കത്തുകൾ കീഴടക്കിയിരുന്ന ലോകം; ഇന്ന് ലോക തപാൽ ദിനം

Published : Oct 09, 2025, 12:50 PM IST
Indian postal department

Synopsis

ലോക തപാൽ ദിനമായ ഒക്ടോബർ 9-ന്, 'അഞ്ചലോട്ടക്കാരൻ' മുതൽ ഇന്നത്തെ ഡിജിറ്റൽ യുഗം വരെയുള്ള തപാൽ സംവിധാനത്തിന്റെ പരിണാമം ലേഖനം ചർച്ചചെയ്യുന്നു. 

 

'അഞ്ചലോട്ടക്കാരന്‍' ഓടിയ വഴികൾ ഇന്ന് മഴിയിട്ട് നോക്കിയാൽ പോലും കാണാന്‍ കഴിയില്ല. മണി കെട്ടിയ നീണ്ട കുന്തവുമായി അയാൾ ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് വിവരങ്ങള്‍ കൈമാറാന്‍ നിര്‍ത്താതെ ഓടിക്കൊണ്ടേയിരുന്നു. പക്ഷേ. ആ സൗകര്യം എല്ലാവര്‍ക്കും ലഭ്യമായിരുന്നില്ല. രാജാക്കന്മാരുടെയും ബ്രീട്ടീഷ് അധികാരികളുടെയും സന്ദേശങ്ങളുമായി കാടും മേടും പുഴയും കടന്ന് അഞ്ചലോട്ടക്കാരന്‍ ഓടിക്കൊണ്ടേയിരുന്നു. കാലം മാറിക്കൊണ്ടേയിരുന്നു. കുന്തമണികൾ നിശ്ചലമായി. കത്തെഴുത്തുകൾ വന്നു. ഇന്ന് കത്തെഴുത്തും കാഴ്ചയ്ക്ക് മാറയത്തേക്ക് നീങ്ങുന്നു. സമൂഹ മാധ്യമങ്ങൾ കാലത്തെ കൈയടക്കുന്നു. പഴയ ഓ‍ർമ്മകൾ മായാതിരിക്കാനായി ഒരു ദിനം കൂടി വന്നെത്തുന്നു. ലോക തപാൽ ദിനം.

ഓരോ വർഷവും ഒക്ടോബർ 9 ലോകമെമ്പാടും ലോക തപാൽ ദിനമായി (World Post Day) ആചരിക്കുന്നു. മനുഷ്യന്‍റെ ആശയവിനിമയ ചരിത്രത്തിൽ തപാൽ സംവിധാനം വഹിച്ച നിർണായക പങ്കിനെക്കുറിച്ചും, ആധുനിക ലോകത്ത് തപാൽ വകുപ്പ് നടത്തുന്ന പരിവർത്തനങ്ങളെക്കുറിച്ചും ഓർമ്മകൾ സൂക്ഷിക്കാനൊരു ദിനമാണിത്. 1874 ഒക്ടോബർ 9-ന് സ്വിറ്റ്സർലൻഡിലെ ബേണിൽ വെച്ച് യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (Universal Postal Union - UPU) സ്ഥാപിക്കപ്പെട്ടതിന്‍റെ വാർഷികമാണ് ഈ ദിനാചരണത്തിന് അടിസ്ഥാനം. 1969-ൽ ടോക്കിയോയിൽ വെച്ച് നടന്ന UPU കോൺഗ്രസിലാണ് ഈ ദിനം ആചരിക്കാൻ ഔദ്യോഗികമായി തീരുമാനമെടുത്തത്.

