നിറതോക്കുമായി തട്ടുപൊളിപ്പന്‍ നൃത്തം, വെടിവെപ്പ്, വനിതാ പഞ്ചായത്ത് അധ്യക്ഷ കുടുങ്ങി

Published : Nov 18, 2022, 08:16 PM IST
നിറതോക്കുമായി തട്ടുപൊളിപ്പന്‍ നൃത്തം, വെടിവെപ്പ്,  വനിതാ പഞ്ചായത്ത് അധ്യക്ഷ കുടുങ്ങി

Synopsis

ആള്‍ക്കൂട്ടത്തിനു നടുവില്‍ നൃത്തം ചെയ്യുകയും ആകാശത്തേക്ക് വെടിവെക്കുകയും ചെയ്ത സംഭവത്തിലാണ് വനിതാ പഞ്ചായത്ത് അധ്യക്ഷയ്ക്ക് പണികിട്ടിയത്.

നിറതോക്കുമായാണ് ആ വനിതാ പഞ്ചായത്ത് അധ്യക്ഷ ആഘോഷസ്ഥലത്തേക്ക് വന്നത്. അവിടെ വേറെയും സ്ത്രീകളുണ്ടായിരുന്നു. പ്രശസ്തമായ ഒരു പഞ്ചാബി ഗാനത്തിനൊത്ത് സ്ത്രീകള്‍ക്കൊപ്പം ചുവടുവെച്ച പഞ്ചായത്ത് പ്രസിഡന്റ് നൃത്തത്തിനിടെ കൈത്തോക്ക് ആകാശത്തേക്ക് ഉയര്‍ത്തി. നൃത്തച്ചുവടുകള്‍ക്കൊപ്പം, താളം തെറ്റാതെ അവര്‍ ആകാശത്തേക്ക് നിറയൊഴിക്കുകയും ചെയ്തു. ഇതെല്ലാം തമാശ മട്ടിലാണ് അവര്‍ ചെയ്തത്. എന്നാല്‍, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെ കളി കാര്യമായി. 

ആള്‍ക്കൂട്ടത്തിനു നടുവില്‍ നൃത്തം ചെയ്യുകയും ആകാശത്തേക്ക് വെടിവെക്കുകയും ചെയ്ത സംഭവത്തിലാണ് വനിതാ പഞ്ചായത്ത് അധ്യക്ഷയ്ക്ക് പണികിട്ടിയത്. ഹരിയാനയിലെ സിര്‍സ ജില്ലയിലാണ് പരസ്യമായി കൈത്തോക്കുയര്‍ത്തി ആകാശത്തേക്ക് വെടിവെച്ച് നൃത്തം ചെയ്ത വനിതാ സര്‍പഞ്ചിന് എതിരെ പൊലീസ് കേസ് എടുത്തത്. നൃത്താഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് പഞ്ചായത്ത് അധ്യക്ഷയ്ക്ക് എതിരെ വിമര്‍ശനമുയര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് പൊലീസ് കേസ് എടുത്തതെന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി െഎ റിപ്പോര്‍ട്ട് ചെയ്തു. 

ദര്‍ബ കലാന്‍ പഞ്ചായത്ത് പ്രസിഡന്റായ സന്തോഷ് ബെനിവാലാണ് മറ്റ് സ്ത്രീകള്‍ക്കൊപ്പം പരസ്യമായി നൃത്തം ചെയ്യുകയും അതിനിടയില്‍ വെടിയുതിര്‍ക്കുകയും ചെയ്തത്. പിങ്ക് നിറത്തിലുള്ള സാരിയണിഞ്ഞ് ആഘോഷത്തിന് എത്തിയ സന്തോഷ് ബെനിവാല്‍, കൈയിലുണ്ടായിരുന്ന നിറതോക്ക് മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ച് നൃത്തം ചെയ്യുകയും അതിനിടയില്‍ മുകളിലേക്ക് വെടിവെക്കുകയും ചെയ്യുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയായില്‍ കാണാം. കഴിഞ്ഞ ആഴ്ചയാണ് ഇവര്‍ സര്‍പഞ്ചായി തെരഞ്ഞെടുക്കപ്പെട്ടത്. 

വീഡിയോ ചര്‍ച്ചയായ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും നാതുസാരി ചോപ്ത പൊലീസ് സ്ബ് ഇന്‍സ്‌പെക്ടര്‍ പിടിഐയോട് പറഞ്ഞു. 
 

PREV
Read more Articles on
click me!

Recommended Stories

ഇങ്ങനെയുള്ള മാനേജറൊക്കെ ഈ ലോകത്തുണ്ടോ, ഭാഗ്യം വേണം; വൈറലായി പോസ്റ്റ്, കമന്‍റുകളുമായി നെറ്റിസണ്‍സ്
50 വർഷങ്ങൾക്കുശേഷം ആ സുന്ദരിയെ കണ്ടെത്തി, ബാങ്ക് നോട്ടിലെ പെൺകുട്ടി, രാജ്യം മുഴുവനും അറിയപ്പെട്ടിരുന്നവള്‍, എവിടെയായിരുന്നു?