ഫ്ലാറ്റിൽ നിന്നും നോട്ടുമഴ, പണം വലിച്ചെറിഞ്ഞ് യുവതി, വാരിക്കൂട്ടാൻ തിക്കും തിരക്കും

Published : Apr 18, 2026, 10:50 AM IST
money

Synopsis

അപാര്‍ട്മെന്‍റില്‍ നിന്നും പണം വലിച്ചെറിഞ്ഞ് യുവതി. താഴെ വാരിക്കൂട്ടാന്‍ ആളുകളുടെ തിക്കും തിരക്കും. ഒടുവില്‍ പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി. സംഭവം നടന്നത് ചൈനയില്‍. 

നമ്മൾ നടന്നു പോകുമ്പോൾ ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും നിറയെ നോട്ടുകൾ താഴേക്ക് വീണാൽ എന്താവും അവസ്ഥ? അതുപോലെ ഒരു സംഭവമാണ് ചൈനയിൽ നടന്നത്. ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലുള്ള ശാന്തൗവിലാണ് കഴിഞ്ഞ വെള്ളിയാഴ്ച ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. ഒരു ഫ്ലാറ്റിന്റെ മുകളിൽ നിന്നും ഒരു യുവതി പണം താഴേക്ക് വലിച്ചെറിയുകയായിരുന്നു. ഇതോടെ പ്രദേശത്ത് ആകെ തിക്കും തിരക്കുമായി.

ലോങ്‌ഹു ജില്ലയിലെ സ്റ്റാർ ലേക്ക് സിറ്റി റെസിഡൻഷ്യൽ കോംപ്ലക്സിൽ നിന്നായിരുന്നു യുവതി പണം വലിച്ചെറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ ഏകദേശം 9 മണിക്കായിരുന്നു സംഭവം. 1,000 ഹോങ്കോങ് ഡോളർ നോട്ടുകളാണ് യുവതി ബാൽക്കണിയിലൂടെ താഴേക്ക് വാരിയെറിഞ്ഞത്. കെട്ടിടത്തിന് മുകളിൽനിന്ന് പണം മഴപോലെ താഴേക്ക് വീണതോടെ വഴിയാത്രക്കാർ അത് കൈക്കലാക്കാൻ വേണ്ടി ഓടിക്കൂടി, അതോടെ സ്ഥലത്ത് തിക്കും തിരക്കുമായി. ചിലർക്ക് കുറേയേറെ പണം ലഭിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ഭാര്യയും ഭർത്താവും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് ദേഷ്യത്തിൽ യുവതി പണം പുറത്തേക്ക് എറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.

എന്തായാലും, വിവരമറിഞ്ഞ് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. എറിഞ്ഞ നോട്ടുകൾ ഒറിജിനൽ തന്നെയാണെന്ന് ഫ്ലാറ്റ് മാനേജ്‌മെന്റും സ്ഥിരീകരിച്ചിട്ടുണ്ട്. 'പണം ലഭിച്ചവരോട് അത് തിരികെ നൽകാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ലഭിച്ച നോട്ടുകൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ മാനേജ്‌മെന്റ് ഓഫീസിലോ ഏൽപ്പിക്കണം' എന്ന് അധികൃതർ വ്യക്തമാക്കി. ചില താമസക്കാർ ഇതിനോടകം തന്നെ തങ്ങൾക്ക് കിട്ടിയ പണം തിരികെ നൽകിയിട്ടുണ്ടത്രെ. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് ഉടൻ പുറത്തിറങ്ങുമെന്ന് പ്രാദേശിക ഭരണകൂടവും അറിയിച്ചു. എന്തായാലും, ചൈനയിലെ സോഷ്യൽ മീഡിയയിൽ അടക്കം സംഭവം വലിയ ചർച്ചയായിരിക്കയാണ്.

PREV
Read more Articles on
click me!

Recommended Stories

ബ്ലാക്ക് ഹെഡ്സ് മാറ്റാം; ഇതാ 7 ലളിതമായ വഴികൾ
വേനൽക്കാലത്ത് ചർമ്മ സംരക്ഷണത്തിൽ വരുത്തേണ്ട പ്രധാന മാറ്റങ്ങൾ