നിധിവേട്ടയ്ക്ക് തുടക്കമിട്ട് 'X' എന്ന് അടയാള ചിഹ്നമിട്ട രണ്ടാം ലോകമഹായുദ്ധ കാലത്തെ ഭൂപടം!

By Web TeamFirst Published Jan 25, 2023, 10:56 AM IST
Highlights


"നാല് വെടിമരുന്ന് പെട്ടികളും പിന്നെ തൂവാലയിൽ സൂക്ഷിച്ചിരുന്ന കുറച്ച് ആഭരണങ്ങളും  പണവും അവര്‍ അവിടെത്തന്നെ കുഴിച്ചിട്ടു," യുദ്ധാനന്തരം ഡച്ച് സൈനിക അധികാരികൾ അഭിമുഖം നടത്തിയ ഒരു ജർമ്മൻ പട്ടാളക്കാരന്‍റെ വിവരണത്തില്‍ പറയുന്നു.


യുദ്ധങ്ങള്‍ എന്നും വേദനകളാണ് സമ്മാനിച്ചിട്ടുള്ളത്. പലായനത്തിന്‍റെ കൂട്ടക്കൊലകളുടെ വേദനകള്‍. ഓരോ യുദ്ധാനന്തരവും മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും ജീവിതം വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങേണ്ടിയിരുന്നു. യുദ്ധം അതാത് സാമൂഹിക ജീവിതത്തില്‍ സൃഷ്ടിച്ച ആഘാതങ്ങള്‍ അതിനുമപ്പുറമായിരുന്നു. എന്നാല്‍, ഇന്നും യുദ്ധമുഖത്താണ് ലോകമെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. 
പറഞ്ഞ് വരുന്നത് അതൊന്നുമല്ല, യുദ്ധാനന്തര കാലത്തെ ഒരു നിധി വേട്ടയെ കുറിച്ചാണ്. 

ആധുനിക ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവുമധികം നാശം വിതച്ച അതിലേറെ ഭയം ജനിപ്പിച്ച യുദ്ധമായിരുന്നു രണ്ടാം ലോകമഹായുദ്ധം. ലോകം രണ്ട് ചേരികളിലായി പകുത്ത് മാറ്റപ്പെട്ട് പരസ്പരം ഏറ്റുമുട്ടി. യൂറോപ്പായിരുന്നു പ്രധാന പോര്‍മുഖമെങ്കിലും ഏഷ്യയും ആഫ്രിക്കയും അമേരിക്കന്‍ വന്‍കരയും യുദ്ധത്തെ നേരില്‍കണ്ടു. ഒടുവില്‍ യുദ്ധമുഖത്ത് അതുവരെ പ്രയോഗിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും നാശകാരിയായ ആയുധം പ്രയോഗിച്ച് യുഎസ്എ യുദ്ധത്തിന് വിരാമിട്ടു. പക്ഷേ, അപ്പോഴേക്കും നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമായിരുന്നു ലോകത്തിന് പറയാനുണ്ടായിരുന്നത്. ആ മഹാദുരന്തത്തിന്‍റെ ഓര്‍മ്മകള്‍ക്ക് ഒരു നൂറ്റാണ്ട് പിന്നിടാന്‍ ഇനി ഒന്നര ദശാബ്ദത്തിന്‍റെ അകലം മാത്രം. അതിനിടെയാണ് രണ്ടാം ലോക മഹായുദ്ധകാലത്തെ ഒരു കുറിപ്പ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. യുദ്ധത്തില്‍ പങ്കെടുത്ത നാസി സൈനികര്‍ കുത്തിക്കുറിച്ച ഒരു ചിത്രരേഖയായിരുന്നു അത്. ആ കുറിപ്പും അതിലെ ചിത്രങ്ങളും ഏതോ നിധിയിലേക്കുള്ള രഹസ്യപാതയാണെന്ന അഭ്യൂഹമാണ് നെതര്‍ലാന്‍ഡ്സിലെ ഒരു ഗ്രാമത്തില്‍ നിധി വേട്ടയ്ക്ക് തുടക്കമിട്ടത്. 

