പ്രണയത്തിന്റെ ലോകത്ത് യുക്തിയേക്കാൾ കൂടുതൽ ഭാവനയ്ക്കും മിഥ്യാധാരണകൾക്കും മുൻഗണന നൽകുന്ന ഒരു പുതിയ രീതി ഇന്ന് സജീവമാണ് 'ഡെലൂലു ഡേറ്റിംഗ്'. മുന്നിൽ കാണുന്ന ചതിക്കുഴികളെയും പെരുമാറ്റദൂഷ്യങ്ങളെയും കണ്ണടച്ച് ഇരുട്ടാക്കി, തന്റെ പങ്കാളി ഒരുനാൾ മാറുമെന്ന വെറും തോന്ന്യവാസത്തിൽ മുറുകെ പിടിക്കുന്നവരാണ് ഈ കെണിയിൽ വീഴുന്നത്. 

ഇന്നത്തെ കാലത്തെ പ്രണയബന്ധങ്ങളിൽ പുതിയൊരു ട്രെൻഡ് ചർച്ചയാകുകയാണ് 'ഡെലൂലു ഡേറ്റിംഗ്'. കേൾക്കുമ്പോൾ രസകരമായി തോന്നാമെങ്കിലും, ഗൗരവകരമായ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന ഒന്നാണിത്. റെഡ് ഫ്ലാഗുകൾ അഥവാ മുന്നറിയിപ്പുകൾ വ്യക്തമായി മുന്നിലുണ്ടായിട്ടും അതിനെയെല്ലാം അവഗണിച്ച്, തന്റെ പങ്കാളി മാറുമെന്നോ ബന്ധം ശരിയാകുമെന്നോ ഉള്ള അമിതമായ ശുഭാപ്തിവിശ്വാസത്തിൽ മുറുകെ പിടിക്കുന്ന രീതിയാണിത്. ഇതിനെക്കുറിച്ച് റിലേഷൻഷിപ്പ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പുകളും ഈ പ്രവണതയുടെ പിന്നിലെ കാരണങ്ങളും പരിശോധിക്കാം.

എന്താണ് ഡെലൂലു ഡേറ്റിംഗ്?

യുക്തിക്ക് നിരക്കാത്ത രീതിയിൽ പ്രണയബന്ധങ്ങളിൽ പ്രതീക്ഷകൾ വെച്ചുപുലർത്തുന്നതിനെയാണ് 'ഡെലൂലു' എന്ന് വിളിക്കുന്നത്. ബന്ധത്തിൽ പല പ്രശ്നങ്ങളും പോരായ്മകളും ഉണ്ടെന്ന് ബോധ്യമുണ്ടായിട്ടും, 'എല്ലാം ഒടുവിൽ ശരിയാകും' എന്ന തെറ്റായ ധാരണയിൽ ഇവർ മുന്നോട്ട് പോകുന്നു. പങ്കാളിയിൽ നിന്ന് യാതൊരു മെച്ചപ്പെടലും കാണുന്നില്ലെങ്കിൽ പോലും ഇവർ അനാവശ്യമായ ആത്മവിശ്വാസം പ്രകടിപ്പിക്കും.

എന്തുകൊണ്ട് ആളുകൾ ഈ കെണിയിൽ വീഴുന്നു?

വ്യക്തികൾ ഡെലൂലു ഡേറ്റിംഗിലേക്ക് നയിക്കപ്പെടാൻ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്:

  • പ്രണയത്തെ അമിതമായി റൊമാന്റിസൈസ് ചെയ്യുക: ഇത്തരക്കാർ പ്രണയത്തെയും ബന്ധങ്ങളെയും സിനിമകളിലെയും നോവലുകളിലെയും പോലെ അതിഭാവുകത്വത്തോടെ കാണുന്നു. തെറ്റായ വ്യക്തിയാണെന്ന് അറിഞ്ഞാൽ പോലും, അവരെ മാറ്റിയെടുക്കാൻ തനിക്ക് സാധിക്കുമെന്ന് ഇവർ വിശ്വസിക്കുന്നു. ഇതിനായി സ്വന്തം സന്തോഷം പോലും ഇവർ ബലികഴിക്കും.
  • കഴിഞ്ഞകാല ആഘാതങ്ങൾ : മുൻപത്തെ ബന്ധങ്ങൾ പരാജയപ്പെട്ടതിന്റെ ഭയം പലരെയും ഈ അവസ്ഥയിലെത്തിക്കാം. മറ്റൊരു പരാജയം കൂടി താങ്ങാൻ വയ്യാത്തതിനാൽ, നിലവിലെ ബന്ധം എങ്ങനെയെങ്കിലും നിലനിർത്താൻ ഇവർ അമിതമായി പരിശ്രമിക്കുന്നു. എല്ലാ ഉത്തരവാദിത്തവും സ്വന്തം തലയിൽ ഏറ്റെടുക്കുന്നു.
  • സാമൂഹിക സമ്മർദ്ദം: തകർന്ന ബന്ധങ്ങളെ സമൂഹം ഇന്നും മോശമായാണ് കാണുന്നത് എന്ന ഭയം പലരെയും ഈ കെണിയിൽ വീഴ്ത്തുന്നു. മറ്റുള്ളവരുടെ വിധിതീർപ്പുകളെ ഭയന്ന്, അടിസ്ഥാനപരമായ പ്രശ്നങ്ങളുള്ള ബന്ധങ്ങളിൽ പോലും ഇവർ പറ്റിപ്പിടിച്ചിരിക്കുന്നു.

