പുരുഷസഹായമില്ലാതെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി കാലിഫോർണിയൻ കോണ്ടോറുകൾ, അമ്പരന്ന് ഗവേഷകര്‍

By Web TeamFirst Published Oct 31, 2021, 10:02 AM IST
Highlights

യുഎസ്സിലെ തെക്കുപടിഞ്ഞാറൻ, മെക്സിക്കോ ഭാഗങ്ങളിൽ ഏകദേശം 500 കാലിഫോർണിയൻ കോണ്ടോറുകൾ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. 1980 -കളിൽ, രണ്ട് ഡസനിലധികം പക്ഷികൾ മാത്രമായിരുന്നു കാട്ടിൽ ഉണ്ടായിരുന്നത്. 

കാലിഫോർണിയൻ കോണ്ടോർ(California condor) കഴുകന്മാരെ കുറിച്ച് കേട്ടിട്ടുണ്ടോ? ഭൂമിയിൽ പണ്ടുകാലം മുതലേയുള്ള ഒരു പക്ഷി വർ​ഗമാണ് അവ. ചിറക് വിരിച്ചാൽ 10 അടിവരെ നീളം വരുന്ന അവ ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷികളിൽ ഒന്നാണ്. ഒരു കാലത്ത് വടക്കേ അമേരിക്കയിൽ ധാരാളമായി ഇത് കണ്ടു വന്നിരുന്നു. എന്നാൽ, 1970 -കളോടെ ഇവ പൂർണമായും അപ്രത്യക്ഷമായി. വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന ഈ പക്ഷിയിനം എന്നാൽ ഇപ്പോൾ പുരുഷന്റെ സഹായമില്ലാതെ കുഞ്ഞുങ്ങൾക്ക് ജന്മം നല്കിയിരിക്കയാണ്.  

രണ്ട് പെൺ കാലിഫോർണിയൻ കോണ്ടോറുകൾ പുരുഷ ജനിതക ഡിഎൻഎ ഇല്ലാതെ മുട്ടയിട്ടതായി യുഎസ് വന്യജീവി ഗവേഷകർ കണ്ടെത്തി. കോണ്ടോറുകൾക്ക് ദിവ്യജനനത്തിന് കഴിവുണ്ടെന്ന കണ്ടെത്തൽ ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തി. ഈ പ്രക്രിയയെ അവർ വിളിക്കുന്നത് ഔപചാരികമായി പാർഥെനോജെനിസിസ്(parthenogenesis) അല്ലെങ്കിൽ അസെക്ഷ്വൽ റീപ്രൊഡക്ഷൻ(asexual reproduction) എന്നാണ്. പലപ്പോഴും നമ്മൾ പ്രയോഗിക്കുന്ന ഒരു വാക്കാണ് ദിവ്യഗർഭമെന്നത്. എന്നാൽ, ഇവയുടെ കാര്യത്തിൽ അത് അക്ഷരംപ്രതി ശരിയാണ്. പല്ലികൾ, പാമ്പുകൾ, സ്രാവുകൾ, മറ്റ് മത്സ്യങ്ങൾ എന്നിവയിലും ഇത്തരം ജനനം രേഖപ്പെടുത്തിയിട്ടുണ്ട്.

യുഎസ്സിലെ തെക്കുപടിഞ്ഞാറൻ, മെക്സിക്കോ ഭാഗങ്ങളിൽ ഏകദേശം 500 കാലിഫോർണിയൻ കോണ്ടോറുകൾ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. 1980 -കളിൽ, രണ്ട് ഡസനിലധികം പക്ഷികൾ മാത്രമായിരുന്നു കാട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ, സംരക്ഷണ ശ്രമങ്ങൾ സമീപ വർഷങ്ങളിൽ അവയുടെ എണ്ണം വർദ്ധിപ്പിച്ചു. സാൻ ഡീഗോ സൂ വൈൽഡ് ലൈഫ് അലയൻസിൽ നിന്നുള്ള ഗവേഷക സംഘം നടത്തിയ പഠനം അമേരിക്കൻ ജനറ്റിക് അസോസിയേഷന്റെ ജേണൽ ഓഫ് ഹെറിഡിറ്റിയിൽ ഈ ആഴ്ച പ്രസിദ്ധീകരിച്ചു.

2001-ലും 2009 -ലും വിരിഞ്ഞ രണ്ട് ആൺകുഞ്ഞുങ്ങൾക്ക് അവരുടെ അമ്മമാരുടെ ഡിഎൻഎയുമായി ബന്ധമുണ്ടെന്നും, എന്നാൽ ഒരാണിന്റെ ഡിഎൻഎ പാരമ്പര്യമായി ലഭിച്ചിട്ടില്ലെന്നും അവർ കണ്ടെത്തി. കൂട്ടിലടച്ച പക്ഷികളുടെ പതിവ് ജനിതക പരിശോധനകൾ വഴിയാണ് ഇത് കണ്ടുപിടിച്ചത്.  പ്രജനന പദ്ധതിയിലുള്ള എല്ലാ 467 ആൺ കോണ്ടോറുകളെയും പരിശോധിച്ചു. ഈ കേസിനെ കൂടുതൽ അപൂർവമാക്കുന്നത്, പ്രജനനത്തിനായി പുരുഷന്മാർ ഉണ്ടായിട്ടും, പെൺപക്ഷി ആദ്യമായി പുരുഷസഹായമില്ലാതെ മുട്ടയിട്ടു എന്നാണ്.  

ഇത് വളരെ അപൂർവമായ ഒരു സംഭവമാണ്. ഒരു സ്ത്രീയിലെ ഒരു കോശം ബീജത്തെപ്പോലെ പെരുമാറുകയും അണ്ഡവുമായി സംയോജിക്കുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് സാധാരണഗതിയിൽ പുരുഷന്മാർ കുറവുള്ളതോ പ്രജനനം നടത്താത്തതോ ആയ മൃഗങ്ങളിലാണ് സംഭവിക്കുന്നത്. "ഇത് ശരിക്കും ഒരു അത്ഭുതകരമായ കണ്ടെത്തലാണ്" സാൻ ഡിയാഗോ സൂ വൈൽഡ് ലൈഫ് അലയൻസിലെ കൺസർവേഷൻ ജനറ്റിക്സ് ഡയറക്ടറും, പഠനത്തിന്റെ സഹ-രചയിതാവുമായ ഒലിവർ റൈഡർ പ്രസ്താവനയിൽ പറഞ്ഞു.

എന്നാൽ, ഈ രീതിയിൽ വിരിഞ്ഞ രണ്ട് കുഞ്ഞുങ്ങളും മരിച്ചു. ഒന്ന് 2003 -ൽ രണ്ട് വയസ്സിലും മറ്റൊന്ന് 2017 -ൽ ഏഴ് വയസ്സിലുമാണ് മരിച്ചത്. അതുപോലെ മുട്ട വിരിയിച്ച രണ്ട് പെൺ കോണ്ടോറുകൾക്കും മുമ്പ് പരമ്പരാഗത രീതിയിൽ കുഞ്ഞുങ്ങൾ ജനിച്ചിരുന്നു. ഒരാൾക്ക് 11 കുഞ്ഞുങ്ങളുണ്ടായപ്പോൾ, 20 വർഷമായി ഒരു ഇണയെ മാത്രം കൊണ്ടുനടന്ന മറ്റേ കഴുകന് 23 കുഞ്ഞുങ്ങളുണ്ടായിരുന്നു.  

click me!