'നിധിവേട്ട' പ്രിയം, കണ്ടെത്തിയത് 40 വർഷം മുമ്പൊരാൾ എഴുതിയ കുറിപ്പ്, പിന്നാലെ അന്വേഷണം... 

By Web TeamFirst Published Jan 24, 2023, 12:37 PM IST
Highlights

കുപ്പി തുറന്നപ്പോൾ അതിൽ കണ്ടത് 1983 ജൂൺ മാസത്തിൽ എഴുതിയിരുന്ന ഒരു കുറിപ്പാണ്. ഒരു പ്ലാസ്റ്റിക് കവറിനകത്തായിരുന്നു കുറിപ്പ്.

മിസിസ്സിപ്പിയിലെ ഒരു വിദ്യാലയത്തിന്റെ പ്രിൻസിപ്പളായി വിരമിച്ചയാളാണ് ജെറമി വീർ. ജെറമിക്ക് ഒരു ഹോബിയുണ്ട് അതാണ് നിധി വേട്ട. സ്വയം നിധിവേട്ടക്കാരൻ എന്ന് വിശേഷിപ്പിക്കുന്നയാളാണ് ഈ റിട്ട. അധ്യാപകൻ. എന്നാൽ, നിധി എന്നത് കൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത് ശരിക്കും നിധിയല്ല. മറിച്ച് പഴയ ചില സാധനങ്ങളൊക്കെ കണ്ടെത്തലാണ്. അങ്ങനെ ഒരു തിരച്ചിലിലാണ് അദ്ദേഹത്തിന് 40 വർഷം മുമ്പ് ഒരാൾ കുപ്പിയിലടച്ച് വച്ച ഒരു സന്ദേശം കിട്ടുന്നത്. എന്നാൽ, കൗതുകം അതൊന്നുമല്ല. ഇത്രയും വർഷത്തിന് ശേഷം ആ സന്ദേശം എഴുതി കുപ്പിയിലടച്ച ആളെ ജെറമി അന്വേഷിച്ച് കണ്ടെത്തി. 

ജനുവരി 16 തിങ്കളാഴ്‌ചയാണ് ജെറമി ഈ കുപ്പി കണ്ടെത്തിയത്. പിന്നാലെ തന്നെ അദ്ദേഹം അതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വച്ചു. പേൾ നദിയൽ നിന്നും ഉച്ച തിരിഞ്ഞാണ് ഇത് കിട്ടിയത് എന്നും അദ്ദേഹം പറഞ്ഞു. കുപ്പി കിട്ടിയതോടെ അദ്ദേഹം അത് നേരെ വീട്ടിലേക്ക് കൊണ്ടുവന്നു. പിന്നീട് അത് വൃത്തിയാക്കി. കുപ്പി തുറന്നപ്പോൾ അതിൽ കണ്ടത് 1983 ജൂൺ മാസത്തിൽ എഴുതിയിരുന്ന ഒരു കുറിപ്പാണ്. ഒരു പ്ലാസ്റ്റിക് കവറിനകത്തായിരുന്നു കുറിപ്പ്. ജൂൺ 4 -നാണ് കുറിപ്പ് എഴുതിയത് എന്ന് അതിൽ തീയതി നൽകിയിട്ടുണ്ട്. മിസിസിപ്പിയിലെ ജാക്‌സണിൽ താമസിച്ചിരുന്ന ഡേവിഡ് ബ്ലാങ്ക്‌സ് എന്ന വ്യക്തിയുടേതായിരുന്നു ആ കുറിപ്പ്. വെറും മൂന്ന് വയസുള്ളപ്പോഴാണ് ഡേവിഡ് ആ കുറിപ്പ് എഴുതിയത്. 

അതിൽ എഴുതിയിരുന്നത് ഇങ്ങനെ; 'എന്റെ പേര് ഡേവിഡ്. ഞാൻ മിസിസിപ്പിയിലെ ജാക്‌സണിലാണ് താമസിക്കുന്നത്. എനിക്ക് 3 വയസ്സാണ് പ്രായം. നിങ്ങൾ എന്റെയീ കുപ്പി കണ്ടെത്തിയാൽ ദയവായി എന്നെ ###-###-#### -ൽ വിളിക്കുക. ഗുഡ് ലക്ക് ആൻഡ് ഹാപ്പി ഹണ്ടിംഗ്' എന്നായിരുന്നു കുപ്പിയിലെ സന്ദേശം. ജെറമി ആ സന്ദേശം വായിച്ചു. ഡേവിഡ് ബ്ലാങ്ക്സിനെയും ഭാര്യയേയും ബന്ധപ്പെടുകയും ചെയ്തു. കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചപ്പോൾ ഡേവിഡിന്റെ മാതാപിതാക്കളെയാണ് കിട്ടിയത്. അവരാണ് ഡേവിഡിന്റെ നമ്പർ നൽകിയത്. ഡേവിഡും ഭാര്യയും 40 വർഷം മുമ്പ് എഴുതിയ ആ കുറിപ്പ് ജെറമിയുടെ അടുത്ത് നിന്നും വാങ്ങാൻ വേണ്ടി വരുന്നതിനുള്ള തയ്യാറെടുപ്പിലാണ്. 

click me!