
ഷാലിമാർ ബാഗിൽ നിന്ന് റിഥാലയിലേക്കുള്ള ദില്ലി മെട്രോ യാത്രയ്ക്കിടെയുണ്ടായ ദുരനുഭവം പങ്കുവച്ച യുവതിയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറൽ. യാത്രയ്ക്കിടെ സഹയാത്രികന്‍ തൻറെ ദേഹത്ത് സ്പർശിച്ചതിനെ കുറിച്ചാണ് യുവതി തന്‍റെ റെഡ്ഡിറ്റ് അക്കൗണ്ടിൽ എഴുതിയത്. ആ ദുരനുഭവം തന്നെ ഭയപ്പെടുത്തുന്നെന്നും യുവതി കുറിച്ചു. ഇത്തരം പെരുമാറ്റങ്ങൾ നേരിടുമ്പോൾ പ്രതികരിക്കാതിരിക്കുന്നതാണ് മറ്റുള്ളവരോട് നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ ചതിയെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കൾ പ്രതികരിച്ചത്.
'പുരുഷന്മാർ കൂടുതൽ ഭയചകിതരാകുന്ന കാലത്തിനൊപ്പം ഇനി ഒരിക്കലും മെട്രോ ഉപയോഗിക്കില്ല' എന്ന കുറിപ്പോടൊയാണ് ദില്ലി മെട്രോയിലെ സ്ഥിരം യാത്രക്കാരിയായ യുവതി തന്‍റെ എഴുത്ത് ആരംഭിക്കുന്നത്. കഴിഞ്ഞ എട്ടാം തിയതി വൈകീട്ട് 9 മണിയോടെ ഷാലിമാർ ബാഗിൽ നിന്ന് റിഥാലയിലേക്കുള്ള വഴി സുഭാഷിലെത്തിയപ്പോൾ 40 -45 വയസുള്ള ഒരു അമ്മാവന്‍ കയറി. അയാൾ സ്ത്രീകൾക്ക് മാത്രമായി റിസർവ് ചെയ്ത സീറ്റിൽ ഇരുന്നു. ആദ്യം താനത് ശ്രദ്ധിച്ചില്ലെന്ന് യുവതി എഴുതുന്നു. എന്നാല്‍, പിന്നീട് ഇടത് കീശയില്‍ നിന്നും ഫോണ്‍ എടുത്തപ്പോൾ അയാൾ തന്നെ സ്പര്‍ശിച്ചു. അതൊരു സ്വാഭാവികമായ പ്രവര്‍ത്തിയായി തോന്നി. കാരണം അയാൾ അല്പം തടിച്ച ഒരാളായിരുന്നെന്നും യുവതി എഴുതുന്നു.
പക്ഷേ പിന്നീടുള്ള അയാളുടെ പ്രവര്‍ത്തികൾ കരുതിക്കൂട്ടിയുള്ളതാണെന്ന് തനിക്ക് തോന്നിയെന്ന് യുവതി എഴുതുന്നു. സ്ലീവ് ലസ് ഷർട്ട് ധരിച്ച തന്നെ അയാൾ ഇടയ്ക്കിടെ കൈമുട്ട് വച്ച് സ്പർശിക്കാന്‍ ശ്രമിച്ചു. ശല്യമായപ്പോൾ അല്പം മുന്നോട്ട് നീങ്ങിയിരുന്നു. പക്ഷേ ഈ സമയം അയാൾ തന്നെ ചുമലില്‍ കൈ മുട്ട് വച്ചു. കൈ മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോൾ തന്‍റെ തോളില്‍ തട്ടി ക്ഷമ പറഞ്ഞു. അല്പ നിമിഷത്തിന് ശേഷം അയാൾ ഒരു കൈ തന്‍റെ തുടയിൽ വയ്ക്കുകയും മറുകൈകൊണ്ട് തന്‍റെ കവിളിൽ പിടിച്ചെന്നും പിന്നാലെ പിതാംപുര സ്റ്റേഷനില്‍ ഇറങ്ങിപ്പോയെന്നും യുവതി എഴുതി. അയാൾ തന്‍റെ ശരീരത്തില്‍ എത്ര നേരം സ്പര്‍ശിച്ചുവെന്നും യുവതി കുറിച്ചു. എന്നാല്‍, അത്തരമൊരു സംഭവത്തില്‍ തനിക്ക് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. ആരോടും ഒന്നു പറയാനും തോന്നിയില്ല. പക്ഷേ ആ അനുഭവം തന്നെ വല്ലാതെ അസ്വസ്ഥമാക്കിയെന്നും അത് പ്രതീക്ഷിച്ചതിലും ബുദ്ധിമുട്ടായ ഒന്നായിരുന്നെന്നും എഴുതിയ യുവതി ഈ ആഘാതത്തെ എങ്ങനെ മറികടക്കാമെന്ന് സമൂഹ മാധ്യമത്തിലൂടെ സഹായം തേടി.
കുറിപ്പിന് താഴെ നിരവധി പേരാണ് നിങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എഴുതിയത്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ അത് മനസില്‍ കൊണ്ട് നടന്ന് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കാതെ എത്രയും പെട്ടെന്ന് ബന്ധപ്പെട്ട അധികാരികളെ അറയിക്കണമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. മറ്റ് ചിലര്‍ കുരുമുളക് സ്പ്രേ പോലുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളെ കുറിച്ച് ഉപദേശിച്ചു. മറ്റ് ചിലര്‍ സീറ്റ് മാറി ഇരിക്കുകയോ സമീപത്ത് മറ്റാരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ അടുത്തേക്ക് നീങ്ങുകയോ ചെയ്യാമായിരുന്നെന്ന് ഉപദേശിച്ചു.