യുദ്ധത്തിനിടെ നാസികള്‍ കൊള്ളയടിച്ച ബാങ്ക് നിലവറയില്‍ നിന്നുള്ള വിലപിടിപ്പുള്ള ആഭരണങ്ങള്‍ കുഴിച്ചിട്ടിരിക്കുന്ന സ്ഥലത്തിന്‍റെ സ്ഥാനമാണ് ആ ചിത്രക്കുറിപ്പിലുള്ളതെന്നാണ് വിശ്വാസം. ' X' എന്ന് ചുവന്ന അക്ഷരത്തില്‍ കൈ കൊണ്ട് വരച്ചെഴുതിയ ആ ചെറു ഭൂപടം ഇന്ന് നെതര്‍ലാന്‍ഡ്സിലെ  ഒമ്മെറനിന്‍ ഗ്രാമത്തില്‍ ഏറ്റവും പുതിയ നിധി വേട്ടയ്ക്കാണ് തുടക്കമിട്ടത്. ജനുവരി 3 മുതല്‍ പ്രദേശത്ത് വിവിധ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ നടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭൂപടത്തിന്‍റ പകർപ്പുകൾ ഉപയോഗിച്ച് മെറ്റൽ ഡിറ്റക്ടറുകളുടെ സഹായത്തോടെയാണ് പരിശോധനകള്‍ ഏറെയും, ചിലര്‍ കുഴികളെടുത്തും പരിശോധനകള്‍ ശക്തമാക്കി. ഗ്രാമത്തിലുള്ളവര്‍ മാത്രമല്ല പുറത്ത് നിന്നുള്ളവരും നിധിവേട്ടയ്ക്കെത്തുന്നുണ്ടെന്ന് പ്രദേശവാസിയായ മാര്‍ക്കോ റൂഡ്‍വെല്‍ഡ് പറയുന്നത്. എന്നാല്‍, നിധിവേട്ട ശക്തമാകുമ്പോഴും അത് കണ്ടെത്തിയാല്‍ തന്നെ സ്വന്തമാക്കാന്‍ കഴിയുമോയെന്ന ആശങ്കയും വേട്ടക്കാരിലുണ്ട്.  


 
ജനുവരി ആദ്യം ഡച്ച് നാഷണൽ ആർക്കൈവ് ഈ രേഖാ ചിത്രം പ്രസിദ്ധീകരിച്ചതോടെയാണ് നിധിവേട്ട ആരംഭിച്ചത്. നേരത്തെയും ഇതുപോലുള്ള രേഖാ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, അന്നൊലും ലഭിക്കാത്ത പ്രാധാന്യമാണ് പുതിയ രേഖാ ചിത്രത്തിന് ലഭിച്ചത്. ഒരു നാട്ടുവഴിയുടെ സംഗമസ്ഥാനം. അതോടൊപ്പം മൂന്ന് മരങ്ങള്‍. മരങ്ങളില്‍ ഒന്നിന്‍റെ ചുവട്ടിൽ ചുവപ്പ് മഷിയില്‍ 'X' എന്ന അടയാളം. ചിത്രങ്ങള്‍ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടു. 

രണ്ടാം ലോക യുദ്ധാനന്തരം അധികം ആളുകള്‍ വരാത്ത ആംസ്റ്റർഡാമിന് തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന വെറും 715 പേര്‍ മാത്രം ജീവിക്കുന്ന ഒമ്മെറന്‍ ഗ്രാമത്തിന്‍റെ നിശബ്ദതയിലേക്ക് പിന്നെ നിധി വേട്ടക്കാരുടെ ഒഴുക്കായിരുന്നു. ഓരോ ദിവസവും പുതിയ ദേശങ്ങളില്‍ നിന്ന് പുതിയ പുതിയ ആളുകള്‍ നിധി തേടിയെത്തി. ജനുവരിയുടെ തുടക്കത്തില്‍ തന്നെ സ്വകാര്യ ഭൂമിയിലടക്കം ഒരു മീറ്ററോളം താഴ്ചയില്‍ കുഴികള്‍ പ്രത്യക്ഷപ്പെട്ടു. പിന്നാലെ നിരവധി കുഴികള്‍. “പ്രചരിക്കുന്ന കഥയെക്കുറിച്ച് ഞങ്ങൾക്ക് ആശ്ചര്യം തോന്നുന്നു. പക്ഷേ, അതിന് ലഭിക്കുന്ന ശ്രദ്ധയും അതുപോലെയാണ്.” നാഷണൽ ആർക്കൈവ് ഗവേഷകയായ ആനെറ്റ് വാൽക്കൻസ് പറഞ്ഞു.

