ഡേകെയറിൽ പോയി വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത് തെറ്റായ കുട്ടിയെ, അബദ്ധം തുറന്ന് പറഞ്ഞ് യുവതി

By Web TeamFirst Published Sep 27, 2022, 2:35 PM IST
Highlights

ബ്രയാനയ്ക്ക് കുട്ടിയെ അറിയുമായിരുന്നില്ല. അവൾ നഴ്സറിയിൽ പോയി കുട്ടിയുടെ പേര് പറഞ്ഞു. അവർ കുട്ടിയെ ബ്രയാനയുടെ കൂടെ അയക്കുകയും ചെയ്തു. ശേഷം കുട്ടിയെയും കൊണ്ട് 20 മിനിറ്റ് ഡ്രൈവ് ചെയ്ത് ആ വീട്ടിലെത്തി കുട്ടിക്ക് നൽകാനുള്ള സ്നാക്സും തയ്യാറാക്കി.

ഡെ കെയറിൽ നിന്നും കുട്ടിയെ കൂട്ടിക്കൊണ്ട് വരാൻ പോയി കുട്ടി മാറിപ്പോയാൽ എന്താവും അവസ്ഥ. ടിക്ടോക്കിൽ ഒരു സ്ത്രീ തന്റെ അത്തരത്തിലുള്ള ഒരു അനുഭവം പങ്ക് വച്ചിരിക്കുകയാണ്. ബേബിസിറ്റിം​ഗിനിടയിലെ ഏറ്റവും ദുരന്തപൂർണമായ അനുഭവം എന്നാണ് ഈ സംഭവത്തെ അവർ വിശേഷിപ്പിക്കുന്നത്. 

യുഎസ്സിൽ നിന്നുമുള്ള യുവതിയുടെ പേര് ബ്രയാന. പരിചയമുള്ള ഒരു സ്ത്രീക്ക് വേണ്ടി കുറച്ച് നേരത്തേക്ക് കുട്ടികളെ നോക്കാൻ ഏറ്റതാണ് ബ്രയാന. അങ്ങനെ ഡേകെയറിൽ പോയി വീട്ടിലെ ഏറ്റവും ഇളയ കുട്ടിയെ കൂട്ടി കുട്ടിയുടെ വീട്ടിലെത്തി. എന്നാൽ, ബ്രയാനയ്ക്ക് കുട്ടി മാറിപ്പോയി. കൂട്ടിയിട്ട് വന്നത് ആ വീട്ടിലെ കുട്ടി ആയിരുന്നില്ല. @briannadunkinfunk എന്ന യൂസർ നെയിമിലാണ് ബ്രയാന തന്റെ അനുഭവം പങ്ക് വച്ചിരിക്കുന്നത്. 

ബ്രയാനയ്ക്ക് കുട്ടിയെ അറിയുമായിരുന്നില്ല. അവൾ നഴ്സറിയിൽ പോയി കുട്ടിയുടെ പേര് പറഞ്ഞു. അവർ കുട്ടിയെ ബ്രയാനയുടെ കൂടെ അയക്കുകയും ചെയ്തു. ശേഷം കുട്ടിയെയും കൊണ്ട് 20 മിനിറ്റ് ഡ്രൈവ് ചെയ്ത് ആ വീട്ടിലെത്തി കുട്ടിക്ക് നൽകാനുള്ള സ്നാക്സും തയ്യാറാക്കി. അപ്പോഴാണ് ആ വീട്ടിലെ മൂത്ത കുട്ടികൾ വീട്ടിലെത്തിയത്. അവരാണ് അയ്യോ ഇത് നമ്മുടെ ഇളയ സഹോദരി അല്ല എന്ന് പറയുന്നത്. 

ഫോൺ നോക്കിയപ്പോൾ സുഹൃത്തിന്റെ ഒരുപാട് മെസ്സേജും ഉണ്ടായിരുന്നുവത്രെ. തെറ്റായ കുട്ടിയെ കൂട്ടിയാണ് ബ്രയാന വീട്ടിലെത്തിയിരിക്കുന്നത് എന്ന് സുഹൃത്ത് മെസേജയച്ചപ്പോഴാണ് ബ്രയാന അത് അറിയുന്നത്. അപ്പോഴേക്കും പൊലീസിൽ നിന്ന് പോലും ബ്രയാനയ്ക്ക് വിളി വന്നിരുന്നു. ബ്രയാനയെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തു. തെറ്റായ കുട്ടിയെ കൂടെ അയച്ചതിന് ഡേകെയറാവട്ടെ തങ്ങളുടെ ചില ജീവനക്കാരെ പിരിച്ച് വിടുക പോലും ചെയ്തിരുന്നു അപ്പോഴേക്കും. രണ്ട് കുട്ടികളുടേയും പേര് ഒന്നായിരുന്നു. അങ്ങനെയാണത്രെ കുട്ടിയെ അന്വേഷിച്ചപ്പോൾ ഡേകെയർ ജീവനക്കാർ തെറ്റായ കുട്ടിയെ ബ്രയാനയുടെ കൂടെ അയച്ചത്. 

ഏതായാലും അന്നത്തെ ആ സംഭവം ബ്രയാനയ്ക്ക് ഇന്നും പേടിസ്വപ്നമാണ്. ബ്രയാനയുടെ പോസ്റ്റ് വൈറലായി. ഒരുപാട് പേരാണ് അതിന് കമന്റുകളിട്ടത്. ഇത് ഒട്ടും തമാശ അല്ലെന്നും കുട്ടികളുടെ സുരക്ഷിതത്വത്തെ പോലും ബാധിക്കുന്ന സംഭവമാണ് എന്നും കമന്റുകൾ നൽകിയവരും ഉണ്ട്. 

click me!