കുവൈത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ സിവിൽ സർവീസ് ബ്യൂറോ പുതിയ ജോലി ക്രമീകരണം ഏർപ്പെടുത്തി. ജീവനക്കാരുടെ എണ്ണം 30 ശതമാനമായി പരിമിതപ്പെടുത്തുകയും ജോലി സമയം ആറ് മണിക്കൂറായി കുറയ്ക്കുകയും ചെയ്തു. ഈദുൽ ഫിത്വർ അവധിക്ക് ശേഷം പുതിയ സംവിധാനം നിലവിൽ വരും.
കുവൈത്ത് സിറ്റി: മേഖലയിലെ നിലവിലെ സാഹചര്യങ്ങളെ പരിഗണിച്ച് സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സാന്നിധ്യവും ജോലി സമയവും സംബന്ധിച്ച് സിവിൽ സർവീസ് ബ്യൂറോ പുതിയ നിർദേശം പുറത്തിറക്കി. ജോലി സമയം കുറച്ചു. സർക്കാർ സ്ഥാപനങ്ങളിലെ ഓഫീസുകളിൽ ഒരേസമയം ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം 30 ശതമാനത്തിൽ കവിയരുതെന്നാണ് നിർദ്ദേശം. ജീവനക്കാരെ ദിവസേനയോ ആഴ്ച തോറുമോ റൊട്ടേഷൻ അടിസ്ഥാനത്തിൽ മാറ്റി നിയമിക്കുന്നത് നിർബന്ധമാണെന്നും ആവശ്യമായ സൗകര്യമുണ്ടെങ്കിൽ റിമോട്ട് ജോലി അനുവദിക്കാമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
സാധാരണ സർക്കാർ ജോലി സമയത്തിൽ നിന്ന് ഒരു മണിക്കൂർ കുറച്ച് ദിവസേന 6 മണിക്കൂറാക്കി കുറച്ചതായി ബ്യൂറോ അറിയിച്ചു. ഇതിനൊപ്പം ഫ്ലെക്സിബിൾ ജോലി സമയം, ഹാജർ, -പുറത്ത് പോകൽ ഫിംഗർപ്രിന്റ് സംവിധാനം എന്നിവ സാധാരണ രീതിയിൽ തുടരുമെന്നും വ്യക്തമാക്കി. അതേസമയം വൈകുന്നേരത്തെ ഷിഫ്റ്റ് സംവിധാനം താൽക്കാലികമായി നിർത്തിവയ്ക്കുന്നതും തുടരുമെന്ന് അധികൃതർ അറിയിച്ചു. നിയമപരമായി നിശ്ചയിച്ചിട്ടുള്ള ഷിഫ്റ്റ് സമ്പ്രദായങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ പ്രവൃത്തി സമയത്തിലെ ഈ കുറവ് ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. പ്രത്യേക സാഹചര്യങ്ങളിൽ ജോലി സമയം കുറച്ചിരിക്കുന്ന വിഭാഗങ്ങൾക്ക് ജോലി സമയം 4 മണിക്കൂറായി നിശ്ചയിക്കുമെന്നും സർക്കുലറിൽ പറയുന്നു. ഈ പുതിയ സംവിധാനം ഈദുൽ ഫിത്വർ അവധിക്ക് ശേഷം ആരംഭിച്ച് അടുത്ത അറിയിപ്പ് വരുന്നതുവരെ തുടരുമെന്ന് സിവിൽ സർവീസ് ബ്യൂറോ വ്യക്തമാക്കി.


