
ദയ, അനുകമ്പ, ഔദാര്യം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് ട്വിറ്ററില്‍ കുറിപ്പുകളെഴുതുന്ന ഇന്ത്യന്‍ വ്യവസായും ആര്‍പിജിയുടെ ചെയര്‍മാനുമായ ഹര്‍ഷ് ഗോയങ്ക പങ്കുവച്ച ലോകത്തിലെ ഏറ്റവും വലിയ ഹൃദയത്തെ കുറിച്ചുള്ള പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ലോകത്തിലെ ഏറ്റവും വലിയ ജീവിയുടെ ഹൃദയമാണ് അദ്ദേഹം പങ്കുവച്ചത്. അദ്ദേഹത്തിന്‍റെ കുറിപ്പ് ഇതിനകം ഒരു ലക്ഷത്തി എഴുപത്തിയൊന്നായിരത്തില്‍ ഏറെ പേര്‍ കണ്ടു കഴിഞ്ഞു. നിരവധി കമന്‍റുകളും പിന്നാലെ എത്തി.
ചിത്രം പങ്കുവച്ച് കൊണ്ട് ഹര്‍ഷ ഗോയങ്ക ഇങ്ങനെ എഴുതി. '181 കിലോഗ്രാം ഭാരമുള്ള നീലത്തിമിംഗലത്തിന്‍റെ സംരക്ഷിത ഹൃദയമാണിത്. 1.2 മീറ്റർ വീതിയും 1.5 മീറ്റർ ഉയരവുമുള്ള ഇതിന്‍റെ ഹൃദയമിടിപ്പ് 3.2 കിലോമീറ്ററിലധികം അകലെ നിന്ന് കേൾക്കാം.' പിന്നാലെ ലൈക്കുകളും കമന്‍റുകളും കൊണ്ട് പോസ്റ്റ് നിറഞ്ഞു. 'പ്രപഞ്ചത്തിന് സസ്യങ്ങൾ മുതൽ മൃഗങ്ങൾ, മനുഷ്യർ വരെ അതിന്‍റെതായ സർഗ്ഗാത്മകതയുണ്ട്. ഒരു ഉറുമ്പ് മുതൽ തിമിംഗലം വരെ എത്ര മനോഹരമായാണ് അത് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഒരു കാഴ്ചക്കാരനെഴുതി. മറ്റൊരാള്‍ മുംബൈയിലെ തീപ്പെട്ടി വലിപ്പമുള്ള വീടുകളെ ഓര്‍ത്തുകൊണ്ട് എഴുതിയത് 'മുംബൈയിലെ എന്‍റെ ആദ്യത്തെ വീടിന്‍റെ വലിപ്പ'മാണ് അതിനെന്നായിരുന്നു. ഇനി സിംഹത്തിന്‍റെ ഹൃദയത്തിന് പകരം 'നീലതിമിംഗലത്തിന്‍റെ ഹൃദയ'മെന്ന് സൂചിപ്പിക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്.
കൂടുതല്‍ വായനയ്ക്ക്: നിലവിലെ ജോലിക്ക് ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് കമ്പനി പരസ്യം, വീണ്ടും അപേക്ഷിച്ച് തൊഴിലാളി, കുറിപ്പ് വൈറല്‍
കാനഡയിലെ റോക്കി ഹാര്‍ബര്‍ തീരത്ത് 2014-ൽ അടിഞ്ഞ ഒരു നീലത്തിമിംഗലത്തിന്‍റെ ശവശരീരത്തിൽ നിന്ന് 10 തൊഴിലാളികള്‍ ചേര്‍ന്ന് വേർതിരിച്ചെടുത്ത ഹൃദയമാണിത്. ജര്‍മ്മനിയിലെ ഗുബനര്‍ പ്ലാസ്റ്റിനേറ്റ് എന്ന സ്ഥാപനത്തിലെത്തിച്ചാണ് മറ്റ് സംരക്ഷണ പ്രവര്‍ത്തികള്‍ ചെയ്തത്. ഏറെ സങ്കാര്‍ണ്ണമായ പ്രക്രിയയിലൂടെയാണ് ഹൃദയത്തെ ഗവേഷകര്‍ സംരക്ഷിച്ച് നിര്‍ത്തിയത്. ഹൃദയത്തില്‍ നിന്ന് മാംസത്തിന്‍റെയും അസ്ഥിയുടെയും ഭാഗങ്ങള്‍ ആദ്യം നീക്കം ചെയ്തു. രക്തം ഊറ്റികളഞ്ഞതിനെ തുടര്‍ന്ന് ഹൃദയം ചുങ്ങിപ്പോകാതിരിക്കാന്‍ ഗവേഷകര്‍ ഹൃദയത്തിന്‍റെ രണ്ട് രക്തകുഴലുകളിലേക്കും വലിയ പൈപ്പുകള്‍ തിരുകി. തുടര്‍ന്ന് 700 ഗാലൻ ഫോർമാൽഡിഹൈഡ് ഹൃദയത്തിലേക്ക് പമ്പ് ചെയ്തു. ഇങ്ങനെ ഹൃദയത്തിന് ബലം നല്‍കി അതിന്‍റെ സ്വാഭാവിക ആകൃതിയിലേക്ക് കൊണ്ട് വന്നു. ഇതിനായി ഏതാണ്ട് മൂന്ന് വര്‍ഷത്തോളം സമയമെടുത്തു. ഹര്‍ഷ് ഗോയങ്കയുടെ ട്വീറ്റോടെ ലോകത്തിലെ ഏറ്റവും വലിയ ഹൃദയം ഇന്ത്യയില്‍ വീണ്ടും വാര്‍ത്തയായിരിക്കുകയാണ്.
കൂടുതല്‍ വായനയ്ക്ക്: 'ഇന്ത്യയില്‍ മാത്രമുള്ള ദൃശ്യങ്ങള്‍'; മുന്‍ ടയറുകള്‍ ഉയര്‍ത്തി ചരക്കുമായി പോകുന്ന ട്രാക്ടറിന്‍റെ വീഡിയോ വൈറല്‍