എട്ടാഴ്ചക്കാലം യുവതി കഴിഞ്ഞത് മൃതദേഹത്തിൽ നിന്നും വെറും മൂന്നടി ദൂരത്തിൽ!

By Web TeamFirst Published Oct 18, 2021, 3:04 PM IST
Highlights

പൊലീസ് എത്തി അതേ നിലയിൽ അടഞ്ഞു കിടന്നിരുന്ന ഒരു അപാർട്മെന്റ് തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചു. പൊലീസുകാർ പൂട്ട് പൊളിച്ചു വാതിൽ തുറന്നതും അതിനകത്ത് നിന്ന് നൂറുകണക്കിന് ഈച്ചകൾ കൂട്ടത്തോടെ വെളിയിലേക്ക് പറന്നു.  

നമ്മൾ പലപ്പോഴും രസിച്ചിരുന്ന് പ്രേതസിനിമകൾ(horror films) കാണാറുണ്ട്. പ്രേതസിനിമകൾ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. എന്നാൽ, ജീവിതം തന്നെ ഒരു ഹൊറർ സിനിമയാണെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ലോസ് ഏഞ്ചൽസ് നിവാസിയായ റീഗൻ ബെയ്‌ലിയെ(Reagan Baylee) സംബന്ധിച്ചിടത്തോളം, ഒരു എട്ടാഴ്ച കാലം അങ്ങനെയായിരുന്നു. ആ ദിവസങ്ങളത്രയും ഒരു മൃതദേഹത്തിൽ നിന്ന് മൂന്നടി ദൂരത്തിലാണ് അവൾ കിടന്നിരുന്നത്. എന്നാൽ, പിന്നീടാണ് അവൾ ആ സത്യം ഞെട്ടലോടെ മനസിലാക്കുന്നത്.    

കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഇത് നടക്കുന്നത്. പകർച്ചവ്യാധി ശരിക്കും പിടിമുറുക്കിയ സമയമായിരുന്നു അത്. യുഎസിലെ ഭൂരിഭാഗം ആളുകളും വീടുകളിൽ തന്നെ കഴിയുകയായിരുന്നു. ‌250 ചതുരശ്ര അടിയുള്ള ഒരു സ്റ്റുഡിയോ അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു റീഗൻ ബെയ്‌ലി. എന്നാൽ, ഒരു ദിവസം അവളുടെ അപ്പാർട്ട്മെന്റ് ബ്ലോക്കിന് സമീപത്ത് നിന്ന് അസഹനീയമായ ഒരു ഗന്ധം അനുവഭവപ്പെടാൻ തുടങ്ങി. ആ മണം സഹിക്കാൻ കഴിയാതെ രാത്രി മുഴുവൻ അവൾ ഉണർന്നിരുന്നു. ചിലപ്പോൾ തലവേദനയും, ഓക്കാനവും അവൾക്ക് അനുഭവപ്പെട്ടു. ആദ്യമൊക്കെ തോന്നലാണെന്ന് അവൾ കരുതി. തനിക്ക് വിഷാദരോഗമാണോ എന്ന് പോലും അവൾ സംശയിച്ചു.  

പക്ഷേ, വിചിത്രമായ ഗന്ധത്തിന് പുറമേ, തന്റെ അപ്പാർട്ട്മെന്റിൽ പ്രാണികളും ചിലന്തികളും കൂടിവരുന്നതായി അവൾ ശ്രദ്ധിച്ചു. ഇതും കൂടിയായപ്പോൾ അവൾ തന്റെ മാനേജരോട് പരാതിപ്പെട്ടു. പകർച്ചവ്യാധി കാരണം അവൾക്ക് പുറത്ത് വന്ന് പരിശോധിക്കാൻ കഴിയില്ലെന്ന് പറഞ്ഞു. ചത്ത മത്സ്യത്തിന്റെതു പോലെയായിരുന്നു ആ വാസന. അതിനാൽ പക്ഷികളെങ്ങാനും മത്സ്യത്തെ പിടിച്ച് വീടിന് സമീപം കൊണ്ടുവന്നിട്ടതാകാമെന്ന് അവൾ കരുതി. പക്ഷേ പിന്നെ ആലോചിച്ചപ്പോൾ അടുത്ത് എവിടെയും തടാകങ്ങളില്ല. ഇനി വല്ല നായയും ചത്ത് കിടക്കുന്നതാകുമോ? അവൾ ആകെ വിഷമിച്ചു.  

പക്ഷേ, എന്തോ വലിയ കുഴപ്പമുണ്ടെന്ന് അവൾക്ക് തോന്നി. ദിവസം ചെല്ലുംതോറും ഇത് വഷളായി വന്നു. എന്നാൽ, അവളുടെ മാനേജറാകട്ടെ അവൾ പറഞ്ഞത് ശ്രദ്ധിച്ചില്ല. ഒടുവിൽ അവൾ പൊലീസിനെ വിളിച്ചു. പൊലീസ് എത്തി അടുത്തുള്ള അപാർട്മെന്റ് സന്ദർശിക്കുകയും, അവിടെയൊന്നും ഒരു പ്രശ്നവുമില്ലെന്ന് കണ്ടെത്തുകയും ചെയ്തു.  എന്നാൽ ഗന്ധം അപ്പോഴും ഉണ്ടായിരുന്നു. ഒടുവിൽ അവൾ വല്ല വിധേനയും മാനേജറെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി. അയാൾ ഒരു അറ്റകുറ്റപ്പണിക്കാരനെ അയയ്ക്കാമെന്ന് സമ്മതിച്ചു, പക്ഷേ, ഗന്ധം സഹിക്കാൻ സാധിക്കാതെ അയാൾ വന്ന വഴി തിരിച്ച് പോയി. ഒടുവിൽ വീണ്ടും പൊലീസിനെ വിളിക്കാൻ അവൾ നിർബന്ധിതയായി.  

പൊലീസ് എത്തി അതേ നിലയിൽ അടഞ്ഞു കിടന്നിരുന്ന ഒരു അപാർട്മെന്റ് തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചു. പൊലീസുകാർ പൂട്ട് പൊളിച്ചു വാതിൽ തുറന്നതും അതിനകത്ത് നിന്ന് നൂറുകണക്കിന് ഈച്ചകൾ കൂട്ടത്തോടെ വെളിയിലേക്ക് പറന്നു.  അകത്ത് കടന്ന് പൊലീസുകാരിൽ പലരും  നാറ്റം സഹിക്കാൻ വയ്യാതെ ഛർദിച്ചു. നോക്കിയപ്പോൾ ഒരാളുടെ അഴുകിയ ശരീരമാണ് അവർ കണ്ടത്. ഇത്രയും മോശം അവസ്ഥയിലുള്ള ഒരു മൃതദേഹം മുൻപ് കണ്ടിട്ടില്ലെന്ന് പൊലീസ് അവളോട് പറഞ്ഞു. അപ്പോഴാണ് തന്റെ ചുവരിനപ്പുറം ഒരു അഴുകിയ മൃതദേഹം കിടന്നിരുന്നുവെന്ന വസ്തുത അവൾ മനസ്സിലാക്കിയത്. അവളുടെ ഈ ഭയപ്പെടുത്തുന്ന കഥ ടിക് ടോക്കിൽ അവൾ പങ്കുവയ്ക്കുകയും ചെയ്തു.  

click me!