
വിദേശിയായ യുവാവിനോടുള്ള പ്രണയം കാരണം തന്റെ ഭർത്താവിനെയും നാടും എല്ലാം ഉപേക്ഷിച്ചയാളാണ് ഇംഗ്ലണ്ടിലെ നോർഫോക്കിൽ നിന്നുള്ള 50 വയസ്സുള്ള ജോവാന ഗേർലിംഗ്. എന്നാൽ, ആ പ്രണയം ഒരു ചതിയിലാണ് അവസാനിച്ചത്. എന്നാൽ, അതേ നാട്ടിൽ നിന്നു തന്നെ അവൾ വീണ്ടും തന്റെ പ്രണയത്തെ കണ്ടെത്തി.
ഇംഗ്ലണ്ടിലെ നോർഫോക്കിലുള്ള ടെസ്കോയിലായിരുന്നു നേരത്തെ ജോവാനയ്ക്ക് ജോലി. 2018 -ലാണ് ഈജിപ്തിലേക്കുള്ള ഒരു യാത്രയ്ക്കിടെ അവൾ ഹസൻ ഖാലിദ് എന്ന യുവാവിനെ കണ്ടുമുട്ടിയത്. ഹസനുമായി പ്രണയത്തിലായ അവൾ ഭർത്താവിനെ ഉപേക്ഷിച്ച് ഹുർഗദയിലേക്ക് താമസം മാറി. പക്ഷേ, അവൾ പ്രതീക്ഷിച്ച ജീവിതമായിരുന്നില്ല അവൾക്ക് അവിടെ ലഭിച്ചത്. ഹസൻ അവളെ വഞ്ചിച്ച് അവളുടെ സമ്പാദ്യമെല്ലാം കൈക്കലാക്കി ജോവാനയെ ആ വിദേശരാജ്യത്ത് തനിച്ചാക്കി അയാൾ അപ്രത്യക്ഷനായി.
അവൾ ഈജ്പ്തിൽ തന്നെ തുടർന്നും കഴിഞ്ഞു. 2019 -ൽ, അവൾ തന്നേക്കാൾ ഏഴ് വയസ്സ് പ്രായക്കുറവുള്ള ഹിഷാം ഫൈഗോ എന്ന യുവാവിനെ കണ്ടുമുട്ടി. വൈകാതെ ഇരുവരും പ്രണയത്തിലായി. ജോവാന ഇപ്പോൾ ഒരു ഇംഗ്ലീഷ് ട്യൂട്ടറായും ബുക്കിംഗ് ഏജന്റായും ജോലി ചെയ്യുകയാണ്. ഹസനുമായുണ്ടായ ബന്ധം അങ്ങനെ അവസാനിച്ചതിനാൽ ആളുകൾക്ക് ഈ ബന്ധത്തിലും സംശയമുണ്ടായിരുന്നു.
പക്ഷേ, ഹിഷാം ആണ് ശരിക്കും തന്റെ സോൾമേറ്റ് എന്നാണ് ജോവാന പറയുന്നത്. ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ, എനിക്ക് ഒന്നുമില്ലായിരുന്നു, എന്നിട്ടും എന്റെ വിസയ്ക്ക് വേണ്ടി അവൻ ഒരു ബാങ്ക് വായ്പ പോലും എടുത്തു എന്നും അവർ പറയുന്നു.
ഇരുവരും വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കത്തിലാണ്. ബ്രിട്ടീഷുകാരനായ ഭർത്താവുമായുള്ള വിവാഹമോചനം അതിന് മുമ്പ് പൂർത്തിയാക്കണം. ഹിഷാമിന് ഇപ്പോൾ ജോലിയില്ല. ഊബർ ഡ്രൈവറാകുന്നതിന് വേണ്ടി ഡ്രൈവിംഗ് ലൈസൻസ് നേടാനുള്ള ശ്രമത്തിലാണത്രെ അവൻ.
പലരും ജോവാനയുടെ തീരുമാനത്തെ വിമർശിക്കാറുണ്ടെങ്കിലും ഈജിപ്തിലെ ജീവിതവും ഹിഷാമിനൊത്തുള്ള ജീവിതം താൻ ആസ്വദിക്കുന്നു എന്നും ഒരുപാട് ഇഷ്ടപ്പെടുന്നു എന്നുമാണ് അവൾ പറയുന്നത്.