ട്രേ ഉപയോ​ഗിച്ച് ട്രെയിനിന്റെ ​ഗ്ലാസ് വിൻഡോയിൽ ആഞ്ഞടിച്ച് യുവതി, അരികിൽ കൊച്ചുകുഞ്ഞ്, രൂക്ഷവിമർശനം

Published : Oct 31, 2025, 04:02 PM IST
train window

Synopsis

ദേഷ്യവും നിരാശയും തോന്നിയ, അവൾ ഇരുന്നിരുന്ന എസി കോച്ചിന്റെ വിൻഡോ ഗ്ലാസ് തകർക്കുകയായിരുന്നു. യുവതി ട്രേ ഉപയോ​ഗിച്ച് ​ഗ്ലാസിൽ തുടർച്ചയായി ഇടിക്കുന്നതും അത് തകരുന്നതും വീഡിയോയിൽ കാണാം.

ട്രെയിനിലെ എസി കോച്ചിന്റെ വിൻഡോ തകർക്കാൻ ശ്രമിച്ച യുവതിക്ക് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. പഴ്സ് മോഷ്ടിക്കപ്പെട്ടതോടെയാണ് യുവതി ട്രെയിൻ വിൻഡോ തകർക്കാൻ ശ്രമിച്ചത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ട്രെയിനിലെ മറ്റൊരു യാത്രക്കാരനാണ് സംഭവത്തിന്റെ വീഡിയോ പകർത്തിയത്. പിന്നാലെ അത് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ ഷെയർ ചെയ്യുകയായിരുന്നു. വീഡിയോയിൽ വിൻഡോ തകരും വരെ ഒരു ട്രേ വച്ച് അതിൽ ഇടിക്കുന്ന യുവതിയെ കാണാം. 'ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിൽ ഒരു നാണക്കേടും തോന്നുന്നില്ല' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ റെഡ്ഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്നത്. മറ്റ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. രൂക്ഷ വിമർശനമാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ ഉയർന്നു വന്നത്.

യാത്രാമധ്യേ യുവതിക്ക് തന്റെ പഴ്‌സ് നഷ്ടപ്പെടുകയായിരുന്നു. തുടർന്ന്, റെയിൽവേ ജീവനക്കാരിൽ നിന്നും പൊലീസിൽ നിന്നും പെട്ടെന്ന് മറുപടിയോ, നടപടിയോ ഒന്നും ഉണ്ടായില്ലെന്ന് ആരോപിച്ചാണ് യുവതി അസ്വസ്ഥയായത്. ദേഷ്യവും നിരാശയും തോന്നിയ, അവൾ ഇരുന്നിരുന്ന എസി കോച്ചിന്റെ വിൻഡോ ഗ്ലാസ് തകർക്കുകയായിരുന്നു. യുവതി ട്രേ ഉപയോ​ഗിച്ച് ​ഗ്ലാസിൽ തുടർച്ചയായി ഇടിക്കുന്നതും അത് തകരുന്നതും വീഡിയോയിൽ കാണാം. യുവതിക്ക് അരികിലായി ഒരു കുഞ്ഞും ഇരിപ്പുണ്ട്. ഇതും കൂടുതൽ വിമർശനങ്ങൾക്ക് കാരണമായി.

 

 

വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു. പലരും യുവതിയെ വിമർശിച്ചു. പൊതുവസ്തുക്കൾ തകർക്കുന്നതിലൂടെയല്ല നമ്മൾ കാര്യങ്ങളെ നേരിടേണ്ടത് എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല യുവതി ചെയ്തത് എന്നും പലരും അഭിപ്രായപ്പെട്ടു. ചിലരൊക്കെ അടുത്തിരുന്ന കുഞ്ഞിനെ കുറിച്ചാണ് ആശങ്കയുന്നയിച്ചത്. ഒട്ടും സുരക്ഷിതമല്ലാത്ത കാര്യമാണ് യുവതി ചെയ്തത് എന്നായിരുന്നു അവരുടെ അഭിപ്രായം.

PREV
Read more Articles on
click me!

Recommended Stories

ഒരു മഴ പെയ്തതോടെ ചോര ചുവപ്പായി ഈ പ്രദേശം, കേൾക്കുമ്പോൾ അസാധ്യം, ഇറാനിൽ സംഭവിച്ചത് അപൂർവ്വ പ്രതിഭാസം!
കാച്ചിൽ; വലിയ മുതൽമുടക്കില്ല, വിളവും കുടുതൽ