നാടും വീടും ഇല്ലാതായി, 18 വർഷം ജീവിച്ചത് എയർപോർട്ടിൽ, ഒടുവിൽ അതേ എയർപോർട്ടിൽ മരണവും

By Web TeamFirst Published Nov 13, 2022, 1:15 PM IST
Highlights

കരിമിയുടെ അമ്മ ബ്രിട്ടീഷും അച്ഛൻ ഇറാനിയനും ആയിരുന്നു. അന്ന് ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഇറാന്റെ ഭാഗമായ സോലൈമാനിലാണ് കരിമി ജനിച്ചത്.

ടോം ഹാങ്ക്സ് അഭിനയിച്ച സിനിമയാണ് 'ദ ടെർമിനൽ'. ഈ ചിത്രത്തിന് പ്രചോദനമായത് ഒരു ഇറാനിയൻ മനുഷ്യന്റെ ജീവിതമാണ്. നീണ്ട 18 വർഷക്കാലം എയർപോർട്ടിൽ ജീവിച്ച മനുഷ്യൻ, പേര് മെഹ്‌റാൻ കരിമി നാസിരി. അദ്ദേഹം ഇപ്പോൾ ഇത്രയും വർഷം ജീവിച്ച അതേ എയർപോർട്ടിൽ മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. വർഷങ്ങളോളം ഫ്രഞ്ച് തലസ്ഥാനത്ത് ചെലവഴിച്ച ശേഷം അടുത്തിടെയാണ് അദ്ദേഹം പാരീസിലെ ചാൾസ് ഡി ​ഗലേ വിമാനത്താവളത്തിൽ തിരികെ എത്തിയത്. അവിടെ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 

നിയമപരമായ തർക്കം മൂലം 1988 -ലാണ് കരിമി വിമാനത്താവളത്തിൽ താമസിക്കാൻ നിർബന്ധിതനായത്. എന്നാൽ, അദ്ദേഹം പിന്നീട് സ്വന്തം ഇഷ്ടപ്രകാരം അവിടെ തന്നെ തുടരുകയായിരുന്നു. 2006 -ൽ കരിമി അവിടം വിട്ടതാണ് എങ്കിലും ഇപ്പോൾ അതേ വിമാനത്താവളത്തിൽ ടെർമിനൽ 2F -ൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. മെഡിക്കൽ സംഘം പരിശോധിച്ചു എങ്കിലും അതൊന്നും സഹായിച്ചില്ല എന്നും കരിമി അവിടെ വച്ച് തന്നെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു എന്നും എയർപോർട്ട് അധികൃതർ പറഞ്ഞു. 

1945 -ലാണ് കരിമി ജനിച്ചത് എന്ന് കരുതുന്നു. എന്നാൽ, ആദ്യമായി പാരീസിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ കൈവശം ആവശ്യമായ ചില രേഖകൾ ഇല്ലായിരുന്നു. അതുകാരണം എവിടേക്കും പോകാനും കരിമിക്ക് കഴിഞ്ഞില്ല. ഇതേ തുടർന്നാണ് അവിടെയുള്ളൊരു ചുവന്ന പ്ലാസ്റ്റിക് ബെഞ്ചിൽ കരിമി കിടക്കാൻ തുടങ്ങുന്നത്. അധികം വൈകാതെ എയർപോർ‌ട്ടിലെ ജോലിക്കാരുമായി അദ്ദേഹം സൗഹൃദത്തിലായി. അവിടെ താമസിക്കുന്ന കാലം ജോലിക്കാർക്കുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുകയും മാ​ഗസിനുകൾ വായിച്ച് സമയം ചെലവഴിക്കുകയും ഒരു ഡയറി കരുതുകയും ചെയ്തു കരിമി. ഈ ജീവിതമാണ് 2004 -ൽ 'ദ ടെർമിനൽ' എന്ന സിനിമയായി മാറിയത്. 

കരിമിയുടെ അമ്മ ബ്രിട്ടീഷും അച്ഛൻ ഇറാനിയനും ആയിരുന്നു. അന്ന് ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഇറാന്റെ ഭാഗമായ സോലൈമാനിലാണ് കരിമി ജനിച്ചത്. 1974 -ൽ ഇംഗ്ലണ്ടിൽ പഠിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ഇറാൻ വിടുന്നത്. എന്നാൽ, മടങ്ങിയെത്തിയശേഷം ഷായ്‌ക്കെതിരെ പ്രതിഷേധിച്ചതിന് ജനിച്ച രാജ്യത്ത് നിന്ന് തന്നെ പുറത്താക്കിയെന്ന് കരിമി ആരോപിച്ചു. 

പിന്നീട് യൂറോപ്പിലുടനീളം രാഷ്ട്രീയാഭയാർത്ഥിയാവാനുള്ള അപേക്ഷ നൽകി. യുഎൻ ഹൈക്കമ്മീഷണർ ഫോർ റെഫ്യൂജീസ് ഇൻ ബെൽജിയം തനിക്ക് അഭയാർത്ഥി യോ​ഗ്യതാപത്രങ്ങൾ നൽകിയെങ്കിലും ആ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബ്രീഫ്കേസ് പാരീസ് റെയിൽവേ സ്റ്റേഷനിൽ വച്ച് മോഷ്ടിക്കപ്പെട്ടതായി കരിമി പറഞ്ഞു. വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന് അഭയാർത്ഥി രേഖകൾ ലഭിച്ചു. എന്നാൽ, അപ്പോഴേക്കും കരിമി വിമാനത്താവളം വീടാക്കി മാറ്റിയിരുന്നു. അങ്ങനെ രേഖകളിൽ ഒപ്പിടാൻ വിസമ്മതിച്ച അദ്ദേഹം 2006 -ൽ അസുഖബാധിതനാവുന്നത് വരെ അവിടെ തുടർന്നു. അടുത്തിടെയാണ് വീണ്ടും അദ്ദേഹം അവിടെ തിരികെ എത്തുന്നത്.

സ്റ്റീവൻ സ്പിൽബർ​ഗ്സ് പ്രൊഡക്ഷൻ കമ്പനി, 'ദി ടെർമിനൽ' നിർമ്മിക്കുന്നതിന് മുമ്പ് തന്നെ കരിമിക്ക് അദ്ദേഹത്തിന്റെ ജീവിതകഥയുടെ സിനിമയാക്കുന്നതിനുള്ള അവകാശത്തിന് വേണ്ടി £210,000 നൽകിയതായി കിംവദന്തികൾ ഉണ്ടായിരുന്നു.

click me!