കാലങ്ങളായി തുടർന്നുപോരുന്ന ചില ഓഫീസ് കൾച്ചറിനോട് ഗുഡ്‌ബൈ പറയുകയാണ് ഇന്ത്യയിലെ ജെൻ സി. ഒരു നിശ്ചിത ഡെസ്കോ നിശ്ചിത സമയമോ ഇല്ലാത്ത 'നോ-കോളർ' ലൈഫ് സ്റ്റൈലിലേക്കാണ് ജെൻ സി പ്രൊഫഷണലുകൾ ചുവടുമാറ്റുന്നത്. വെറുമൊരു വരുമാന മാർഗം എന്നതിലുപരി വ്യക്തിസ്വാതന്ത്ര്യത്തിനും ഫ്ലെക്സിബിലിറ്റിക്കും പ്രാധാന്യം നൽകുന്നതാണ് ഈ മാറ്റമെന്നാണ് റിപ്പോർട്ട്.

രാവിലെ ഒൻപത് മണിക്ക് പഞ്ചിംഗ്, വൈകുന്നേരം അഞ്ച് മണിക്ക് വീട്ടിലേക്ക്, കാലങ്ങളായി തുടർന്നുപോരുന്ന ഈ ഓഫീസ് കൾച്ചറിനോട് ഗുഡ്‌ബൈ പറയുകയാണ് ഇന്ത്യയിലെ പുതിയ തലമുറ. ഇന്ത്യയിലെ യുവതലമുറയ്ക്കിടയിൽ പരമ്പരാഗതമായ ജോലികളോടുള്ള താല്പര്യം അതിവേഗം കുറയുകയാണെന്നാണ് റിപ്പോർട്ട്. ഒരു നിശ്ചിത സമയക്രമമോ ദീർഘകാല കരാറുകളോ ഇല്ലാത്ത, കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന 'ഫ്രീലാൻസ്' പ്രോജക്റ്റുകളോടും ഒന്നിലധികം വരുമാന മാർഗങ്ങളോടും ഇവർക്ക് താല്പര്യം കൂടുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻപ് ഒരു 'സൈഡ് ഹസിൽ' ആയി കണ്ടിരുന്ന ഗിഗ് വർക്കുകൾ ഇന്ന് പലരുടെയും പ്രധാന കരിയറായി മാറുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗിഗ് ഇക്കണോമിയിലെ കുതിച്ചുചാട്ടം

ഇന്ത്യയിലെ ഗിഗ് ഇക്കണോമി (Gig Economy) അഥവാ താൽക്കാലിക പ്രോജക്റ്റുകളെ അടിസ്ഥാനമാക്കിയുള്ള തൊഴിൽ മേഖല അതിവേഗം വളരുകയാണ്. നീതി ആയോഗിന്റെ റിപ്പോർട്ട് പ്രകാരം, 2020–21 കാലയളവിൽ ഇന്ത്യയിൽ ഏകദേശം 7.7 മില്യൺ ഗിഗ് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. എന്നാൽ 2029–30 ആകുമ്പോഴേക്കും ഇത് 23.5 മില്യണായി ഉയരുമെന്നാണ് പ്രവചനം. ഐടി മേഖല മുതൽ മറ്റ് പ്രൊഫഷണൽ രംഗങ്ങളിൽ വരെ ഇന്ന് പ്രോജക്റ്റ് ബേസ്ഡ് ജോലികൾക്ക് വലിയ ഡിമാൻഡുണ്ട്. ഏത് കമ്പനിയിൽ ചേരണം? എന്നതിനേക്കാൾ അടുത്തത് ഏത് പ്രോജക്റ്റ് ഏറ്റെടുക്കണം? എന്നാണ് ഇന്നത്തെ തലമുറ ചിന്തിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നത്. ജോലിയിലെ സുരക്ഷിതത്വത്തേക്കാൾ, സ്വന്തം കഴിവിനെ നിരന്തരം മിനുക്കിയെടുക്കുന്നതിലാണ് ഇവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡിജിറ്റൽ യുഗത്തിലെ അറിവും എവിടെയിരുന്നും ജോലി ചെയ്യാനുള്ള സൗകര്യവും ഈ മാറ്റത്തെ വേഗത്തിലാക്കി.

