
പീഡനശ്രമം എതിർത്ത യുവതിയെ ഓടുന്ന ഗുഡ്സ് ട്രെയിനിൽ മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ താനെ ദിവ റെയിൽവേ സ്റ്റേഷനിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. 39 കാരനായ രാജൻ സിംഗ് എന്ന പ്രതിയെ അറസ്റ്റ് ചെയ്തെന്ന് താനെ റെയിൽവേ പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
റെയിൽവേ സ്റ്റേഷനിലെ 5, 6 പ്ലാറ്റ്ഫോമിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പ്ലാറ്റ്ഫോമിൽ നിന്ന് നിലവിളി കേട്ടതിനെ തുടർന്ന്, മറ്റൊരു പ്ലാറ്റ്ഫോമിൽ ജോലി ചെയ്തുകൊണ്ടിരുന്ന ശുചീകരണ തൊഴിലാളികളാണ് സംഭവം ആദ്യം കണ്ടത്. ഒരു സ്ത്രീയും പുരുഷനും തമ്മിൽ വാക്കേറ്റത്തിൽ ഏർപ്പെടുന്നതും തുടർന്ന് പുരുഷൻ സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതുമാണ് ശുചീകരണ തൊഴിലാളികൾ കണ്ടത്.
പുരുഷൻറെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സ്ത്രീ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു എന്നാണ് തൊഴിലാളികൾ പിന്നീട് പോലീസിനോട് പറഞ്ഞത്. എന്നാൽ, തങ്ങൾക്ക് ഇടപെടാൻ കഴിയുന്നതിന് മുൻപേ അയാൾ ആ സ്ത്രീയെ ആ സമയം അതുവഴി വന്ന ചരക്ക് ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ സ്ത്രീ കൊല്ലപ്പെട്ടു. കൃത്യം നിർവഹിച്ചതിന് ശേഷം രാജൻ സിംഗ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും റെയിൽവേ പോലീസിന്‍റെ പിടിയിലായി. കുറ്റം സമ്മതിച്ച ഇയാൾ പോലീസിനോട് താൻ ദിവ സ്വദേശി ആണെന്നായിരുന്നു അറിയിച്ചത്.
രാജൻ യുവതിയെ പിന്തുടർന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. ഇരയ്ക്കും പ്രതിക്കും തമ്മിൽ മുൻ പരിചയം ഒന്നുമില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. കൊല്ലപ്പെട്ട സ്ത്രീ ആരാണെന്ന് ഇതുവരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അവരെ തിരിച്ചറിയാനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്. ഭാരതീയ നീതി ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം താനെ റെയിൽവേ പോലീസ് രാജൻ സിങ്ങിനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ കൂടുതൽ അന്വേഷണത്തിനായി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.