വലിച്ചെറിയാൻ പോയ വസ്തു വജ്രം, വില 20 കോടി, ഞെട്ടിത്തരിച്ച് സ്ത്രീ!

By Web TeamFirst Published Oct 31, 2021, 12:33 PM IST
Highlights

അവർ നോർത്ത് ഷീൽഡ്‌സിലെ ഫെറ്റൺബിയുടെ ലേലക്കാരായ മാർക്ക് ലെയ്‌നിനെ സമീപിച്ചു. അത് കൂടാതെ വേറെയും ചില ആഭരണങ്ങളും അവര്‍ വില്‍ക്കാനായി കൊണ്ടുവന്നിരുന്നു. 

താൻ വലിച്ചെറിഞ്ഞ് കളയാനുദ്ദേശിച്ചിരുന്ന ഒരു വസ്തു 2 ദശലക്ഷം പൗണ്ട് (20 കോടി രൂപ) വിലമതിക്കുന്ന 32 കാരറ്റ് വജ്ര(diamond)മാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഒരു സ്ത്രീ സ്തംഭിച്ചു പോയിരിക്കുകയാണ്. യുകെ(UK)യിൽ നിന്നുള്ള, എഴുപതുകളിൽ എത്തിനില്‍ക്കുന്ന സ്ത്രീ, വർഷങ്ങൾക്ക് മുമ്പ് ഒരു കാർ-ബൂട്ട് വിൽപ്പനയിൽ വച്ച് അത് വാങ്ങിയിരുന്നതായി പറയുന്നു. എന്നാൽ, അതിന്റെ മൂല്യത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും അവർ പറയുന്നു. അതിനാല്‍ തന്നെ അതിന് വലിയ വിലയുള്ളതാണെന്ന് അവൾ അറിഞ്ഞിരുന്നേയില്ല.

പിന്നീട് ഒരു അയല്‍വാസിയുടെ ഇടപെടലിലൂടെയാണ് അത് അവര്‍ വില്‍ക്കാന്‍ തീരുമാനിക്കുന്നത്. അതിനായി അവർ നോർത്ത് ഷീൽഡ്‌സിലെ ഫെറ്റൺബിയുടെ ലേലക്കാരായ മാർക്ക് ലെയ്‌നിനെ സമീപിച്ചു. അത് കൂടാതെ വേറെയും ചില ആഭരണങ്ങളും അവര്‍ വില്‍ക്കാനായി കൊണ്ടുവന്നിരുന്നു. അപ്പോഴും തന്‍റെ കയ്യിലുള്ളത് വജ്രമാണ് എന്നോ അതിന് എത്ര മൂല്ല്യമുണ്ട് എന്നോ അവര്‍ക്ക് അറിയില്ലായിരുന്നു. 

"ഞങ്ങൾ വളരെ വലിയ ഒരു കല്ല് കണ്ടു, ഒരു പൗണ്ട് നാണയത്തേക്കാൾ വലുതായിരുന്നു അത്. അത് ഒരു CZ (ക്യൂബിക് സിർക്കോണിയ) ആണെന്ന് ഞാൻ കരുതി'' ലെയ്‍ന്‍ പറയുന്നു. "ഞാൻ ഒരു ഡയമണ്ട് ടെസ്റ്റർ മെഷീൻ ഉപയോഗിക്കുന്നതുവരെ ഇത് രണ്ടോ മൂന്നോ ദിവസം എന്റെ മേശപ്പുറത്ത് ഇരുന്നു. ബെൽജിയത്തിലെ ആന്റ്‌വെർപ്പിലെ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നതിന് മുമ്പ് ഞങ്ങൾ അത് ലണ്ടനിലെ ഞങ്ങളുടെ പങ്കാളികൾക്ക് അയച്ചു, അത് 34 കാരറ്റാണെന്ന് സ്ഥിരീകരിച്ചു" എന്നും ലെയ്‍ന്‍ പറയുന്നു. വജ്രം ഒരു £1 നാണയത്തേക്കാൾ വലുതാണ്, ബിസിനസ് നടത്തിക്കൊണ്ടിരുന്ന അഞ്ച് വർഷത്തിനിടെ താൻ കണ്ട ഏറ്റവും വലിയ വജ്രമാണിതെന്ന് ലെയ്ൻ പറഞ്ഞു. 

ഏതായാലും ഒരു മൂല്ല്യവും ഇല്ലെന്ന് കരുതിയ ഒരു വസ്തുവിന് കോടികളുടെ വിലയുണ്ടെന്നറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ഇപ്പോഴും ആ എഴുപതുകാരി. 

click me!