ഞായറാഴ്ചയാണ് കേക്ക് വാങ്ങാൻ ഋതു ജൂൺ ബേക്കറിയിലെത്തിയത്. കേക്കിൽ 'ഹാപ്പി ബെർത്‍ ഡേ ഋതു ജൂൺ' എന്ന് എഴുതാൻ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ ഇത് നിരസിക്കുകയായിരുന്നു. പേര് മാത്രം എഴുതാമെന്നും, 'ഹാപ്പി ബർത് ഡേ' എന്ന് വേണമെങ്കിൽ കടയിൽ നിന്ന് പ്രത്യേക പണം നൽകി കേക്ക് ടോപ്പർ വാങ്ങാമെന്നുമായിരുന്നു ജീവനക്കാരുടെ മറുപടി.
പ്രശസ്ത ബേക്കറി ശൃംഖലയായ തീയോബ്രോമയുടെ ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ കേക്കിൽ ‘ഹാപ്പി ബർത് ഡേ’ എന്ന് എഴുതിനൽകാൻ വിസമ്മതിച്ച സംഭവം സോഷ്യൽ മീഡിയയിൽ വൻ വിവാദമാകുന്നു. ബെംഗളൂരു എച്ച് എസ് ആർ ലേഔട്ടിലെ ശാഖയിൽ നടന്ന സംഭവത്തെക്കുറിച്ച് ക്രിയേറ്റർ ഋതു ജൂണിന്റെ എക്സ് (X) പോസ്റ്റാണ് ചർച്ചകൾക്ക് തുടക്കമിട്ടത്.
ഞായറാഴ്ചയാണ് കേക്ക് വാങ്ങാൻ ഋതു ജൂൺ ബേക്കറിയിലെത്തിയത്. കേക്കിൽ 'ഹാപ്പി ബെർത്‍ ഡേ ഋതു ജൂൺ' എന്ന് എഴുതാൻ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ ഇത് നിരസിക്കുകയായിരുന്നു. പേര് മാത്രം എഴുതാമെന്നും, 'ഹാപ്പി ബർത് ഡേ' എന്ന് വേണമെങ്കിൽ കടയിൽ നിന്ന് പ്രത്യേക പണം നൽകി കേക്ക് ടോപ്പർ വാങ്ങാമെന്നുമായിരുന്നു ജീവനക്കാരുടെ മറുപടി. സാധാരണയായി സൗജന്യമായി ചെയ്തു നൽകുന്ന ഈ സേവനം നിഷേധിച്ച്, ഉപഭോക്താക്കളെക്കൊണ്ട് അധിക പണം ചിലവഴിപ്പിച്ച് കേക്ക് ടോപ്പറുകൾ വിറ്റഴിക്കാനുള്ള തന്ത്രമാണോ ഇതെന്ന് ഋതു തൻ്റെ പോസ്റ്റിൽ ചോദിച്ചു.
സംഭവം വൻതോതിൽ ചർച്ചയായതോടെ, വിഷയം സ്ഥിരീകരിച്ച് തീയോബ്രോമ രംഗത്തെത്തി. കേക്കുകളിൽ ആശംസകൾ എഴുതരുതെന്ന് ജീവനക്കാർക്ക് നേരത്തെ തന്നെ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് കമ്പനി വിശദീകരിക്കുന്നത്.
തീയോബ്രോമ നൽകിയ ഔദ്യോഗിക വിശദീകരണം: 'ഉപഭോക്താക്കൾക്കാണ് ഞങ്ങൾ എപ്പോഴും മുൻഗണന നൽകുന്നത്. ചില കേക്കുകളിൽ എഴുതാൻ ആവശ്യത്തിന് സ്ഥലസൗകര്യം ഉണ്ടാകാറില്ല. കേക്കിന്റെ ഭംഗിയും ഡിസൈനും നഷ്ടപ്പെടാതിരിക്കാനാണ് വ്യക്തിയുടെ പേര് മാത്രം എഴുതാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഒരു ഓപ്ഷൻ എന്ന നിലയിലാണ് കേക്ക് ടോപ്പർ നിർദ്ദേശിക്കുന്നത്. ഇത് വാങ്ങണമെന്ന് യാതൊരു നിർബന്ധവുമില്ല. കാണാൻ മനോഹരമായതിനാലും വീണ്ടും ഉപയോഗിക്കാമെന്നതിനാലും പല ഉപഭോക്താക്കളും ഇത് ഇഷ്ടപ്പെടുന്നുമുണ്ട്.' പണം കൂടുതൽ ഈടാക്കാനല്ല, മറിച്ച് കേക്കിൻ്റെ ഭംഗി നിലനിർത്താനാണ് ഇത്തരമൊരു തീരുമാനമെന്നാണ് കമ്പനിയുടെ വാദം.
