
നിങ്ങളൊരു പ്രണയബന്ധത്തിലാണ് എങ്കിൽ ചിലപ്പോൾ നിങ്ങളും പങ്കാളിയും കൂടി മാച്ചിംഗ് ടാറ്റൂ ചെയ്യുന്നതിനെ കുറിച്ചൊക്കെ ആലോചിച്ചിരിക്കും അല്ലേ? എന്നാൽ, ചതിച്ചിട്ട് പോയ പങ്കാളിയുടെ മുഖം ടാറ്റൂ ചെയ്യുന്ന ആരെങ്കിലും കാണുമോ? അതും മുഖത്ത് വലുതായി? ഇവിടെ ഒരു യുവതി അക്ഷരാർത്ഥത്തിൽ അത് തന്നെയാണ് ചെയ്തത്.
നരേലി നജം എന്ന യുവതിയാണ് തന്റെ പങ്കാളിയുടെ മുഖം തന്റെ മുഖത്ത് വലുതായി ടാറ്റൂ ചെയ്തത്. തന്റെ ബന്ധത്തെ കുറിച്ച് എന്നും സോഷ്യൽ മീഡിയയിൽ വിവരങ്ങൾ പങ്ക് വയ്ക്കാറുണ്ട് നരേലി. അടുത്തിടെയാണ് അവർക്ക് ഒരു മകൻ പിറന്നത്. കിംഗ് എന്നാണ് അവന്റെ പേര്. അതിനിടയിൽ പങ്കാളി അവളെ വഞ്ചിക്കുകയാണ് എന്നും അയാൾക്ക് മറ്റൊരു ബന്ധമുണ്ട് എന്നും നരേലി മനസിലാക്കി. അവളാകെ തകർന്നു പോയി. താൻ മകനെ ഗർഭം ധരിച്ചിരുന്ന കാലത്തെല്ലാം പങ്കാളി തന്നെ ചതിക്കുകയായിരുന്നു എന്ന് നരേലി പറയുന്നു.
'തങ്ങൾ ഒരു വീട് വാങ്ങി, ഒരു മകൻ ജനിച്ചു, എല്ലാം നന്നായി പോവുകയായിരുന്നു. ഒരു കുടുംബം തുടങ്ങുകയാണ് എന്നാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ, ആ സമയത്താണ് ചതിയെ കുറിച്ച് അറിയുന്നത്' എന്നാണ് നരേലി പറയുന്നത്. എന്നാൽ, അവളുടെ പങ്കാളി പറയുന്നത്, 'കുട്ടി ജനിച്ച ശേഷം ഞാൻ ചതിക്കുകയാണ് എന്ന് അവൾക്ക് മനസിലായി. എന്നാൽ, ഇനിയത് ഉണ്ടാകില്ല എന്ന് ഞാൻ പറഞ്ഞതാണ്. എന്താണ് അവൾക്കും എനിക്കും ഇടയിൽ സംഭവിക്കുന്നത് എന്ന് അറിയില്ല. എന്തായാലും അവൾക്ക് കുഴപ്പമൊന്നുമില്ല' എന്നും പങ്കാളിയായ ലോറ പറയുന്നു.
ഏതായാലും നരേലി കരുതുന്നതും തന്റെ പങ്കാളി തിരികെ വരണം എന്ന് തന്നെയാണ്. തിരികെ എത്തിയ ശേഷം തങ്ങൾക്ക് നല്ലൊരു കുടുംബജീവിതവുമായി മുന്നോട്ട് പോകാം എന്ന് അവൾ പ്രതീക്ഷിക്കുന്നു. 'തന്റെ ടാറ്റൂ കണ്ട് എല്ലാവർക്കും അസൂയ ആയിരിക്കാം. താൻ പങ്കാളിയുടെ മുഖം ടാറ്റൂ ചെയ്തു, അവൻ ചതിച്ചെങ്കിൽ പോലും' എന്നാണ് ടിക്ടോക്കിൽ അവൾ തന്റെ ചിത്രത്തിന് കാപ്ഷൻ നൽകിയിരിക്കുന്നത്.
എന്നാൽ, ടിക്ടോക്കിൽ നരേലിയുടെ ടാറ്റൂ കണ്ട പലരും അവളെ വിമർശിച്ചു. ഒരിക്കൽ പ്രായമാവുമെന്നും അപ്പോൾ ഈ ചെയ്തതിനെ കുറിച്ചോർത്ത് പശ്ചാത്തപിക്കും എന്നും പലരും കുറിച്ചു. എന്നാൽ, മറ്റ് ചിലർ അത് പെർമനന്റ് ആയിരിക്കില്ല എന്നും പെട്ടെന്ന് തന്നെ മാഞ്ഞുപോവുമായിരിക്കും എന്നുമാണ് പറഞ്ഞത്. ചിലരെല്ലാം അവളോട് എന്തായാലും ഇത്രയൊക്കെ സംഭവിച്ചു, സന്തോഷമായിട്ടിരിക്കൂ അതിന് വേണ്ടി പ്രാർത്ഥിക്കുന്നു എന്നാണ് പറഞ്ഞത്.