
ബീഹാറിൽ നിന്നുള്ള എവറസ്റ്റ് കൊടുമുടിയുടെ അതിമനോഹരമായ കാഴ്ച സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. വെറും രണ്ട് ദിവസം കൊണ്ട് വീഡിയോ 22 ലക്ഷം പേരാണ് കണ്ടത്. ഈ ആഴ്ച ആദ്യം, മഴ പെയ്തതിനിന് പിന്നാലെ ബീഹാറിലെ മധുബനി ജില്ലയിലെ ചെറിയൊരു അതിർത്തി പട്ടണമായ ജയ്നഗറിൽ നിന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുടെ കാഴ്ച ദൃശ്യമായി, സത്യം രാജ് എന്ന എക്സ് ഉപഭോക്താവാണ് ഈ കാഴ്ച തന്‍റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചത്. പിന്നാലെ ചിലര്‍ അത് ഹിമാലയം തന്നെയാണോയെന്ന് ചോദിച്ച് രംഗത്തെത്തി.
തന്‍റെ സുഹൃത്താണ് ഈ വീഡിയോ പകര്‍ത്തിയതെന്ന് സത്യം രാജ് വിശദീകരിച്ചു. തന്‍റെ സുഹൃത്തിന്‍റെ ബന്ധു വീട് കാണാൻ അവൾ അവിടെ പോയിരുന്നു. 2025 ഒക്ടോബർ 6 നാണ് അവൾ വീഡിയോ ചിത്രീകരിച്ചതെന്നും സത്യം രാജ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. കാലാവസ്ഥ വ്യക്തമാകുമ്പോഴെല്ലാം ആ പ്രദേശത്ത് നിന്ന് ഹിമാലയത്തിന്‍റെ കാഴ്ച കാണാന്‍ കഴിയും. അന്നേ ദിവസം മഴ പെയ്തതിനാൽ കൂടുതൽ ദൃശ്യപരത ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വീഡിയോയിൽ ഉള്ളത് എവറസ്റ്റ് തന്നെയാണോയെന്ന് സംശയം പ്രകടിപ്പിച്ച ആൾക്കുള്ള മറുപടിയായി ഹിമാലയത്തിലെ കൊടുമുടികൾ രേഖപ്പെടുത്തിയ ഒരു ചിത്രവും സത്യം രാജ് പങ്കുവച്ചു.
ജയ്നഗറിൽ നിന്ന് എവറസ്റ്റ് കൊടുമുടി 170 കിലോമീറ്റർ അകലെയാണ്. അത് ഇത്രയും ദൂരം കാണാമെന്നത് ശരിക്കും ആകർഷകമാണ്. നിങ്ങൾ കാണുന്നത് നേപ്പാളിന്‍റെ മുഴുവൻ വീതിയാണെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. മറ്റേതെങ്കിലും സംസ്ഥാനത്താണ് അത്തരമൊരു സ്ഥലം ഉണ്ടായിരുന്നതെങ്കില്‍ അത് ഇന്ന് അഭിമാനത്തോടെ "എവറസ്റ്റ് വ്യൂ പോയിന്‍റ്" എന്ന പേരില്‍ വിപണനം ചെയ്യപ്പെടുകയും വികസിപ്പിക്കുകയും ചെയ്യുമായിരുന്നുവെന്നും ഒപ്പം റിസോർട്ടുകൾ, വാണിജ്യ പ്രവർത്തനങ്ങൾ തുങ്ങിയ നിക്ഷേപകരെയും വിനോദ സഞ്ചാരികളെയും അവിടേയ്ക്ക് ആകർഷിക്കുമായിരുന്നുവെന്നും മറ്റൊരാൾ കുറിച്ചു.
അതേസമയം ബീഹാറിൽ നിന്ന് ഹിമാലയം ദൃശ്യമാകുന്നത് ഇതാദ്യമല്ല. 2020 ലെ കൊവിഡ് മഹാമാരിയുടെ വ്യാപന സമയത്ത് വിമാനങ്ങളും വ്യാവസായങ്ങളും നിശബ്ദമായ കാലത്ത് വായുമലിനീകരണം കുറയുകയും ഇതിന് പിന്നാലെ ഉത്തരന്ത്യേയുടെ പല ഭാഗത്ത് നിന്നും ഹിമാലയത്തിന്‍റെ ദൃശ്യങ്ങൾ പങ്കുവയ്ക്കപ്പെടുകയും ചെയ്തിരുന്നു.