പഠിച്ചത് ഡിസൈനിം​ഗ്; നിർമ്മാണ തൊഴിലാളിയായി തിളങ്ങി 31 -കാരി, നല്ല വരുമാനം നേടുന്നു എന്നും യുവതി

Published : May 17, 2023, 01:56 PM IST
പഠിച്ചത് ഡിസൈനിം​ഗ്; നിർമ്മാണ തൊഴിലാളിയായി തിളങ്ങി 31 -കാരി, നല്ല വരുമാനം നേടുന്നു എന്നും യുവതി

Synopsis

തന്റെ കൊളംബിയൻ വംശീയതയും ലിംഗ വിവേചനവും ആയിരുന്നു വലിയ വെല്ലുവിളിയായതെന്നും തുടക്കകാലത്ത് ജോലിസ്ഥലത്ത് ഒരു സ്ത്രീയായിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നു എന്നുമാണ്  കാമില പറയുന്നത്.

ജീവിക്കാൻ മാന്യമായ ഒരു തൊഴിൽ നേടുക എന്നതാണ് മുഖ്യം, അവിടെ ആൺ പെൺ വ്യത്യാസങ്ങളില്ല എന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുകയാണ് 31 കാരിയായ ഈ യുവതി. പുരുഷൻമാർക്കൊപ്പം കെട്ടിട നിർമ്മാണ മേഖലയിൽ തൊഴിൽ ചെയ്താണ് കാമില ബെർണൽ എന്ന യുവതി ഓരോ മാസവും മികച്ച വരുമാനം സ്വന്തമാകുന്നത്. ഒരു ഗ്രാഫിക് ഡിസൈനർ ആകാൻ പഠിക്കുകയും കുറച്ചുകാലം ഒരു ഹോസ്പിറ്റാലിറ്റിയിൽ ജോലി ചെയ്യുകയും ചെയ്ത കാമില ഒരു സുഹൃത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് കെട്ടിട നിർമ്മാണ മേഖലയിലേക്ക് കടന്നു വരുന്നത്. ഇപ്പോൾ താൻ ചെയ്ത എല്ലാ ജോലികളിലും ഏറെ ഇഷ്ടപ്പെടുന്നത് നിർമ്മാണ മേഖലയിലെ തൊഴിൽ ആണന്നാണ് കാമില  പറയുന്നത്.

ഓസ്‌ട്രേലിയയിലെ മെൽബണിൽ താമസിക്കുന്ന കാമില ഏഴ് വർഷം മുമ്പാണ് നിർമ്മാണ തൊഴിലാളിയായി ജോലി തുടങ്ങിയത്. എന്നും രാവിലെ 7 മണിക്ക് സൈറ്റിൽ എത്തും. 8 മണിക്കൂർ ആണ് ജോലി. സ്‌കോളിയോസിസ് എന്ന നട്ടെല്ല് രോഗബാധിതയായിട്ടും കാമിലയ്ക്ക് തന്റെ ജോലി ഏറെ ഇഷ്ടമാണ്. എന്നാൽ തന്റെ തൊഴിൽ മേഖലയിൽ താൻ ഇപ്പോഴും നേരിടുന്ന വെല്ലുവിളി തന്റെ രോഗമോ ശാരീരിക ബുദ്ധിമുട്ടുകളോ അല്ല എന്നാണ് കാമില പറയുന്നത്. മറിച്ച് നിരവധി സ്റ്റീരിയോടൈപ്പിക് അഭിപ്രായങ്ങളും വിധിന്യായങ്ങളും തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് ഒരു പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഈ 31 കാരി പറഞ്ഞത്. തന്റെ കൊളംബിയൻ വംശീയതയും ലിംഗ വിവേചനവും ആയിരുന്നു വലിയ വെല്ലുവിളിയായതെന്നും തുടക്കകാലത്ത് ജോലിസ്ഥലത്ത് ഒരു സ്ത്രീയായിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നു എന്നുമാണ്  കാമില പറയുന്നത്.

എന്നാൽ ആ വെല്ലുവിളികളെ താൻ അതിജീവിച്ചുകൊണ്ടിരിക്കുകയാണന്നും പുരുഷന്മാർക്ക് കഴിയുന്നത് പോലെ നിർമ്മാണ ജോലികൾ സ്ത്രീകൾക്കും ചെയ്യാൻ കഴിയുമെന്ന് കാണിച്ച് മറ്റ് സ്ത്രീകളെ പ്രചോദിപ്പിക്കാൻ തനിക്ക് കഴിയുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ സജീവമായ കാമിലയ്ക്ക് ആറായിരത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. കൂടാതെ തന്റെ ജോലി സ്ഥലത്തെ ചിത്രങ്ങൾ കാമില പലപ്പോഴും പോസ്റ്റ് ചെയ്യുമ്പോൾ വൻ സ്വീകാര്യതയാണ് അവയ്ക്ക് ലഭിക്കാറ്.

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?