
യൂട്യൂബിൽ 'സർവൈവൽ ചലഞ്ചി'ൽ പങ്കെടുക്കുകയായിരുന്ന യുവതിയെ കാട്ടിൽവച്ച് കാണാതായി. മിഷിഗണിലെ വനത്തിൽ നിന്നാണ് യുവതിയെ കാണാതായത്. ഒടുവിൽ 18 മണിക്കൂറിന് ശേഷമാണ് ഇവരെ രക്ഷപ്പെടുത്തിയത്. കാലിഫോർണിയയിൽ നിന്നുള്ള 36 -കാരിയായ യുവതിയെയാണ് കാണാതായത്. ഇവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. വടക്കൻ മിഷിഗണിലെ പിജിയൺ റിവർ ഫോറസ്റ്റിലാണ് ഇവർ കുടുങ്ങിപ്പോയത്.
മിഷിഗൺ സ്റ്റേറ്റ് പൊലീസ് പറയുന്നത് പ്രകാരം, ബേസ് ക്യാമ്പിൽ നിന്ന് വെള്ളം തേടി ഇറങ്ങിയതാണ് യുവതി. എന്നാൽ, അതിനിടെ അവർക്ക് വഴി തെറ്റിപ്പോവുകയായിരുന്നു. യുവതി തിരിച്ചെത്താതെ വന്നതോടെ സംഘാടകർ അവരെ തിരഞ്ഞിറങ്ങി. എന്നാൽ, അവർക്ക് യുവതിയെ കണ്ടെത്താനായില്ല. പിന്നാലെയാണ് അധികൃതരുടെ സഹായം തേടുന്നത്. ശനിയാഴ്ച രാവിലെ അഞ്ചരയോടെയാണ് ഇവർ സഹായത്തിനായി വിളിക്കുന്നത്.
ഒറ്റ്സെഗോ കൗണ്ടി ഷെരീഫ് ഓഫീസിനെ സഹായിക്കുന്നതിനായി ഗെയ്‌ലോർഡ് പോസ്റ്റിലെ മിഷിഗൺ സ്റ്റേറ്റ് പൊലീസിൽ നിന്നുള്ളവരും കാട്ടിലെത്തി. അതിവേഗം തന്നെ തിരച്ചിൽ ആരംഭിച്ചു. തിരച്ചിലിനായി ഒരു ഹെലികോപ്ടറും സജ്ജീകരിച്ചിരുന്നു. ആറാം തീയതി രാവിലെയാണ് തിരച്ചിലാരംഭിക്കുന്നത്. 10.40 ഓടുകൂടി ഹെലികോപ്ടറിൻറെ ശബ്ദം കേട്ടതോടെ യുവതി കാടിനകത്ത് നിന്നും കൈവീശി കാണിക്കുന്നത് ശ്രദ്ധയിൽ പെട്ടു.
അധികം വൈകാതെ രക്ഷാസംഘം യുവതിയുടെ അടുത്തെത്തുകയും കാടിനകത്ത് നിന്നും അവരെ പുറത്ത് കടത്തുകയും ആയിരുന്നു. യുവതി തനിയെ നടന്നാണ് കാടിന് പുറത്തെത്തിയത്. രാത്രിയിലെ മഴയും കൊടും തണുപ്പും ഒക്കെ സഹിച്ചിട്ടും, രക്ഷാപ്രവർത്തകർക്കൊപ്പം സ്വയം നടന്ന് തന്നെയാണ് യുവതി പുറത്തെത്തിയത് എന്ന് അധികൃതർ പറയുന്നു. എമർജൻസി മെഡിക്കൽ ഉദ്യോഗസ്ഥർ യുവതിയെ പരിശോധിച്ചു. ആരോഗ്യനിലയിൽ പ്രശ്നമില്ലാത്തതിനാൽ അവരെ വിട്ടയക്കുകയും ചെയ്തുവെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
അതേസമയം, യുവതിയുടെ പേര് എന്താണെന്നോ, ആരാണ് ഈ യൂട്യൂബ് ചലഞ്ച് സംഘടിപ്പിച്ചതെന്നോ തുടങ്ങിയ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.