
ഇന്ത്യന്‍ വംശജനായ ഒരു മോട്ടൽ മാനേജർ വെടിയേറ്റ് കൊല്ലപ്പെട്ടു. യുഎസിലെ പെന്‍സില്‍വാലിയയിലെ പിറ്റ്സ്ബർഗിലാണ് ദാരുണമായ സംഭവം. ഈ ദാരുണ സംഭവത്തിന്‍റെ ദൃശ്യങ്ങൾ മോട്ടലിലെ സിസിടിവി കാമറയില്‍ പതിഞ്ഞു. ശാന്തനായ തോക്കുമായി നടന്നുവന്ന കൊലയാളി യാതൊരു ഭാവഭദവുമില്ലാതെ ഇന്ത്യൻ വംശജനും 50 -കാരനായ രാകേഷ് പട്ടേൽ എന്ന രാകേഷ് എഹാഗബനെ ( Rakesh Ehagaban) പോയന്‍റ് ബ്ലാങ്കില്‍ വെടിവച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്.
മറ്റൊരു ഇന്ത്യക്കാരന്‍ കൂടി യുഎസില്‍ വെടിയേറ്റ് മരിച്ചെന്ന കുറിപ്പോടെ നിഖിൽ എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഗുജറാത്ത്, സൂറത്ത് സ്വദേശിയായ രാകേഷ്, മോട്ടലിന്‍റെ പുറത്ത് നില്‍ക്കുന്നത് സിസിടിവിയില്‍ കാണാം. അതേസമയം ദൂരെ നിന്നും ഒരാൾ വളരെ ഒരു തിരക്കുമില്ലാതെ രകേഷ് നിന്ന ഇടത്തേക്ക് നടന്നുവരുന്നു. ഇയാളുടെ ഇടത് കൈയില്‍ ഒരു തോക്ക് കാണാം. ഇയാൾ നടന്ന് അടുത്ത് എത്തിയപ്പോൾ രാകേഷ് 'Are you alright, bud?' എന്ന് ചോദിക്കുകയും പിന്നാലെ അയാൾ തോക്ക് ഉയർത്തി രാകേഷിന്‍റെ നെറ്റിയിലേക്ക് വെടിയുതിർക്കുകയുമായിരുന്നു. വെടിയേറ്റ രാകേഷ് അപ്പോൾ തന്നെ താഴെയ്ക്ക് വീഴുന്നു. ഒന്നും സംഭവിക്കാത്തത് പോലെ അക്രമി വന്ന ഭാഗത്തേക്ക് തന്നെ നടന്ന് നീങ്ങുന്നതും വീഡിയോയില്‍ കാണാം.
രാകേഷിന്‍റെ ഉടമസ്ഥതയിലുള്ള റോബിൻസൺ ടൗൺഷിപ്പ് മോട്ടലിന്‍റെ പാർക്കിംഗ് സ്ഥലത്ത് നിന്നും ഒരു തർക്കം കേട്ടതിനെ തുടർന്ന് ഇയാൾ അന്വേഷിക്കാനായി പുറത്തിറങ്ങിയതാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 37 കാരനായ സ്റ്റാൻലി യൂജിൻ വെസ്റ്റാണ് രാകേഷിനെ വെടിവച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇയാൾക്കെതിരെ ക്രിമിനൽ നരഹത്യ, നരഹത്യാശ്രമം, മറ്റൊരാളെ അശ്രദ്ധമായി അപായപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
മോട്ടലിന് പുറത്ത് വെച്ച് തന്‍റെ സ്ത്രീ സുഹൃത്തിനെ സ്റ്റാൻലി യൂജിൻ വെടിവച്ച ശബ്ദം കേട്ട രാകേഷ് സംഭവം അന്വേഷിക്കാന്‍ വേണ്ടി പുറത്തിറങ്ങിയതാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. രാകേഷ് പുറത്തെത്തിയപ്പോൾ സ്റ്റാന്‍ലി. അദ്ദേഹത്തെ പോയന്‍റ് ബ്ലാങ്കില്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് അല്ലെഗെനി കൗണ്ടി സൂപ്രണ്ട് ക്രിസ്റ്റഫർ കിയേൺസ് സിബിഎസ് ന്യൂസിനോട് പറഞ്ഞു. "സുഖമാണോ സുഹൃത്തേ?" എന്ന് രാകേഷ് ചോദിച്ചപ്പോൾ വെസ്റ്റ് വെടിയുതിർക്കുകയായിരുന്നെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
ഒരു സ്ത്രീ സുഹൃത്തും ഒരു കുട്ടിയുമായി സ്റ്റാൻലി യൂജിൻ രണ്ട് ആഴ്ചയോളം രാകേശിന്‍റെ മോട്ടലില്‍ താമസിച്ചിരുന്നതായും റിപ്പോര്‍ട്ടുകൾ പറയുന്നു. രാകേഷിനെ വെടിവയ്ക്കും മുമ്പ് സ്റ്റാന്‍ലി കാറിൽ ഇരിക്കുകയായിരുന്ന സ്ത്രീയെ വെടിവയ്ച്ചിരുന്നു. പിന്നാലെ ഇയാൾ കാറിന്‍റെ ചില്ല് തകർക്കാന്‍ ശ്രമിച്ചു. ഈ ശബ്ദം കേട്ടാണ് രാകേഷ് പുറത്തിറങ്ങിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. കാറിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കുകളൊന്നുമില്ല. അതേസമയം സ്റ്റാന്‍ലി, പിറ്റ്സ്ബർഗ് ബ്യൂറോ ഓഫ് പോലീസിലെ ഒരു പോലീസുകാരനെയും വെടിവച്ചതായും ഇദ്ദേഹം അപകടനില തരണം ചെയ്തതായും റിപ്പോര്‍ട്ടുകൾ പറയുന്നു.