
ഒരിക്കലും മുങ്ങിപ്പോകാത്ത ആഡംബര കപ്പൽ എന്ന നിലയിലാണ് ടൈറ്റാനിക് ലോകശ്രദ്ധ ആകർഷിച്ചത്. എന്നാൽ, അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടുത്തട്ടിലേക്ക് അത് മുങ്ങിത്താഴ്ന്നു. അതിന് ശേഷം 110 വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും ആളുകൾക്ക് ഒരു കൗതുകമാണ് ടൈറ്റാനിക് കപ്പൽ. ഇപ്പോഴും ആളുകൾ അതിനെ കുറിച്ച് അത്ഭുതത്തോടെ ചിന്തിക്കുന്നു. അത്തരത്തിൽ ടൈറ്റാനിക്ക് കപ്പലിനെ ഇപ്പോഴും ആരാധിച്ചു കൊണ്ടിരിക്കുന്ന ഒരു യുവതിയുടെ വാർത്ത കഴിഞ്ഞ ദിവസം ബിബിസി ന്യൂസ് പങ്കിട്ടിരുന്നു. ആരാധന എന്നുവച്ചാൽ വെറും ആരാധന ഒന്നുമല്ല, ഓർമ്മ വെച്ച നാൾ മുതൽ ഈ പെൺകുട്ടിയുടെ സ്വപ്നമാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണണം എന്നത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ സന്ദർശിക്കാൻ അവൾ 250,000 ഡോളറാണ് നൽകിയത്. അതായത് ഏകദേശം രണ്ടു കോടിയോളം ഇന്ത്യൻ രൂപ.
ഭീമാകാരമായ കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള അവളുടെ സ്വപ്നം അവൾ കുട്ടിയായിരുന്നപ്പോൾ ആരംഭിച്ചതാണ്. ടൈറ്റാനിക്കിന്റെ സ്ഥാനം അന്ന് ആരും കണ്ടെത്തിയില്ല. ആഡംബര കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്ന ആദ്യത്തെ വ്യക്തി ആകണം എന്ന പ്രതീക്ഷയോടെ അവൾ സമുദ്രശാസ്ത്രം പഠിക്കാൻ തീരുമാനിച്ചു. എന്നാൽ, കോളേജിലെത്തിയ ആദ്യ ആഴ്ചയിൽ തന്നെ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അതോടെ അവൾ തന്റെ കരിയർ മാറ്റി ടൈറ്റാനിക് സന്ദർശിക്കാൻ പണം സമ്പാദിക്കാൻ തുടങ്ങി. അങ്ങനെ തന്റെ സ്വപ്നത്തിനുവേണ്ടി ആഹോരാത്രം അധ്വാനിച്ച് അവൾ പണം കണ്ടെത്തി. ഒടുവിൽ തൻറെ സ്വപ്നം പൂവണിയിച്ചു.
നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ യുവതിയെ അഭിനന്ദിക്കുന്നത്. തന്റെ സ്വപ്നത്തിന് വേണ്ടി ജീവിക്കാൻ യുവതി കാണിച്ച ധൈര്യം അഭിനന്ദിക്കേണ്ടതാണെന്ന് ഇൻസ്റ്റാഗ്രാം ഉപയോക്താക്കളിൽ ചിലർ കുറിച്ചു.
ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ടൈറ്റാനിക് ദുരന്തം. ഭീമൻ കപ്പലിൽ ഏകദേശം 2,200 യാത്രക്കാരും ജോലിക്കാരും ഉണ്ടായിരുന്നു, അതിൽ ഏകദേശം 1,500 പേർ മുങ്ങി മരിച്ചു. കൃത്യമായ എണ്ണം ഇന്നും അജ്ഞാതമായി തുടരുന്നു. വെള്ളത്തിനടിയിലുള്ള ടൈറ്റാനിക് അവശിഷ്ടങ്ങൾ ഇപ്പോൾ യുനെസ്കോയുടെ പൈതൃക സൈറ്റാണ്.