വളർത്തുപൂച്ചയ്ക്കും നായയ്‍ക്കുമൊപ്പം സ്വതന്ത്രമായി ജീവിക്കാൻ വീട് ഉപേക്ഷിച്ച് കാറിൽ താമസമാക്കി യുവതി

By Web TeamFirst Published May 29, 2023, 2:22 PM IST
Highlights

കാറിനുള്ളിൽ തനിക്കും തൻറെ പ്രിയപ്പെട്ട ഫിൻലിക്കും സ്നോയ്ക്കും താമസിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മൂന്നുപേർക്കും കിടക്കാൻ ആവശ്യമായ കിടക്കകൾ, ഭക്ഷണസാധനങ്ങൾ, കുടിവെള്ളം, അത്യാവശ്യഘട്ടങ്ങളിൽ ഭക്ഷണം പാചകം ചെയ്യുന്നതിന് ആവശ്യമായ സൗകര്യങ്ങൾ, മരുന്നുകൾ, വസ്ത്രങ്ങൾ എന്നിവയാണ് കാറിനുള്ളിൽ ഉള്ളത്.

വ്യത്യസ്തങ്ങളായ ആഗ്രഹങ്ങളും ഇഷ്ടങ്ങളും സ്വപ്നങ്ങളും ഒക്കെയുള്ളവരാണ് എല്ലാവരും. എന്നാൽ, ചിലർ ആ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ വേണ്ടെന്നുവച്ച് ജീവിക്കും. മറ്റുചിലരാകട്ടെ ചുറ്റുമുള്ള തടസ്സങ്ങളെ ഒന്നും കാര്യമാക്കാതെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും ഒപ്പം സ്വതന്ത്രമായി ജീവിക്കും. പലപ്പോഴും ഇത്തരക്കാരുടെ പ്രവൃത്തികളും ജീവിതവും ഒക്കെ മറ്റുള്ളവർക്ക് ഭ്രാന്തായി തോന്നാം. എന്നാൽ, സ്വന്തം ഇഷ്ടങ്ങൾക്കായി ജീവിക്കുന്നവർക്ക് അത് അങ്ങനെയല്ല, ഓരോ നിമിഷവും അവർക്ക് സ്വപ്നസാക്ഷാത്കാരത്തിന്റേത് കൂടിയാണ്. 

അത്തരത്തിൽ ഓരോ ദിവസവും തൻറെ സ്വപ്നങ്ങൾക്കൊപ്പം ജീവിക്കാൻ നാടും വീടും ഒക്കെ ഉപേക്ഷിച്ച് ഒരു കാറിലേക്ക് താമസം മാറ്റിയിരിക്കുകയാണ് സ്റ്റെഫാനി എന്ന യുവതി. തൻറെ പ്രിയപ്പെട്ട വളർത്തു പൂച്ചയായ ഫിൻലിക്കും നായ സ്നോയ്ക്കുമൊപ്പം സന്തോഷകരമായി ജീവിക്കുന്നതിനാണ് ഇവർ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത്. ഇപ്പോൾ ഒരു ടെസ്‌ല കാറിലാണ് മൂവരുടെയും താമസം.

ദി സൺ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ ഇവർ ലിറ്റിൽ ഹിപ്പി ഗേൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. ചെറുപ്പം മുതൽ തന്നെ തന്റെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങൾക്ക് ഒപ്പം താമസിക്കുന്നതും ഒരുപാട് യാത്ര ചെയ്യുന്നതുമാണ് സ്റ്റെഫാനിയുടെ ആഗ്രഹം. ഇത് രണ്ടും ഒരുമിച്ച് സാധ്യമാകുന്നതിന് വേണ്ടിയാണ് ഒരു ടെസ്ല കാറിലേക്ക് മൂവരും താമസം മാറ്റിയത്. കൂടാതെ അപ്പാർട്ട്മെന്റുകളിലും മറ്റും താമസിച്ച് അനാവശ്യമായി വാടക നൽകേണ്ട എന്നും പകരം ആ പണം തങ്ങളുടെ യാത്രയ്ക്കായി ഉപയോഗിക്കാം എന്നുമാണ് സ്റ്റെഫാനിയുടെ തീരുമാനം.

കാറിനുള്ളിൽ തനിക്കും തൻറെ പ്രിയപ്പെട്ട ഫിൻലിക്കും സ്നോയ്ക്കും താമസിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മൂന്നുപേർക്കും കിടക്കാൻ ആവശ്യമായ കിടക്കകൾ, ഭക്ഷണസാധനങ്ങൾ, കുടിവെള്ളം, അത്യാവശ്യഘട്ടങ്ങളിൽ ഭക്ഷണം പാചകം ചെയ്യുന്നതിന് ആവശ്യമായ സൗകര്യങ്ങൾ, മരുന്നുകൾ, വസ്ത്രങ്ങൾ എന്നിവയാണ് കാറിനുള്ളിൽ ഉള്ളത്. പരമാവധി യാത്ര ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നാണ് സ്റ്റെഫാനി പറയുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ഈ യാത്രാ സംഘത്തിൻറെ വീഡിയോകൾക്ക് നിരവധി ആരാധകരാണ് ഉള്ളത്. 
 

click me!