
കഴിഞ്ഞ മാസം യുഎസ് സംസ്ഥാനമായ ടെക്സാസിൽ നിന്നും 53 വയസുള്ള ഇന്ത്യൻ വംശജയായ മീനു ബത്രയെ യുഎസ് എമിഗ്രേഷൻ വകുപ്പ് അറസ്റ്റ് ചെയ്തു. മാർച്ച് 17 -ന് ജോലിക്കായി മിൽവാക്കിയിലേക്കുള്ള യാത്രയ്ക്കിടെ ഹാർലിംഗൻ അന്താരാഷ്ട്രാ വിമാനത്താവളത്തിൽ വച്ചാണ് മീനു ബത്രയെ ഐഇസി സംഘം അറസ്റ്റ് ചെയ്തത്. മീനു ബത്രയുടെ മകന്‍ യുഎസ് സൈന്യത്തിലാണ് ജോലി ചെയ്യുന്നത്. എന്നിട്ടും 24 മണിക്കൂറോളം ഭക്ഷണം പോലും തരാതെ തന്നോട് കുറ്റവാളിയെ പോലെ പെരുമാറിയെന്ന് മീനു മാധ്യമങ്ങളോട് പറഞ്ഞു.
മീനു ബത്രയെ ഇത്രയും ദിവസമായിട്ടും ഐസിഇ മോചിപ്പിച്ചിട്ടില്ല. അവരിപ്പോഴും റെയ്മണ്ട്‌വില്ലയിലെ എൽ വാലെ ഡിറ്റൻഷൻ സെന്‍ററിലാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം താൻ സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ പോലും ദിവസങ്ങളോളം തരാൻ ഐഇസി തയ്യാറായില്ലെന്നും മീനു ആരോപിച്ചു. തന്‍റെ കൈകൾ ബന്ധിച്ച നിലയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ഉദ്യോഗസ്ഥർ തന്നെ നിർബന്ധിച്ചെന്നും മീനു ദി ഗാർഡിയനോട് പറഞ്ഞു. സുരക്ഷാ നടപടികൾ പൂർത്തിയായതിന് ശേഷം സാധാരണ വേഷത്തിലെത്തിയ ഐഇസി ഏജന്‍റുമാർ തന്നെ തടഞ്ഞു. അവർ ബാഡ്ജ് കാണിച്ചില്ലെന്നും തന്‍റെ ഇമിഗ്രേഷൻ നിലയെ കുറിച്ച് ചോദ്യങ്ങൾ ചോദിച്ചെന്നും മീനു കൂട്ടിച്ചേർത്തു.
തന്നെ നാടുകടത്താൻ ഉത്തരവുണ്ടെന്ന് അവർ അറിയിച്ചു. എന്നാൽ 2000 മുതൽ തനിക്ക് സാധുവായ ജോലി അംഗീകാരമുണ്ടെന്ന് മീന ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാൽ, എല്ലാക്കാലവും ഇവിടെ തുടരാൻ കഴിയും എന്ന് അതിന് അർത്ഥമില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ചോദ്യം ചെയ്യലിന് ശേഷം തന്‍റെ കൈകൾ പിന്നിൽ കെട്ടി ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ഉദ്യോഗസ്ഥർ നിർബന്ധിച്ചു. ആ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാനാണെന്നാണ് അവർ തന്നോട് പറഞ്ഞതെന്നും മീനു ഗാർഡിയനോട് പറഞ്ഞു. തന്നെ അപമാനിക്കാൻ ഒരു കുറ്റവാളിയോട് എന്ന തരത്തിലാണ് അവർ പെരുമാറിയതെന്നും മീനു കൂട്ടിച്ചേർത്തു. തടവിൽ കഴിയവേ തനിക്ക് ശ്വാസകോശ സംബന്ധമായ അണുബാധ ബാധിച്ച് ശബ്ദം നഷ്ടപ്പെട്ടെന്നും അവർ പറയുന്നു.
1980-കളിൽ ഇന്ത്യയിലെ സിഖ് വിരുദ്ധ അക്രമത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മീനു ബത്ര യുഎസിലേക്ക് പലായനം ചെയ്തത്. 35 വർഷത്തിലേറെയായി യുഎസിൽ താമസിക്കുന്ന ഇവർ. ടെക്സസിലെ ഹിന്ദി , പഞ്ചാബി, ഉറുദു ഭാഷകൾക്കുള്ള ഏക ലൈസൻസുള്ള കോടതി ജീവനക്കാരിയാണ്. ഏതാണ്ട് ഇരുപത് വർഷമായി ഇമിഗ്രേഷൻ കോടതികളിലാണ് മീനു ബത്ര ജോലി ചെയ്യുന്നത്. അവരുടെ നിയമപരമായ പദവി ഇന്ത്യയിലേക്ക് നാടുകടത്തുന്നതിന് തടസ്സമാണെന്നും അവരെ മൂന്നാം രാജ്യത്തേക്ക് നാടുകടത്താൻ കഴിയില്ലെന്നും അവരുടെ അഭിഭാഷകൻ ദീപക് അലുവാലിയ പറഞ്ഞു. അതേസമയം മീനുവിനെ ഏങ്ങോട്ട് നാടുകടത്തുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.