ഡെലൂലു ഡേറ്റിംഗ് മനസിനെ എങ്ങനെയെല്ലാം ബാധിക്കുന്നു?

റിലേഷൻഷിപ്പ് വിദഗ്ധയായ രുചി റൂഹ് ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് നോക്കാം:

യാഥാർത്ഥ്യവും പ്രതീക്ഷയും തമ്മിലുള്ള അകലം

ഡെലൂലു ഡേറ്റിംഗിൽ ഏർപ്പെടുന്നവർ ബന്ധത്തിന്റെ നിലവിലെ അവസ്ഥയേക്കാൾ അതിന്റെ സാധ്യതകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തുടക്കത്തിൽ ഇത് നല്ലതാണെന്ന് തോന്നാമെങ്കിലും, വൈകാതെ നിരാശ കടന്നുകൂടും. പ്രതീക്ഷകളും യാഥാർത്ഥ്യവും തമ്മിലുള്ള വലിയ വ്യത്യാസം ഇവരെ മാനസികമായി തളർത്തും.

യുക്തി നഷ്ടപ്പെടുക

പ്രണയത്തിന്റെ ലഹരിയിൽ പലരും സ്വന്തം യുക്തി ഉപേക്ഷിക്കുന്നു. പങ്കാളിയിൽ നിന്നുള്ള സന്ദേശങ്ങളിലെ കാലതാമസം, ബന്ധത്തിന് വേണ്ടിയുള്ള പരിശ്രമമില്ലായ്മ, വൈകാരികമായി അകന്നുനിൽക്കൽ തുടങ്ങിയ വലിയ റെഡ് ഫ്ലാഗുകൾ ഇവർ ആദ്യഘട്ടത്തിൽ അവഗണിക്കുകയും പിന്നീട് അതിൽ ഖേദിക്കുകയും ചെയ്യുന്നു.

അമിതമായ വൈകാരിക നിക്ഷേപം

ബന്ധം സാവധാനം കെട്ടിപ്പടുക്കുന്നതിന് പകരം, ഇവർ തുടക്കത്തിലേ ഭാവി സ്വപ്നങ്ങൾ കണ്ടുതുടങ്ങും. പങ്കാളിയെ ശരിയായി മനസ്സിലാക്കുന്നതിന് മുൻപ് തന്നെ ഒരുമിച്ച് താമസിക്കാനോ കടുത്ത പ്രതിബദ്ധതകൾ നൽകാനോ ഇവർ തിരക്ക് കൂട്ടുന്നു.

സ്വയം നിന്ദയും ആത്മവിശ്വാസക്കുറവും

ഇത്തരമൊരു ബന്ധം പരാജയപ്പെടുമ്പോൾ, അത് വ്യക്തിപരമായ പരാജയമായി ഇവർ കണക്കാക്കുന്നു. താൻ ഒന്നിനും കൊള്ളാത്തവനാണെന്ന തോന്നൽ ഉണ്ടാവുകയും അത് അവരുടെ ആത്മവിശ്വാസത്തെയും സ്വയം ബഹുമാനത്തെയും തകർക്കുകയും ചെയ്യുന്നു.

ശരിയായ പങ്കാളിയെ നഷ്ടപ്പെടുന്നു

നിലവിലില്ലാത്ത അല്ലെങ്കിൽ നടക്കാൻ സാധ്യതയില്ലാത്ത ഒരു ബന്ധത്തിൽ വൈകാരികമായി തളച്ചിടപ്പെടുന്നതിലൂടെ, തനിക്ക് അനുയോജ്യരായ യഥാർത്ഥ വ്യക്തികളെ കണ്ടെത്താൻ ഇവർക്ക് സാധിക്കാതെ വരുന്നു. വൈകാരികമായി തിരക്കിലാണെങ്കിലും ബന്ധങ്ങളിൽ ഇവർ എന്നും തൃപ്തരല്ലായിരിക്കും.

പ്രണയത്തിൽ പ്രതീക്ഷകൾ വേണം, എന്നാൽ അത് അന്ധമാകരുത്. റെഡ് ഫ്ലാഗുകൾ കാണുമ്പോൾ അത് അവഗണിക്കാതെ യുക്തിപൂർവ്വം ചിന്തിക്കുക എന്നതാണ് പ്രധാനം. 'ഡെലൂലു' ആയി ഇരിക്കുന്നത് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ അത് വലിയ മാനസിക ആഘാതങ്ങൾക്കേ വഴി വെക്കൂ.