കൊവിഡ് അടച്ചിട്ട ലോകം തുറന്ന കാലം, വീണ്ടെടുക്കലുകളുടെ പോയ വർഷം

Published : Dec 24, 2022, 01:27 PM ISTUpdated : Dec 24, 2022, 02:22 PM IST
കൊവിഡ് അടച്ചിട്ട ലോകം തുറന്ന കാലം, വീണ്ടെടുക്കലുകളുടെ പോയ വർഷം

Synopsis

വിലക്കുകളില്ലാത്ത ഒരു വർഷം കൂടിയായിരുന്നു 2022. വീടിനു പുറത്തിറങ്ങാനും യാത്ര ചെയ്യാനും കൂടിച്ചേരാനും ജോലി ചെയ്യാനും ഒക്കെയുള്ള വിലക്കുകൾ ഇല്ലാതായ വർഷം.

പ്രതീക്ഷകളുടെ ഒരു വർഷമാണ് കടന്നുപോയത്. വീണ്ടെടുക്കലുകൾ കൊണ്ട് ആഘോഷങ്ങൾ നിറച്ച വർഷം. കൊവിഡ് മഹാമാരിയുടെ കരിനിഴലിൽ നിന്നും അല്പമെങ്കിലും മുക്തമായ വർഷം. 2020 -ലെ ഒരു പുതുവർഷ മാസത്തിന്റെ അവസാനത്തിലാണ് നമ്മുടെ ആഘോഷങ്ങൾക്കും സന്തോഷങ്ങൾക്കും സ്വസ്ഥ ജീവിതത്തിനും തടയിട്ടു കൊണ്ട് കൊവിഡ് എന്ന മഹാമാരിക്കൊപ്പം നമ്മൾ ജീവിച്ചു തുടങ്ങിയത്. 

പിന്നീടുള്ള രണ്ടുവർഷക്കാലം ആ സംഹാരതാണ്ഡവത്തിനു മുൻപിൽ നമ്മൾ പലതും വേണ്ടെന്ന് വെച്ചു. ആഘോഷങ്ങൾ മറക്കാൻ ശ്രമിച്ചു. പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരലുകൾ ഗ്രൂപ്പ് വീഡിയോ കോളുകളിലേക്ക് ഒതുക്കി. സൂം മീറ്റിങ്ങുകളും ഗ്രൂപ്പ് ചാറ്റുകളും നിത്യജീവിതത്തിന്റെ ഭാഗമായി. ഒതുങ്ങിയും ഒറ്റപ്പെട്ടുമുള്ള രണ്ടുവർഷക്കാലത്തെ ആ തടവറ ജീവിതത്തിന് വിരാമം ഇട്ടത് 2022 ആയിരുന്നു. കൊവിഡിനെ തെല്ല് ഒന്ന് ശാസിച്ചു നിർത്താൻ 2022 എത്തും മുൻപേ നമുക്ക് കഴിഞ്ഞു. അതുകൊണ്ടുതന്നെ മനസ്സില്ലാമനസ്സോടെ നാം വേണ്ടെന്നുവച്ച സന്തോഷങ്ങളുടെയെല്ലാം വീണ്ടെടുക്കൽ ആയിരുന്നു 2022 സമ്മാനിച്ചത്. 

ഓണവും വിഷുവും പെരുന്നാളും ഈസ്റ്ററും ക്രിസ്തുമസുമൊക്കെ നമ്മൾ തിരിച്ചുപിടിച്ച വർഷമായിരുന്നു 2022. നിറം കെട്ടുപോയ നമ്മുടെ ആഘോഷങ്ങളൊക്കെ വർണ്ണാഭമാക്കി തന്നത് 2022 ആണ്. ആളൊഴിഞ്ഞു പോയ പൂരപ്പറമ്പുകളും മൈതാനങ്ങളും 2022 -ന്റെ തണലിൽ വീണ്ടും ശബ്ദം മുഖരിതമായി. അമ്പലമുറ്റങ്ങളിൽ നിന്നും പഴയ പ്രതാപത്തോടെ വാദ്യഘോഷങ്ങൾ വീണ്ടും മുഴങ്ങിക്കേട്ടു. കാത്തുകാത്തിരുന്ന തൃശ്ശൂർ പൂരത്തിന് വടക്കുംനാഥന്റെ മണ്ണിൽ വീണ്ടും കൊടിയേറി. പള്ളിമുറ്റങ്ങളിൽ പെരുന്നാൾ ആഘോഷങ്ങൾ പഴയ പ്രതാപത്തോടെ തിരിച്ചുവന്നു. മൈതാനങ്ങളിലും കളിക്കളങ്ങളിലും വീണ്ടും പന്തുരുണ്ടു. നാൽക്കവലകൾ വീണ്ടും നാട്ടുവിശേഷങ്ങൾ കൊണ്ട് നിറഞ്ഞു. ഇങ്ങനെ നമ്മൾ മനസ്സില്ലാമനസ്സോടെ വേണ്ടെന്നുവച്ച ഒരുപിടി ആഘോഷങ്ങളുടെ തിരിച്ചുവരവിനാണ് 2022 സാക്ഷ്യം വഹിച്ചത്.