നിധി വേട്ടക്കാരുടെ ശല്യം വര്‍ദ്ധിച്ചതോടെ ബ്യൂറൻ മുനിസിപ്പാലിറ്റി ഒരു ഉത്തരവിറക്കി. മുനിസിപ്പാലിറ്റിയില്‍ മെറ്റൽ ഡിറ്റക്റ്ററുകളുടെ നിരോധനം നിലവിലുണ്ടെന്നായിരുന്നു അത്. പ്രദേശം രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധമുഖമായിരുന്നെന്നും ഇനിയും പൊട്ടാത്ത ബോംബുകളും കുഴിബോംബുകളും ഷെല്ലുകളും ഭൂമിക്കടിയില്‍ ഉള്ളതിനാൽ അവിടെ തിരച്ചിൽ നടത്തുന്നത് അപകടകരമാണെന്നും ഉത്തരവില്‍ പറയുന്നു. 

ആ കഥ ഇങ്ങനെ...

1944-ലെ വേനൽക്കാലത്ത് നാസി അധിനിവേശ നഗരമായ ആർൻഹെമിൽ  ("എ ബ്രിഡ്ജ് ടൂ ഫാർ"  ചലച്ചിത്രത്തിലൂടെ പ്രശസ്തമാണ് ഈ നഗരം.) നാസികള്‍ തൊടുത്തുവിട്ട ഒരു ബോംബ് ഒരു ബാങ്കിന്‍റെ ചുമര് തകര്‍ത്തു. പിന്നാലെ തെരുവില്‍ പണവും ആഭരണങ്ങളും രത്നങ്ങളും ചിന്നിച്ചിതറി. ജര്‍മ്മന്‍ നാസി സൈന്യം ഇവ ശേഖരിച്ച് വെടിമരുന്ന് പെട്ടികളില്‍ നിറച്ച് സൂക്ഷിച്ചുവച്ചു. 1945 ല്‍ യുദ്ധം പരാജയത്തിലേക്കാണ് പോകുന്നതെന്ന് മനസിലാക്കിയ നാസി സൈന്യം വെടിമരുന്ന് പെട്ടികളില്‍ സൂക്ഷിച്ച നിധി അത്രയും ഒമ്മെറനിൽ കുഴിച്ചിട്ടു. 

"നാല് വെടിമരുന്ന് പെട്ടികളും പിന്നെ തൂവാലയിൽ സൂക്ഷിച്ചിരുന്ന കുറച്ച് ആഭരണങ്ങളും  പണവും അവര്‍ അവിടെത്തന്നെ കുഴിച്ചിട്ടു," യുദ്ധാനന്തരം ഡച്ച് സൈനിക അധികാരികൾ അഭിമുഖം നടത്തിയ ഒരു ജർമ്മൻ പട്ടാളക്കാരന്‍റെ വിവരണത്തില്‍ പറയുന്നു. ഈ അഭിമുഖവും നിധി വേട്ടയ്ക്ക് പ്രേരണയായി. എന്നാല്‍, ഡച്ച് സര്‍ക്കാര്‍ നിധിയുടെ ഉടമസ്ഥാവകാശത്തെ കുറിച്ച് ഇതുവരെയായും ഒന്നു പറഞ്ഞിട്ടില്ല. 

ഡച്ച് അധികാരികൾ ഭൂപടവും പട്ടാളക്കാരന്‍റെ വിവരണവും അനുസരിച്ച് 1947-ൽ തന്നെ നിധി വേട്ടയ്ക്കിറങ്ങിയിരുന്നു. നിരന്തരം പരിശ്രമിച്ചെങ്കിലും അവര്‍ക്ക് അവിടെ നിന്ന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ പുതിയ നിധിവേട്ടക്കാര്‍ ഈ കഥകളില്‍ അധികം താത്പര്യം കാണിക്കുന്നില്ല. അവര്‍ നിധി തേടി വീണ്ടും കുഴിയെടുക്കുന്നു. സജീവമായ ബോംബുകള്‍ക്കും മൈനുകള്‍ക്കും സാധ്യതയുണ്ടെന്ന സര്‍ക്കാര്‍ ഉത്തരവിനും മേലെ അവര്‍ നിധി തേടുന്നു. 

click me!