
പ്രസവാവധി, ആർത്തവാവധി എന്നിവയൊക്കെ മിക്കവാറും കമ്പനികൾ സ്ത്രീകൾക്ക് അനുവദിച്ച് നൽകിയിട്ടുള്ളതാണ്. അത് ആരുടേയും ഔദാര്യമല്ല, മറിച്ച് അവരുടെ അവകാശം തന്നെയാണ്. എന്നാൽ, മിക്കവാറും കമ്പനികളിൽ നിന്നും അത്തരം അവധികളെടുക്കുന്ന സ്ത്രീകളോട് അസഹിഷ്ണുത കാണിക്കുന്ന അവസ്ഥകൾ ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ ഗൂഗിളിൽ 12 വർഷത്തോളം ജോലി നോക്കിയിരുന്ന ഒരു സ്ത്രീ പ്രസവാവധി എടുത്തതിന്റെ പേരിൽ തനിക്ക് തന്റെ ജോലി നഷ്ടപ്പെട്ടു എന്ന് വെളിപ്പെടുത്തുകയാണ്.
അവരുടെ അനുഭവം വെളിപ്പെടുത്തിയതിന് പിന്നാലെ നിരവധി സ്ത്രീകളാണ് പ്രസവത്തിന് ശേഷം കമ്പനിയിൽ എത്തിയപ്പോൾ ജോലി നഷ്ടപ്പെട്ടു എന്ന സമാനമായ അനുഭവം പങ്കുവച്ചത്. നിക്കോൾ ഫോളി എന്ന യുവതിയാണ് സുന്ദർ പിച്ചെ നയിക്കുന്ന കമ്പനിയിൽ 12.5 വർഷം ജോലി ചെയ്തിരുന്ന ആളാണ് താൻ എന്നും എന്നാൽ 10 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ പരിചരിക്കാൻ വേണ്ടി പ്രസവാവധിയെടുത്ത് തിരികെ വന്നപ്പോൾ ജോലി നഷ്ടപ്പെട്ടു എന്നും വിവരിച്ചിരിക്കുന്നത്.
10 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ നോക്കാൻ വേണ്ടി അവധിയെടുത്തതിന്റെ പേരിലാണ് തനിക്ക് ഗൂഗിളിലെ ജോലി നഷ്ടപ്പെട്ടത്. ആ വിവരം അറിഞ്ഞപ്പോൾ തന്റെ ഹൃദയം തകർന്നുപോയി. എന്നാലും, ഗൂഗിളിനോടും അവിടെ വച്ച് താൻ കണ്ടുമുട്ടിയ സുഹൃത്തുക്കളെന്നും കുടുംബമെന്നും വിളിക്കാവുന്ന തന്റെ സഹപ്രവർത്തകരോടും താൻ നന്ദിയുള്ളവളായിരിക്കും എന്നാണ് നിക്കോൾ ഫോളി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഫോളിയുടെ ഈ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്.
ഒപ്പം തന്നെ പുതിയ ജോലി തനിക്ക് ആവശ്യമാണ് എന്നും എല്ലാം നേരെയാവും അതിന് വേണ്ടി കാത്തിരിക്കുകയാണ് എന്നും ഫോളി വെളിപ്പെടുത്തി. സ്റ്റാഫിംഗ് മാനേജരോ പ്രോഗ്രാം മാനേജരോ ആയിട്ടുള്ള ജോലിയാണ് തനിക്ക് ആവശ്യമെന്നും അവർ പറയുന്നു. അതേ സമയം നിരവധിപ്പേരാണ് ഫോളിയുടെ പോസ്റ്റിന് കീഴിൽ ഇത് അവരുടെ മാത്രം അനുഭവമല്ല എന്ന് പറഞ്ഞിരിക്കുന്നത്.