
വളർത്തുമൃഗങ്ങളായ നായയ്ക്കും പൂച്ചയ്ക്കും ഒക്കെ വളരെ അധികം പ്രാധാന്യം കൊടുക്കുന്ന അനേകം പേർ ഇന്നുണ്ട്. വളരെ രാജകീയ ജീവിതമാണ് അതുവഴി ഈ വളർത്തു മൃഗങ്ങൾക്ക് കിട്ടുന്നത്. ഇവിടെ അതുപോലെ ഒരു സ്ത്രീ കിടന്നുറങ്ങുന്നത് വീട്ടിലെ സ്പെയർ റൂമിലാണ്. കാരണം എന്താണ് എന്നല്ലേ? അപ്പോൾ അവളുടെ വീട്ടിലെ പെറ്റ് ആയ ബുൾഡോഗിന് അവളുടെ ഭർത്താവിന്റെ കൂടെ കിടന്നുറങ്ങാമല്ലോ എന്ന് കരുതിയാണത്രെ അത്.
ഡെന്നിസ് എന്നാണ് നാല് വയസുള്ള ബുൾഡോഗിന്റെ പേര്. വളരെ രാജകീയമാണ് അവന്റെ ജീവിതം. ഭക്ഷണം വരെ ഫോർക്കിലാണ് കൊടുക്കുന്നത്. ദമ്പതികളായ സാം ഗ്രാന്റ്, ക്രെയിഗ് ഗ്രാന്റ് എന്നിവരാണ് നായയുടെ ഉടമകൾ. സാം പറയുന്നു, 'ക്രെയിഗിന് അവനെ വളരെ ഇഷ്ടമാണ്. ശരിക്കും അത് ക്രെയിഗിന്റെ നായയാണ്. ഞാൻ മറ്റൊരു മുറിയിൽ കിടന്നാൽ അവനെപ്പോഴും നായയെ കൂടി ഒപ്പം കിടത്താമല്ലോ. അതിനാലാണ് ഞാൻ മറ്റൊരു മുറിയിൽ ഉറങ്ങുന്നത്. അത് വളരെ ലവ്‍ലി ആണ്'.
വിൽറ്റ്ഷയറിൽ നിന്നുള്ള ദമ്പതികൾ നായയെ സ്വന്തം കുട്ടിയെ പോലെ തന്നെയാണ് കാണുന്നത്. 30, 28 -ഉം വയസുള്ള രണ്ട് മക്കളും അവരുടെ അടുത്ത് നിന്നും മാറിത്താമസിക്കാൻ തുടങ്ങിയ ശേഷം അവർക്കുള്ള കൂട്ടും ഡെന്നിസ് ആണ്. അവനെ അവർ അന്ന് മുതൽ സ്വന്തം കുഞ്ഞിനെ പോലെ പരിപാലിക്കുകയാണ്.
ഒരു മനുഷ്യന് നൽകുന്നത് പോലെ തന്നെ ഞായറാഴ്ചയൊക്കെ ഡെന്നിസിന് പ്രത്യേകം ഭക്ഷണം ഒക്കെയാണ്. 'അവൻ എപ്പോഴും ടേബിളിലാണ് ഇരിക്കുന്നത്. അവന് അവന്റേതായ സീറ്റുണ്ട് എങ്കിലും കുഞ്ഞായിരിക്കുമ്പോൾ തൊട്ട് ടേബിളിലാണ് ഇരിക്കുന്നത്. അത് ശീലമായി. ദിവസത്തിൽ ഒന്നോ രണ്ടോ തവണ നമ്മൾ മൂവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്' എന്ന് സാം പറയുന്നു.
അവന് രാവിലെ ടോസ്റ്റും ബട്ടറും നൽകും. അതുപോലെ മീനും മുട്ടയും സോസേജും എല്ലാം ഇഷ്ടമാണ്. സാമും ക്രെയ്ഗും എന്താണോ കഴിക്കുന്നത് അതെല്ലാം അവനും നൽകും. ആദ്യമൊക്കെ അതിഥികൾ വരുമ്പോൾ നായയും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതും മറ്റും അവർക്ക് വളരെ അരോചകമായി തോന്നിയിരുന്നു. എന്നാൽ, ഇപ്പോൾ എല്ലാവരും അത് അംഗീകരിക്കുന്നു എന്നും ദമ്പതികൾ പറയുന്നു.