സ്ത്രീ കൊടുംമഞ്ഞിൽ കുടുങ്ങിയത് ആറുദിവസം, അതിജീവിച്ചത് യോ​ഗർട്ടും മഞ്ഞും കഴിച്ച്...

Published : Apr 25, 2022, 03:43 PM IST
സ്ത്രീ കൊടുംമഞ്ഞിൽ കുടുങ്ങിയത് ആറുദിവസം, അതിജീവിച്ചത് യോ​ഗർട്ടും മഞ്ഞും കഴിച്ച്...

Synopsis

ആദ്യമായിട്ടാണ് അവർ ഈ സ്ഥലത്തേയ്ക്ക് എത്തുന്നത്. സ്ഥലം അവർക്ക് അത്ര പരിചിതമായിരുന്നില്ല. അതിനാൽ ഷീന ഉണ്ടായിരുന്ന സ്ഥലത്തെ കുറിച്ച് കൃത്യമായ വിശദാശംങ്ങൾ നല്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. 

കാലിഫോർണിയ(California)യിൽ കൊടുംമഞ്ഞിൽ ആറു ദിവസം കുടുങ്ങിപ്പോയ 52 -കാരിയായ സ്ത്രീ ഒടുവിൽ അത്ഭുതകരമായി രക്ഷപ്പെട്ടു. ഷീന ഗുല്ലറ്റ്(Sheena Gullett) എന്ന സ്ത്രീയാണ് ആറുദിവസം കാറിനകത്ത് തന്നെ കുടുങ്ങിപ്പോയത്. ജലാംശം നിലനിർത്താൻ മഞ്ഞ് കഴിച്ചും, കയ്യിലുണ്ടായിരുന്ന യോഗർട്ട് കഴിച്ചും അവൾ അതിജീവിച്ചു. ഏപ്രിൽ 14 -ന് വടക്കൻ കാലിഫോർണിയയിലെ ലിറ്റിൽ വാലിക്ക് സമീപമാണ് സംഭവം ഉണ്ടായത്. അതിന് സമീപമുള്ള മൺവഴിയിലൂടെ വാഹനമോടിക്കുകയായിരുന്നു ഷീന. അവൾക്കൊപ്പം 48 -കാരനായ സുഹൃത്ത് ജസ്റ്റിൻ ഹോണിച്ചുമുണ്ടായിരുന്നു. എന്നാൽ, വഴിയിൽ ഒരു ഹിമപാതത്തിൽ അവരുടെ കാർ കുരുങ്ങി. മുന്നോട്ട് പോകാനാവാതെ ആ കൊടും തണുപ്പിൽ അവർ നിന്ന് പോയി.  

