
ലോകത്തിലെ ഏറ്റവും പ്രായമേറിയ പരമ്പരാഗത ടാറ്റൂ ആർട്ടിസ്റ്റാണ് വാങ് ഓഡ് ഒഗ്ഗേ. കാര്യം ഈ ഫിലിപ്പീൻസുകാരിക്ക് 103 വയസ്സായെങ്കിലും, അവരുടെ കലയ്ക്ക് ഇന്നും വലിയ ഡിമാൻഡാണ്. നൂതനമായ ടാറ്റൂരീതികൾ വിപണി കീഴടക്കിയിട്ടും, അവരുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ടാറ്റൂ ശൈലിക്ക് ഇപ്പോഴും ആവശ്യക്കാർ ഏറെയാണ്. ചില ദിവസം നൂറുകണക്കിന് സന്ദർശകരാണ് വാങിനെ അന്വേഷിച്ച് എത്തുന്നത്.
പരമ്പരാഗത ടാറ്റൂ കലാകാരന്മാരുടെ അവസാന തലമുറകളിൽ ഒരാളാണ് വാങ്. വെളുപ്പിനെ 5:30 -ന് അവരുടെ ഒരു ദിവസം ആരംഭിക്കും. 2009 -ൽ അമേരിക്കൻ നരവംശ ശാസ്ത്രജ്ഞനായ ലാർസ് ക്രുതാക്കിന്റെ ഒരു ഡോക്യുമെന്ററി പരമ്പരയിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് അവർ ലോകശ്രദ്ധ നേടിയത്. പരമ്പരാഗത ടാറ്റൂ കലയെ കുറിച്ച് ഇപ്പോൾ യുവാക്കൾക്കിടയിൽ വലിയ മതിപ്പാണെന്നും, ആളുകൾ അതിനെ കൂടുതൽ ഇഷ്ടപ്പെട്ട് തുടങ്ങുന്നുവെന്നും അവർ പറഞ്ഞു. വാങിന്റെ ശരീരം ദുർബലമാണ്. പക്ഷേ, മനസ്സ് ഇപ്പോഴും ചെറുപ്പമാണ്. പാമ്പുകൾ, പുൽച്ചാടികൾ, പൂക്കൾ തുടങ്ങി പ്രകൃതിയിലെ ജന്തുജാലങ്ങളെയാണ് അവർ കൂടുതലും വരക്കുന്നത്.
കരിയും വെള്ളവും കൊണ്ടാണ് അവർ ടാറ്റൂ മഷി നിർമ്മിക്കുന്നത്. നിറങ്ങൾ കലർത്തി ഒരു മരത്തിന്റെ മുള്ള് ഉപയോഗിച്ച് മഷി ചർമ്മത്തിൽ പതിപ്പിക്കുന്നു. ഈ മുള്ള് 12 ഇഞ്ച് നീളമുള്ള മുളവടിയിൽ ഘടിപ്പിച്ചിരിക്കുന്നു. അവരുടെ കൈയിലെ സാമ്പിൾ ഡിസൈനുകൾ നോക്കി, നിങ്ങൾക്ക് ഇഷ്ടമുള്ള ഡിസൈൻ തിരഞ്ഞെടുക്കാം. വേദന അല്പം കൂടുതലാണെങ്കിലും, ഇതിനോടുള്ള കൗതുകം കാരണം ആളുകൾ അത് പരീക്ഷിക്കാൻ തയ്യാറാകുന്നു. അവരുടെ ശരീരത്തിലും ഇത്തരം ടാറ്റൂകൾ കാണാം. കൈകൾ, തോൾ, മുതുക്, താടി, നെറ്റി എന്ന് വേണ്ട ചുളിവുകൾ വീണ അവരുടെ ശരീരത്തിൽ മുഴുവൻ ടാറ്റൂ രൂപങ്ങൾ പതിഞ്ഞു കിടക്കുന്നു.
അവരുടെ സംസ്കാരത്തിൽ ടാറ്റൂവിന് വലിയ പ്രാധാന്യമുണ്ട്. എന്നാൽ, 1930 -കളിൽ, സർക്കാർ ടാറ്റൂകൾ നിരോധിക്കാൻ തുടങ്ങി. സ്ത്രീകൾ വസ്ത്രങ്ങൾ കൊണ്ട് അവരുടെ മുകൾഭാഗം മറയ്ക്കാൻ തുടങ്ങി. ഒരിക്കൽ ധീരതയുടെ ലക്ഷണമായി കണ്ട ഈ പ്രവൃത്തി ഒരു കുറ്റകൃത്യമായി ഭരണകൂടം കാണാൻ തുടങ്ങി. ടാറ്റൂകൾ മറയ്ക്കാൻ വിദ്യാർത്ഥികൾ സ്‌കൂളിൽ അത്തരം വസ്ത്രങ്ങൾ ധരിക്കാൻ നിർബന്ധിതരായി. ടാറ്റൂകൾ, മിഷനറിമാരുടെയും പ്രൊഫസർമാരുടെയും അഭിപ്രായത്തിൽ, അപരിഷകൃതത്വത്തിന്റെ അടയാളമായി. ഇതോടെ ടാറ്റൂ ധരിച്ച ആളുകളെ സമൂഹം വിലക്കി. അവർക്ക് ജോലി കിട്ടാനും, ബന്ധങ്ങൾ കിട്ടാനും പ്രയാസമായി.
എന്നാൽ വാങ് ഇതിനിടയിലും തന്റെ സാംസ്കാരിക പൈതൃകം സംരക്ഷിച്ചു. കാലം കടന്ന് പോയിട്ടും ഇന്നും അവർ തന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നു. ഏകദേശം എൺപത് വർഷത്തോളമായി അവർ ഈ തൊഴിൽ ആരംഭിച്ചിട്ട്.