
ഓഫീസിലെത്തി ജോലി ചെയ്യുന്നതാണോ അതോ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതാണോ കൂടുതല്‍ മെച്ചമെന്ന തര്‍ക്കം ജീവനക്കാര്‍ക്കിടയില്‍ ഇപ്പോഴും സജീവമാണ്. ഇതിനിടയില്‍, ഓഫീസിലെ സാന്നിധ്യവും ജോലിയുടെ അളവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മുംബൈ സ്വദേശിയായ ഒരു യുവതി.
ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലാണ് താഷി തുക്രാല്‍ ഇക്കാര്യം പറഞ്ഞത്. ഓഫീസിലിരുന്ന് ജോലി ചെയ്യുന്നതിനേക്കാള്‍ വേഗത്തിലും കാര്യക്ഷമമായും ജോലി ചെയ്തുതീര്‍ക്കാന്‍ സാധിക്കുന്നത് വീട്ടിലിരിക്കുമ്പോഴാണെന്ന് ഇവര്‍ വ്യക്തമാക്കുന്നു.
'ഓഫീസിലെ സാന്നിധ്യവും അന്നത്തെ നിങ്ങളുടെ പ്രൊഡക്ടിവിറ്റിയുമായി ഒരു ബന്ധവുമില്ല. ഓഫീസ് ജോലി യഥാര്‍ത്ഥത്തില്‍ വീട്ടിനുള്ളിലെ ജോലിയേക്കാള്‍ വേഗത കുറഞ്ഞതാണ്' താഷി വീഡിയോയില്‍ പറഞ്ഞു.
മാര്‍ക്കറ്റിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തന്റെ വ്യക്തിപരമായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ പ്രതികരണമെന്ന് വീഡിയോയുടെ ക്യാപ്ഷനിൽ താഷി കുറിച്ചു. 'നമ്മള്‍ 2026 -ലാണ് ജീവിക്കുന്നത്. ചെയ്യുന്ന ജോലി കൃത്യമായി തീര്‍ക്കുന്നുണ്ടെങ്കില്‍ അത് എവിടെയിരുന്ന് ചെയ്യുന്നു എന്നത് ഒരു വിഷയമാകരുത്' എന്നും താഷി കൂട്ടിച്ചേര്‍ത്തു.
യുവതിയുടെ പോസ്റ്റിന് സാമൂഹിക മാധ്യമങ്ങളില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഓഫീസിലെ ശ്രദ്ധക്കുറവും യാത്രാസമയവും ഒഴിവാക്കാമെന്നതിനാല്‍ വര്‍ക്ക് ഫ്രം ഹോം തന്നെയാണ് സമയലാഭത്തിനും ഉത്പാദനക്ഷമതയ്ക്കും നല്ലതെന്ന് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടു.