
ഭര്‍ത്താവിന്‍റെ ദീർഘായുസിനും ക്ഷേമത്തിനും വേണ്ടി ഹിന്ദു സ്ത്രീകൾ പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ സ്ത്രീകൾ ആചരിക്കുന്ന ഒരു വ്രതമാണ് കർവാ ചൗത്ത്. ഉത്തർപ്രദേശ്, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒരു പ്രധാനപ്പെട്ട ആഘോഷം കൂടിയാണ് ഓക്ടോബർ 9, 10 ദിവസങ്ങളിൽ നടക്കുന്ന ഈ ആഘോഷം. വ്രതം നോറ്റ സ്ത്രീകൾ രാത്രിയില്‍ ചന്ദ്രനെ അരിപ്പയിലൂടെ നോക്കുന്നതും ഈ ആഘോഷത്തിന്‍റെ ഭാഗമാണ്. എന്നാല്‍ ഉത്തർ പ്രദേശിലെ ഷാജഹാന്‍പൂരിൽ 10 മാസങ്ങൾക്ക് മുമ്പ് വിവാഹം കഴിച്ച ബാബ്ലിക്ക് തന്‍റെ വിവാഹ ശേഷമുള്ള ആദ്യ കർവാ ചൗത്ത് ആഘോഷം ദുഖപൂര്‍ണ്ണായി.
10 മാസം മുമ്പാണ് ബാബ്ലി എന്ന ഇരുപത്തിയഞ്ചുകാരി ധരംപാലിനെ വിവാഹം കഴിച്ചത്. തന്‍റെ വിവാഹ ശേഷമുള്ള ആദ്യ കർവാ ചൗത്ത് ആഘോഷത്തിന് ബാബ്ലി ഭര്‍ത്താവിനോട് പുതിയ സാരി വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ആഘോഷ ദിവസമായിട്ടും ഭര്‍ത്താവ് സാരി വാങ്ങിത്തരത്തതിനെ തുടർന്ന് ബാബ്ലി ഭര്‍ത്തൃവീട്ടില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ബാബ്ലിയുടെ പെട്ടെന്നുള്ള മരണം അയൽവാസികളെയും ബന്ധുക്കളെയും ഒരുപോലെ ഞെട്ടിച്ചു. അതും വിവാഹം കഴിഞ്ഞ ആദ്യ കർവാ ചൗത്ത് ആഘോഷത്തിനിടെ നവവധു ആത്മഹത്യ ചെയ്ത സംഭവം ഗ്രാമത്തെ ആകെ അമ്പരപ്പിച്ചു.
സംഭവം അറിഞ്ഞ് പോലീസും ഗ്രാമത്തിലെത്തി. പോലീസിന്‍റെ പ്രാഥമീകാന്വേഷണത്തില്‍ ബാബ്ലി തീര്‍ത്തും അസ്വസ്ഥയായിരുന്നെന്ന് കണ്ടെത്തി. ഭര്‍ത്താവുമൊത്ത് തലേ ദിവസം രാത്രി സാരിയെ ചൊല്ലി വീട്ടില്‍ തര്‍ക്കം നടന്നിരുന്നെന്നും ഭര്‍ത്താവിന്‍റെ ദീർഘായുസിനും ക്ഷേമത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്കായി പുതിയ സാരി വാങ്ങിത്തരണമെന്ന് ബാബ്ലി ധരംപാലിനോട് ആവശ്യപ്പെട്ടിരുന്നെന്നും പോലീസ് പറയുന്നു. എന്നാല്‍ നവവധുവിന് പുതിയ സാരി വാങ്ങി നല്‍കാന്‍ ധരംപാല്‍ തയ്യാറായില്ല. ഇതിന് പിന്നാലെ ബാബ്ലി വീട്ടിൽ ആത്മഹത്യ ചെയ്യുകയായിരുന്നെന്നും പോലീസ് കൂട്ടിച്ചേര്‍ക്കുന്നു.