ചരിത്രപരമായ പ്രാധാന്യം

ആശയവിനിമയ മാർഗങ്ങൾ പരിമിതമായിരുന്ന കാലഘട്ടത്തിൽ, ലോകമെമ്പാടുമുള്ള വ്യക്തികളെയും രാജ്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ഏക മാർഗ്ഗം തപാൽ എന്നറിയപ്പെട്ടിരുന്ന കത്തെഴുത്തായിരുന്നു. കത്തുകളും രേഖകളും കടലാസിലൊതുങ്ങി ലോകത്തിന്‍റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് എത്താനുള്ള ഏക പാലമായിരുന്നു പോസ്റ്റ് ഓഫീസ്. ഇത് ലോക വ്യാപാരത്തിനും, രാഷ്ട്രങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധങ്ങൾക്കും, ഏറ്റവും പ്രധാനമായി വ്യക്തി ബന്ധങ്ങൾ നിലനിർത്തുന്നതിനും അവിഭാജ്യമായ പങ്കുവഹിച്ചു. വികസനത്തിന്‍റെ ആദ്യ ഘട്ടങ്ങളിൽ, ദൂരദേശങ്ങളിൽ ജീവിച്ചിരുന്ന പ്രിയപ്പെട്ടവരുടെ സുഖവിവരം അറിയാനുള്ള ഏക മാർഗ്ഗം പോസ്റ്റ്മാന്‍റെ വരവായിരുന്നു.

 

 

മാറുന്ന കാലവും പോസ്റ്റൽ സർവ്വീസും

കാലം മാറുകയാണ്. പുതിയ കാലത്ത്, ഡിജിറ്റൽ യുഗത്തിൽ ഇ-മെയിലുകളും സമൂഹ മാധ്യമങ്ങളും ആശയവിനിമയ രംഗം കീഴടക്കിയെങ്കിലും, തപാൽ വകുപ്പ് കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തി അതിജീവനം സാധ്യമാക്കുന്നു. കത്തുകൾക്ക് പുറമെ, ഇ-കൊമേഴ്സ് ഉൽപ്പന്നങ്ങളുടെ വിതരണം (പാർസൽ സർവീസ്), സാമ്പത്തിക സേവനങ്ങൾ (പോസ്റ്റ് ഓഫീസ് ബാങ്കുകൾ), ഇൻഷുറൻസ് പദ്ധതികൾ, സർക്കാർ സബ്സിഡികൾ വിതരണം ചെയ്യൽ തുടങ്ങിയവയെല്ലാം ഇന്ന് പോസ്റ്റ് ഓഫീസുകളുടെ പ്രധാന പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. ഗ്രാമപ്രദേശങ്ങളിൽ ഇന്നും, സാമ്പത്തികമായും സാങ്കേതികപരമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് ആശ്രയിക്കാവുന്ന ഒരു പൊതുമേഖലാ സ്ഥാപനമായി പോസ്റ്റ് ഓഫീസ് നിലകൊള്ളുന്നു.

തപാൽ ദിന സന്ദേശം

ഓരോ വർഷവും ഈ ദിനത്തിൽ, ലോക പോസ്റ്റ് ദിനത്തിന്‍റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി വിവിധ രാജ്യങ്ങൾ പോസ്റ്റൽ പ്രദർശനങ്ങളും പരിപാടികളും സംഘടിപ്പിക്കാറുണ്ട്. ഇതിനായി യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ ഓരോ വർഷവും ഒരു പ്രത്യേക തീം (Theme) പ്രഖ്യാപിക്കുന്നു. പോസ്റ്റ് ഓഫീസിന്‍റെ സേവനങ്ങളെയും അതിലെ ജീവനക്കാരുടെ ആത്മാർത്ഥമായ സേവനങ്ങളെയും ആദരിക്കാനുള്ള ഒരു അവസരം കൂടിയാണ് ഈ ദിനം. കഴിഞ്ഞ തലമുറയുടെ ഓർമ്മകളെ അടുത്ത തലമുറയിലേക്ക് എത്തിക്കുന്നതിൽ തപാൽ സംവിധാനം വഹിക്കുന്ന പങ്ക് നിസ്തുലമാണ്.

PREV
BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കള്ളൻ വിഴുങ്ങിയത് ഒന്നുംരണ്ടുമല്ല 17 ലക്ഷം വിലയുള്ള പെൻഡൻ്റ്, കാവലിരുന്ന് പൊലീസ്!
29 -ാം വയസ്, പ്രായം കുറഞ്ഞ ശതകോടീശ്വരി, ആരാണ് ലുവാനാ ലോപ്‌സ് ലാറ