
തന്നെത്തന്നെ വിവാഹം കഴിക്കുക എന്നത് ഇന്ന് അത്ര പുതുമ തോന്നിക്കാത്ത ഒരു കാര്യമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിൽ അതുപോലെ വിവാഹം ചെയ്തവരുണ്ട്. ഇന്ത്യയിലും ഉണ്ട് അങ്ങനെ വിവാഹം ചെയ്ത ഒരു യുവതി. അന്ന് അത് വലിയ വാർത്തയായിരുന്നു. ഗുജറാത്തിലുള്ള ക്ഷമാ ബിന്ദുവാണ് ഇന്ത്യയിൽ ആദ്യമായി സ്വയം വിവാഹം ചെയ്ത സ്ത്രീ. അതുപോലെ തന്നെത്തന്നെ വിവാഹം ചെയ്ത ഒരു യുവതി ഇപ്പോൾ തന്നെത്തന്നെ ഡിവോഴ്സ് ചെയ്തു.
സോഫി മൗറേ എന്ന 25 -കാരിയാണ് ഈ യുവതി. ഫെബ്രുവരി മാസത്തിലാണ് യുവതി തന്നെത്തന്നെ വിവാഹം ചെയ്തത്. ആ വിവരം സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വയ്ക്കുകയും ചെയ്തു. വെള്ള നിറത്തിലുള്ള വിവാഹ വസ്ത്രങ്ങളും ടിയാരയും ഒക്കെ ധരിച്ച ചിത്രവും സോഫി സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വച്ചു. താൻ തന്റെ തന്നെ വിവാഹത്തിനുള്ള കേക്ക് ഉണ്ടാക്കിയെന്നും യുവതി പറഞ്ഞിരുന്നു.
സാമൂഹിക മാധ്യമങ്ങളിൽ ചിലരെല്ലാം അവളെ പിന്തുണച്ചു. തന്നെത്തന്നെ സ്നേഹിക്കുകയാണ് അവൾ ചെയ്യുന്നത് എന്നായിരുന്നു അവർ പറഞ്ഞത്. എന്നാൽ, മറ്റ് ചിലർ അവളെ വിമർശിച്ചു. സാമൂഹിക മാധ്യമങ്ങളിൽ വെറും അറ്റൻഷന് വേണ്ടിയാണ് അവൾ സ്വയം വിവാഹം കഴിച്ചതായി പറഞ്ഞത് എന്നായിരുന്നു ഇവരുടെ അഭിപ്രായം. തന്നെത്തന്നെ സ്നേഹിക്കുക, തന്നെത്തന്നെ പങ്കാളിയായി കാണുക എന്നത് വളരെ മനോഹരമായ ഒരു കാര്യമാണ് എന്നായിരുന്നു ഒരാൾ അഭിപ്രായപ്പെട്ടത്.
ഏതായാലും സോഫിയുടെ തന്നത്തന്നെ വിവാഹം കഴിച്ച് തന്റെ തന്നെ പങ്കാളിയായി ജീവിക്കാനുള്ള തീരുമാനം അധികകാലം നീണ്ടുനിന്നില്ല. പിറ്റേ ദിവസം തന്നെ അവൾ തന്റെ വിവാഹത്തിന്റെ അപ്‍ഡേഷൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അതിൽ പറയുന്നത്, തന്നെക്കൊണ്ട് ഇനിയും ഇത് താങ്ങാൻ വയ്യ. അതുകൊണ്ട് താൻ തന്നെത്തന്നെ ഡിവോഴ്സ് ചെയ്യുന്നു എന്നാണ്. ഏതായാലും സോഫിയുടെ ഈ പോസ്റ്റിനും ആളുകൾ രസകരമായ കമന്റുകളുമായി എത്തി.