ടിക് ടോക്കിൽ നൃത്തത്തിലൂടെ ഭർത്താവിന്റെ കൊലപാതക കഥ വിവരിച്ച് യുവതി, അമ്പരന്ന് സോഷ്യൽ മീഡിയ

Published : Nov 23, 2022, 02:57 PM IST
ടിക് ടോക്കിൽ നൃത്തത്തിലൂടെ ഭർത്താവിന്റെ കൊലപാതക കഥ വിവരിച്ച് യുവതി, അമ്പരന്ന് സോഷ്യൽ മീഡിയ

Synopsis

അപ്‌ലോഡ് ചെയ്തതിന് ശേഷം ഈ വീഡിയോ 4.4 ദശലക്ഷത്തിലധികം ആളുകൾ ഇതിനോടകം കണ്ടു കഴിഞ്ഞു.  

സോഷ്യൽ മീഡിയ റീലുകൾക്ക് വളരെയധികം പ്രചാരം ലഭിച്ചതോടെ വ്യത്യസ്തങ്ങളായ ആശയങ്ങളും അറിവുകളും കലാരൂപങ്ങളും ഒക്കെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനുള്ള മികച്ച ഒരു ഉപാധിയായി ഇത് മാറിയിട്ടുണ്ട്. നിരവധി ആളുകളാണ് ഇത്തരത്തിൽ തങ്ങളുടെ കഴിവുകൾ ലോകത്തിനു മുൻപിൽ കാണിച്ചു കൊടുത്തു കൊണ്ട് ഓരോ ദിവസവും ശ്രദ്ധിക്കപ്പെടുന്നത്. 

എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഏറെ വിചിത്രമായ ഒരു വീഡിയോ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒരു യുവതി തൻറെ ഇൻസ്റ്റ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ടിക്ക് ടോക്ക് വീഡിയോ ആണിത്. വർഷങ്ങൾക്കു മുൻപ് കൊല്ലപ്പെട്ട തൻറെ ഭർത്താവിൻറെ കൊലപാതക കഥയാണ് ഈ യുവതി സംഗീതത്തിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെ വീഡിയോയിൽ അവതരിപ്പിച്ചത്. ഏറെ അമ്പരപ്പോടെയാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ഈ വീഡിയോ കണ്ടത്.

ടിക് ടോക്കിൽ 'ദി സിംഗിംഗ് വിഡോ' എന്ന പേരിൽ അറിയപ്പെടുന്ന യുവതിയാണ് ഇത്തരത്തിൽ ആളുകളെ ഞെട്ടിച്ചത്. ഇവർ നൃത്തം ചെയ്യുമ്പോൾ, സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന വാചകങ്ങൾ ഇങ്ങനെയാണ്: 'എട്ട് വർഷം മുമ്പ്, ഒരാൾ എന്റെ ഭർത്താവിനെ വെടിവെക്കുകയും കൊല്ലുകയും ചെയ്തു. അന്ന് ഞാൻ പ്രസവിച്ച് മൂന്ന് ദിവസം മാത്രമേ ആയിരുന്നുള്ളൂ. പതിനൊന്ന് മാസങ്ങൾക്ക് ശേഷം, അദ്ദേഹത്തെ വെടിവെച്ചയാൾ നരഹത്യയ്ക്ക് ശിക്ഷിക്കപ്പെട്ടു. ശിക്ഷ വിധിച്ച ദിവസം ഞാൻ അവന്റെ കൊലയാളിയോട് ഞങ്ങളുടെ പ്രണയകഥ പറഞ്ഞു. എപ്പോഴെങ്കിലും അദ്ദേഹത്തോട് സഹതാപം തോന്നാൻ തുടങ്ങിയാൽ, എന്റെ മുഖം ഓർക്കാൻ ഞാൻ അവനോട് പറഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷങ്ങളിൽ ഒന്നായി ഇത് തുടരുന്നു.'

ഇത്തരത്തിൽ വാചകങ്ങൾ ചേർത്തുകൊണ്ടാണ് യുവതി വീഡിയോ ഒരുക്കിയിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ ബാക്ക്​ഗ്രൗണ്ട് മ്യൂസിക് ആയി കൊടുത്തിരിക്കുന്ന സംഗീതത്തിനൊപ്പം ഇവർ നൃത്തം വയ്ക്കുകയും ചെയ്യുന്നുണ്ട്. അപ്‌ലോഡ് ചെയ്തതിന് ശേഷം ഈ വീഡിയോ 4.4 ദശലക്ഷത്തിലധികം ആളുകൾ ഇതിനോടകം കണ്ടു കഴിഞ്ഞു.  ഇൻസ്റ്റാഗ്രാം അനുസരിച്ച്, യുവതി ഇപ്പോൾ വീണ്ടും വിവാഹിതയാണ്. ഇവരുടെ കുഞ്ഞിന് ഇപ്പോൾ രണ്ടു വയസ്സ് പ്രായമുണ്ട്. സോഷ്യൽ മീഡിയ ആപ്പിൽ ഇവർക്ക്  56.9K ഫോളോവേഴ്‌സ് ഉണ്ട്.  

PREV
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!