
കടുത്ത വയറ് വേദന കാരണം ആശുപത്രിയിലെത്തിയ ഒരു ചൈനീസ് യുവതി ഒരു മണിക്കൂറിന് ശേഷം പ്രസവിച്ചെന്ന് റിപ്പോര്‍ട്ട്. പ്രസവത്തിന് വെറും ഒരു മണിക്കൂർ മുമ്പാണ് ഇവര്‍ താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതെന്നും വിയോന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമിതമായി ഭക്ഷണം കഴിച്ചതിനാല്‍ കടുത്ത വയറ് വേദനയാണെന്നായിരുന്നു യുവതി ഡോക്ടറോടും പറഞ്ഞിരുന്നത്. എന്നാല്‍, ഡോക്ടര്‍മാരുടെ പരിശോധനയിൽ യുവതി അനുഭവിക്കുന്നത് സാധാരണ വയറ് വേദനയല്ലെന്നും മറിച്ച് പ്രസവ വേദനയാണെന്നും കണ്ടെത്തുകയായിരുന്നു.
ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ യുവതി അമ്പരന്ന് പോയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഒരു മണിക്കൂറിനുള്ളില്‍ അവര്‍ ആരോഗ്യവാനായ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നും റിപ്പോർട്ടില്‍ പറയുന്നു. അതേസമയം ഗർഭധാരണവുമായി ബന്ധപ്പെട്ട സാധാരണ ലക്ഷണങ്ങൾ ഒന്നും തനിക്ക് അനുഭവപ്പെട്ടിട്ടില്ലെന്നാണ് യുവതി ഡോക്ടർമാരെ അറിയിച്ചത്. തനിക്ക് ആർത്തവം നഷ്ടപ്പെട്ടെന്നും അവര്‍ പറഞ്ഞു.
ഹുബെയ് പ്രവിശ്യയിലെ എഷൗ സ്വദേശിനിയായ ലി എന്ന് പേരുള്ള യുവതി ജൂൺ 16 നാണ് പ്രസവിച്ചതെന്ന് ജിമു ന്യൂസ് റിപ്പോർട്ട് ചെയ്തു. ലി ഉച്ചഭക്ഷണം കഴിച്ചപ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങി. അമിതമായി ഭക്ഷണം കഴിച്ചത് കാരണമെന്ന് തെറ്റദ്ധരിച്ച് അവര്‍, കുറച്ച് നേരം കാത്തിരുന്നെങ്കിലും വേദന മാറിയില്ല. ഇതിന് പിന്നാലെയാണ് ഇവര്‍ സ്വയം ഇലക്ട്രിക് ബൈക്കോടിച്ച് ആശുപത്രിയിലെത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ആശുപത്രിയിലെത്തിയ ലി, 3:22 ന് ഒരു ആൺകുഞ്ഞിന് ജന്മം നൽകി.
ക്രമരഹിതമായ ആര്‍ത്തവമായിരുന്നതിനാല്‍ അത് ശ്രദ്ധിച്ചിരുന്നില്ല. അതേസമയം തനിക്ക് ഒരിക്കല്‍ പോലും ഛർദ്ദിയോ മറ്റ് ഗർഭകാല ലക്ഷണങ്ങളോ അനുഭവപ്പെട്ടില്ല. ആദ്യ ഗര്‍ഭകാലത്ത് ഉണ്ടായത് പോലുള്ള മോണിംഗ് സിക്നെസ് പോലുള്ള പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഗര്‍ഭിണിയാണെന്ന് കരുതിയിരുന്നില്ലെന്നും ലീ ഡോക്ടര്‍മാരോട് പറഞ്ഞു. മാത്രമല്ല, ഗര്‍ഭകാലം മുഴുവനും ഇലക്ട്രിക് ബൈക്ക് ഓടിച്ചിട്ടും കുഞ്ഞ് ആരോഗ്യവാനായിരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ലി കൂട്ടിച്ചേർത്തു. ലീയ്ക്കും ഭര്‍ത്താവിനും ആറ് വയസുള്ള ഒരു മകനുണ്ട്.