ ഇവര്‍ വവ്വാലുകളെ ആസ്വദിച്ചു കഴിക്കുന്നതും കാണാം. മുന്‍ കരുതലുകളോ ഭയമോ ഇല്ലാതെ ഇത്തരത്തില്‍ ഒരു വീഡിയോ ചെയ്ത യുവതിക്കെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്നത്. യൂട്യൂബര്‍ക്കെതിരായ ജനരോഷം ശക്തമായതോടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്.

മനുഷ്യര്‍ക്ക് മാരകമായേക്കാവുന്ന രോഗാണുക്കള്‍ സസ്തനികളില്‍ അടങ്ങിയിട്ടുള്ളതിനാല്‍ വവ്വാലുകളുമായി ഇടപെടരുതെന്ന് ആരോഗ്യ വിദഗ്ധരുടെ ഉള്‍പ്പെടെ നിര്‍ദ്ദേശം നിലനില്‍ക്കേയാണ് യുവതി ഇത്തരത്തില്‍ ഒരു കാര്യം ചെയ്തതെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിഷേധം ശക്തമായതോടെ ഫോണ്‍ചനോക്ക് തന്റെ വീഡിയോയ്ക്ക് ക്ഷമാപണം നടത്തി. എങ്കിലും നിലവില്‍ 5 വര്‍ഷം വരെ തടവോ അല്ലെങ്കില്‍  5,00,000 ബാറ്റ് (11.215 ലക്ഷം രൂപ) വരെ പിഴ  ശിക്ഷയോ ഇവര്‍ അനുഭവിക്കേണ്ടിവരും.
 

click me!