രാത്രി കാറിൽ തന്നെ ചെലവഴിച്ച അവർ അടുത്ത ദിവസം രാവിലെ നോക്കിയപ്പോൾ കാറിന്റെ ബാറ്ററി പ്രവർത്തനരഹിതമായതായി കണ്ടു. അതോടെ അവിടെ നിന്ന് രക്ഷപ്പെടാൻ ഇരുവരും തീരുമാനിച്ചു. ഹൈവേ 44 -ലേക്ക് തിരികെ നടക്കാനായിരുന്നു അവരുടെ പദ്ധതി. എന്നാൽ, ഇടയിൽ വച്ച് ഷീനയുടെ ബൂട്ട് പൊട്ടി, അവൾക്ക് നടക്കാൻ കഴിയാതെയായി. അധികം വൈകാതെ ഇരുവരും രണ്ട് സ്ഥലത്തായി. ലോണിച്ച് ഷീനയെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും കനത്ത മഞ്ഞുവീഴ്ച കാരണം അദ്ദേഹത്തിന് അധികം ദൂരം പോകാൻ സാധിച്ചില്ല. ഷീന തിരികെ വാഹനത്തിൽ എത്തിയിരുന്നു അപ്പോഴേക്കും. ഒടുവിൽ വീണ്ടും അദ്ദേഹം തന്റെ യാത്ര പുനഃരാരംഭിച്ചു. തണുപ്പിൽ നിന്ന് രക്ഷനേടാൻ തീകൂട്ടി ആ രാത്രി അദ്ദേഹം കഴിച്ചുകൂടി. അടുത്ത ദിവസം, ഹോണിച്ച് ഒരു ചരൽ റോഡിൽ എത്തിയെങ്കിലും ആരെയും കാണാൻ സാധിച്ചില്ല. ആ രാത്രി വീണ്ടും ആളൊഴിഞ്ഞ ആ വിജനമായ പ്രദേശത്ത് അദ്ദേഹം അന്തിയുറങ്ങി. ഒടുവിൽ മൂന്നാമത്തെ ദിവസം ഹോണിച്ച് ഹൈവേ 44 -ൽ എത്തി. അവിടെ ഒരു വാഹനത്തിന് കൈകാണിച്ച് അതിൽ കയറി അദ്ദേഹം സൂസൻവിൽ നഗരത്തിൽ എത്തി. അവിടെ നിന്ന് അദ്ദേഹം നേരെ പൊലീസ് സ്റ്റേഷനിൽ എത്തി വിവരങ്ങൾ പറഞ്ഞു. ഷീന അവിടെ തന്നെ അകപ്പെട്ട് കിടക്കുകയായിരിക്കുമെന്ന് അദ്ദേഹം അധികൃതരോട് പറഞ്ഞു.

ആദ്യമായിട്ടാണ് അവർ ഈ സ്ഥലത്തേയ്ക്ക് എത്തുന്നത്. സ്ഥലം അവർക്ക് അത്ര പരിചിതമായിരുന്നില്ല. അതിനാൽ ഷീന ഉണ്ടായിരുന്ന സ്ഥലത്തെ കുറിച്ച് കൃത്യമായ വിശദാശംങ്ങൾ നല്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഷെരീഫിന്റെ ഓഫീസ് പറയുന്നതനുസരിച്ച്, ഹോണിച്ച് റിപ്പോർട്ട് നൽകിയ ഉടൻ, ഡിപ്പാർട്ട്‌മെന്റ് അംഗങ്ങളും ഫോറസ്റ്റ് ജീവനക്കാരും കാലിഫോർണിയ ഹൈവേ പട്രോളും ചേർന്ന് കാണാതായ സ്ത്രീക്കായി തിരച്ചിൽ ആരംഭിച്ചു. പക്ഷേ, മോശം കാലാവസ്ഥ തിരച്ചിൽ വീണ്ടും ദുഷ്‌കരമാക്കി, അങ്ങനെ ആറ് ദിവസത്തിനൊടുവിലാണ് ഷീനയെ കണ്ടെത്തുന്നത്.  അവളുടെ കൈവശം ഉണ്ടായിരുന്ന ആറ് പാക്കറ്റ് യോഗർട്ടിൽ നിന്ന് ഓരോ ദിവസം ഓരോന്ന് വച്ച് അവൾ കഴിച്ചു. വെള്ളമില്ലാത്തതിനാൽ മഞ്ഞും കഴിച്ചും അവൾ അതിജീവിച്ചുവെന്ന് പൊലീസ് അറിയിച്ചു.

PREV
click me!

Recommended Stories

ഇൻഷുറൻസ് തുക തട്ടാൻ വൻ നാടകം, കാമുകിയെ കാറിടിപ്പിച്ചു, ഒടുവിൽ എല്ലാം പൊളിഞ്ഞു
രണ്ടേരണ്ട് സെക്കന്റ് വീഡിയോയിൽ വൈറലായ 'ബന്ദാന ​ഗേൾ', കിട്ടിയ പണത്തിൽ ഭൂരിഭാ​ഗം ദാനം ചെയ്തു, വീണ്ടും വൈറൽ