
നമ്മുടെ പങ്കാളിക്കൊപ്പം സമയം ചെലവഴിക്കുക എന്നത് ഏതൊരു ബന്ധത്തിലും വളരെ പ്രധാനമാണ്. അതിൽ തന്നെ ഏറെ പ്രധാനമാണ് അവർക്കൊപ്പം യാത്ര ചെയ്യുക എന്നത്. എന്നാൽ, 32 -കാരനായ തന്റെ ഭർത്താവിനെ വീട്ടിലാക്കി ഒറ്റക്ക് യാത്രക്ക് പോയ 29 -കാരി ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ ചോദിക്കുന്നത് താൻ ചെയ്തത് തെറ്റാണോ എന്നാണ്.
ന്യൂ ഓർലിയൻസിലേക്കായിരുന്നു യുവതിയുടെ യാത്ര. എന്നാൽ, പങ്കാളിയെ കൂട്ടാതെ പോയതിന് യുവതി കാരണവും വ്യക്തമാക്കുന്നുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യാൻ ഒരുപാട് തവണ പറഞ്ഞു. എന്നിട്ടും അയാൾ അത് ചെയ്തില്ല. അതോടെയാണ് യുവതി തനിയെ യാത്ര പോകുന്നത്.
റെഡ്ഡിറ്റിലൂടെയാണ് മാസങ്ങൾ താൻ ആ യാത്ര പ്ലാൻ ചെയ്യുന്നതിന് വേണ്ടി ചെലവഴിച്ച അനുഭവം യുവതി വ്യക്തമാക്കിയത്. ഹോട്ടലും റെസ്റ്റോറന്റുകളും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും എല്ലാം യുവതി നോക്കി വയ്ക്കുകയും വേണ്ട ബുക്കിംഗുകൾ നടത്തുകയും ഒക്കെ ചെയ്തു. ആകെ ബാക്കിയായത് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുക എന്നത് മാത്രമായിരുന്നു.
എന്നാൽ, പലതവണ പറഞ്ഞിട്ടും ഭർത്താവ് ടിക്കറ്റ് ബുക്ക് ചെയ്തില്ല. ടിക്കറ്റിന്റെ വില താഴട്ടെ എന്നും പറഞ്ഞ് അയാൾ കാത്തിരിക്കുകയായിരുന്നു. പല ദിവസങ്ങളിൽ പലവട്ടം സ്ത്രീ ഭർത്താവിനെ ടിക്കറ്റിനെ കുറിച്ച് ഓർമ്മിപ്പിച്ച് കൊണ്ടിരുന്നു. എന്നാൽ, ഒരിക്കലും അയാളത് ചെയ്തില്ല. ചെയ്യാം വില താഴട്ടെ എന്നും പറഞ്ഞിരുന്നു. അവസാനം തന്റെ വെക്കേഷൻ മുടക്കാൻ താല്പര്യമില്ലാതിരുന്ന സ്ത്രീ തനിക്ക് മാത്രമുള്ള ടിക്കറ്റ് ബുക്ക് ചെയ്ത് പോവുകയായിരുന്നു.
എന്നാൽ, അവൾ തനിയെ പോകും എന്ന് ഭർത്താവ് പ്രതീക്ഷിച്ചില്ല. അവൾ പോയതോടെ അയാൾ മെസേജിലൂടെയും മറ്റും അവളോട് പൊട്ടിത്തെറിച്ചു. വഴക്ക് പറഞ്ഞു കൊണ്ടേയിരിക്കുകയാണ്. ഭർത്താവിനെ കൂട്ടാതെ താൻ യാത്ര ചെയ്തത് തെറ്റാണോ എന്നാണ് ഇപ്പോൾ അവളുടെ ചോദ്യം.
എന്നാൽ, ഭൂരിഭാഗം പേരും പറഞ്ഞത്. ഒരു തെറ്റുമില്ല. നിങ്ങളുടെ ഭർത്താവ് അത് അർഹിക്കുന്നു എന്നാണ്.