രാജ്യത്ത് തത്കാലം കടുത്ത കൊവിഡ് നിയന്ത്രണങ്ങളില്ല; മാസ്ക് ധരിക്കണമെന്നും ആൾക്കൂട്ടമൊഴിവാക്കണമെന്നും കേന്ദ്രം

വിലക്കുകളില്ലാത്ത ഒരു വർഷം കൂടിയായിരുന്നു 2022. വീടിനു പുറത്തിറങ്ങാനും യാത്ര ചെയ്യാനും കൂടിച്ചേരാനും ജോലി ചെയ്യാനും ഒക്കെയുള്ള വിലക്കുകൾ ഇല്ലാതായ വർഷം. കിടപ്പുമുറിക്കുള്ളിൽ ലാപ്ടോപ്പിനു മുൻപിൽ ചടഞ്ഞു കൂടിയ ഓഫീസ് ദിനരാത്രങ്ങൾക്ക് വിരാമം ഇട്ട് വീണ്ടും ഓഫീസ് താവളങ്ങളിലേക്ക് ചേക്കേറിയ വർഷം. സാമൂഹികമായും സാമ്പത്തികമായും ഭാഗികമായെങ്കിലും നമുക്ക് നഷ്ടപ്പെട്ടുപോയ ഒട്ടേറെ കാര്യങ്ങൾ വീണ്ടെടുക്കാൻ 2022 സാക്ഷിയായി. കൊവിഡ് സമ്മാനിച്ച സാമ്പത്തിക ഞെരുക്കത്തിൽ ജീവിതോപാധികൾ നഷ്ടപ്പെട്ട പലർക്കും മറ്റൊന്ന് നേടിക്കൊടുക്കാൻ 2022 -ന് കഴിഞ്ഞു. 

കേരളത്തിൽ മാത്രമല്ല 2022 സന്തോഷങ്ങളുടെയും ആഘോഷങ്ങളുടെയും വീണ്ടെടുക്കലിന് സാക്ഷിയായത്. ലോകമെമ്പാടും പ്രതീക്ഷകളുടെ ദിനരാത്രങ്ങൾ ആയിരുന്നു 2022 സമ്മാനിച്ചത്. പരസ്പരം അടച്ചു പൂട്ടിയിരുന്ന അതിർത്തികൾ ലോകരാഷ്ട്രങ്ങൾ പരസ്പരം തുറന്നു കൊടുത്തു എന്ന് തന്നെയാണ് 2022 -ലെ ഒരു വലിയ നേട്ടം. തളർന്നു പോയിരുന്ന ടൂറിസം മേഖല പഴയ പ്രതാപത്തോടെ തിരിച്ചു വരുവാനും 2022 കാരണമായി. ഒടുവിൽ ലോക ജനതയെ മുഴുവൻ ഫുട്ബോൾ എന്ന ഏക വികാരത്തിലേക്ക് മാന്ത്രികമായി വലിച്ചെടുപ്പിക്കാനും 2022 -ന് സാധിച്ചു. ഖത്തറിന്റെ മണ്ണിലേക്ക് ലോകജനത ഒഴുകിയെത്തി ആഘോഷമാക്കിയ ലോകകപ്പ് ആരവങ്ങളും സമ്മാനിച്ചാണ് ഒടുവിൽ 2022 പടിയിറങ്ങാൻ പോകുന്നത്.

അതേ സമയം തന്നെ ചൈനയിൽ വീണ്ടും കൊവിഡ് പിടിമുറുക്കിയത് ലോകത്തെയാകെ ആശങ്കയിലാക്കിയിട്ടുണ്ട്. വീണ്ടും അടച്ചുപൂട്ടലിലേക്ക് ലോകം പോകുമോ എന്ന ഭയമുണർത്തിക്കൊണ്ടാണ് 2022 -ന്റെ അവസാനമെത്തിയിരിക്കുന്നത്. അങ്ങനെയുണ്ടാവല്ലേ എന്ന ആ​ഗ്രഹത്തോടും പ്രത്യാശയോടും കൂടിയാണ് ലോകം 2023 -നെ വരവേൽക്കാൻ ഒരുങ്ങുന്നത്. 

PREV
click me!

Recommended Stories

ഇടയ്ക്കിടെ ബാത്ത്റൂമിൽ പോകും, മണിക്കൂറുകൾ കഴിഞ്ഞാണ് വരുന്നത്, ജീവനക്കാരനെ പിരിച്ചുവിട്ടു, തെറ്റില്ലെന്ന് കോടതിയും
'ഈ ന​ഗരത്തിൽ ജീവിക്കുന്നത് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതുപോലെയാണ്, സമ്മാനമില്ലെന്ന് മാത്രം', യുവാവിന്റെ പോസ്റ്റ്