
ഒരു ദിവസം ഒരു പുസ്തകം എങ്കിലും കാണാത്തവരോ തൊടാത്തവരോ ഉണ്ടായിരിക്കില്ല. എന്തെങ്കിലുമൊക്കെ തരത്തിലുള്ള ഏതെങ്കിലും ഒക്കെ പുസ്തകങ്ങൾ എല്ലാ ദിവസവും കാണുകയും സാധിക്കുമ്പോഴൊക്കെ പുസ്തകങ്ങൾ വായിക്കാൻ സമയം കണ്ടെത്തുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. പല വലിപ്പത്തിലുള്ള പുസ്തകങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, ലോകത്തിലെ ഏറ്റവും വലിപ്പമുള്ള പുസ്തകം ഏതാണെന്ന് അറിയാമോ?
അങ്ങനെയൊരു പുസ്തകം ഉണ്ടാകുമോ എല്ലാ പുസ്തകങ്ങൾക്കും ഏകദേശം ഒരു വലുപ്പം തന്നെയായിരിക്കില്ലേ എന്നൊക്കെയാണ് നിങ്ങളുടെ സംശയമെങ്കിൽ തെറ്റി. അങ്ങനെയല്ല, ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിച്ചിരിക്കുന്ന ആ ഭീമൻ പുസ്തകത്തിൻറെ വലിപ്പം എത്രയാണെന്നോ? 7 അടി നീളവും 11 അടി വീതിയും ഉണ്ട് ലോകത്തിലെ ഏറ്റവും വലിയ ഈ പുസ്തകത്തിന്.
ലിറ്ററസി നോൺ പ്രോഫിറ്റ് ഐ റൈറ്റും ഗാൽവെസ്റ്റൺ ലെ ബ്രയാൻ മ്യൂസിയവും ചേർന്ന് ആണ് I Am Texas എന്ന പുസ്തകത്തിന്റെ ഭീമാകാരൻ പതിപ്പ് സൃഷ്ടിച്ചത്. 1,000 ടെക്‌സാസ് വിദ്യാർത്ഥികളുടെ രചനയും കലാസൃഷ്ടികളും ഉൾപ്പെടുത്തി കൊണ്ടാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 496 പൗണ്ട് ആണ് ബുക്കിന്റെ ഭാരം. പുസ്തകം വാങ്ങി വായിക്കാൻ താല്പര്യമുള്ള ആളുകൾക്ക് വാങ്ങാനും വായിക്കാനും ഇതിൻറെ വലിപ്പം കുറഞ്ഞ പതിപ്പും സംഘാടകർ ഇറക്കിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ പുസ്തകമെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് നേടിയ ഈ ഭീമൻ പുസ്തകം ഇപ്പോൾ ടെക്‌സാസിൽ ഉടനീളം പ്രദർശിപ്പിച്ചുവരികയാണ്. നവംബർ 24 -ന് ഹൂസ്റ്റണിൽ നടക്കുന്ന എച്ച്-ഇ-ബി താങ്ക്സ്ഗിവിംഗ് ഡേ പരേഡിലും അത് പ്രദർശിപ്പിക്കും. അപൂർവ നേട്ടം കരസ്ഥമാക്കിയ ഈ ഭീമാകാരൻ പുസ്തകം നേരിൽ കാണാൻ നിരവധി ആളുകൾ ആണ് ഓരോ ദിവസവും എത്തുന്നത്.