ഫ്ലെക്സിബിലിറ്റിയാണ് താരം

ഡെലോയിറ്റ് (Deloitte) നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് ശമ്പളത്തേക്കാളും വർക്ക്-ലൈഫ് ബാലൻസിനും മാനസികാരോഗ്യത്തിനുമാണ് പുതിയ തലമുറ പ്രാധാന്യം നൽകുന്നത് എന്നാണ്. അതുകൊണ്ട് തന്നെ 'റിമോട്ട്', 'ഹൈബ്രിഡ്' ജോലി രീതികളോട് ഇവർക്ക് വലിയ താല്പര്യമുണ്ട്. ഒരു സ്ഥാപനത്തിൽ പതിറ്റാണ്ടുകളോളം തുടരുക എന്ന പഴയ രീതിക്ക് പകരം, സ്വന്തം മൂല്യങ്ങളുമായി യോജിക്കുന്ന ഇടങ്ങളിലേക്ക് ഇവർ വേഗത്തിൽ മാറുന്നു. ജോലി സ്ഥിരത എന്നതിനേക്കാൾ എപ്പോൾ വേണമെങ്കിലും മാറാനുള്ള സ്വാതന്ത്ര്യത്തിനാണ് ഇവർ വില നൽകുന്നത്.

ഡിഗ്രിയേക്കാൾ പ്രധാനം സ്കില്ലുകൾ

ഇന്ത്യ സ്കിൽസ് റിപ്പോർട്ട് 2026 പ്രകാരം, ബിരുദങ്ങളെക്കാൾ പ്രായോഗികമായ കഴിവുകൾക്കാണ് ഇന്ന് തൊഴിൽ വിപണി പ്രാധാന്യം നൽകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ പുതിയ മേഖലകളിൽ പ്രായോഗികമായ അറിവ് നേടി സ്വതന്ത്രമായി ജോലി ചെയ്യാനാണ് ഇവർ ഇഷ്ടപ്പെടുന്നത്. ഇന്ന് ഒരു യുവ പ്രൊഫഷണൽ ഒരേസമയം ഫ്രീലാൻസിംഗും കണ്ടന്റ് ക്രിയേഷനും ഷോർട്ട് ടേം അസൈൻമെന്റുകളും ഏറ്റെടുക്കുന്നു. ഒരു കരിയർ പാതയിലൂടെ മാത്രം സഞ്ചരിക്കുന്നതിന് പകരം പല അവസരങ്ങളെ കോർത്തിണക്കിയുള്ള ഒരു 'പോർട്ട്ഫോളിയോ' ആണ് ഇവർ നിർമ്മിക്കുന്നതെന്നാണ് റിപ്പോർട്ട്.

ജോലിയിലെ ലക്ഷ്യം ശമ്പളം മാത്രമല്ല

ജോലി തിരഞ്ഞെടുക്കുമ്പോൾ ഉയർന്ന ശമ്പളം മാത്രം നോക്കുന്ന കാലം കഴിഞ്ഞു. ചെയ്യുന്ന ജോലിക്ക് എന്ത് അർത്ഥമുണ്ട് എന്നതും വ്യക്തിപരമായ വളർച്ചയ്ക്ക് എത്രത്തോളം സാധ്യതയുണ്ട് എന്നതും ജെൻ സി പ്രൊഫഷണലുകൾ ഗൗരവമായി കാണുന്നു. ശമ്പളത്തോടൊപ്പം തന്നെ ചെയ്യുന്ന ജോലിക്ക് എത്രത്തോളം പ്രാധാന്യമുണ്ട് എന്നതും ഇവരുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെ പരമ്പരാഗത കോർപ്പറേറ്റ് കമ്പനികളേക്കാൾ സ്റ്റാർട്ടപ്പുകളോടും പുതിയ ആശയങ്ങൾ പങ്കുവെക്കുന്ന ഫ്ലെക്സിബിൾ സ്ഥാപനങ്ങളോടും ഇവർക്ക് താല്പര്യം കൂടുതലാണ്.

ചുരുക്കത്തിൽ, ഇന്ത്യയിലെ തൊഴിൽ സംസ്കാരം ഒരു വലിയ പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുകയാണ്. 9-ടു-5 ജോലികൾ അപ്രത്യക്ഷമാകുന്നില്ലെങ്കിലും, അതൊരു നിർബന്ധിത ലക്ഷ്യമല്ലെന്ന് ഈ മാറ്റം തെളിയിക്കുന്നു. വ്യക്തിഗതമായ താല്പര്യങ്ങൾക്കും കഴിവിനും സ്വാതന്ത്ര്യത്തിനും പ്രാധാന്യം നൽകുന്ന ഈ 'നോ-കോളർ' സംസ്കാരം വരുംകാലത്ത് തൊഴിൽ വിപണിയെ പൂർണ്ണമായും മാറ്റിമറിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.