ലോകത്തിലെ ഏറ്റവും പ്രായം ചെന്ന കാട്ടുപക്ഷിയെ കണ്ടെത്തി; 71 വയസ്സ്

Published : Dec 13, 2022, 02:16 PM IST
ലോകത്തിലെ ഏറ്റവും പ്രായം ചെന്ന കാട്ടുപക്ഷിയെ കണ്ടെത്തി; 71 വയസ്സ്

Synopsis

വർഷത്തിൽ ഒരു മുട്ടയാണ് ഈ പക്ഷികൾ ഇടുന്നത്. അതുപോലെതന്നെ ജീവിതകാലം മുഴുവൻ ഒരു ഇണയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന പക്ഷികളുമാണ് ഇവ.

ലോകത്തിൽ ഇന്നുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രായം ചെന്ന കാട്ടുപക്ഷിയായി അറിയപ്പെടുന്ന വിസ്ഡം അമേരിക്കയിലെ മിഡ്‌വേ അറ്റോൾ നാഷണൽ വൈൽഡ് ലൈഫ് റെഫ്യൂജിൽ തിരിച്ചെത്തിയതായി അധികൃതർ അറിയിച്ചു. യുഎസ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസ് (യുഎസ്എഫ്‌ഡബ്ല്യുഎസ്) വ്യാഴാഴ്ചയാണ് ഈ വിവരം പുറത്തുവിട്ടത്. ലൈസൻ ആൽബട്രോസ് ഇനത്തിൽ പെട്ട ഈ പക്ഷിക്ക് 71 വയസ്സെങ്കിലും പ്രായമുണ്ടെന്നാണ് വൈൽഡ് ലൈഫ് അധികൃതർ ട്വിറ്ററിൽ കുറിച്ചത്.  

1956 -ൽ മുട്ടയിട്ടതിന് ശേഷമാണ് ജീവശാസ്ത്രജ്ഞർ ആദ്യമായി ഈ പക്ഷിയെ തിരിച്ചറിഞ്ഞത് എന്നാണ് വൈൽഡ് ലൈഫ് അധികൃതർ ട്വിറ്ററിൽ പറയുന്നത്. ഇത്രയും കാലത്തിനിടയിൽ ഈ പക്ഷി 50 മുതൽ 60 മുട്ടകൾ വരെ ഉത്പാദിപ്പിക്കുകയും ഏകദേശം 30 കുഞ്ഞുങ്ങളെ വളർത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇവൾ ഒരു മുത്തശ്ശി കൂടി ആണെന്നാണ് വൈൽഡ് ലൈഫ് അധികൃതർ പറയുന്നത്. 

എന്നാൽ, വിസ്‌ഡത്തിന്റെ ദീർഘകാല ഇണയായ അകേകാമൈയെ ഈ വർഷം വന്യജീവി സങ്കേതത്തിൽ കണ്ടിട്ടില്ലെന്ന് യുഎസ്എഫ്‌ഡബ്ല്യുഎസ് പറഞ്ഞു. 2021 -ന്റെ തുടക്കത്തിൽ ആണ് ഈ ജോഡിയുടെ ഏറ്റവും പുതിയ കുഞ്ഞ് വിരിഞ്ഞത്. വർഷത്തിൽ ഒരു മുട്ടയാണ് ഈ പക്ഷികൾ ഇടുന്നത്. അതുപോലെതന്നെ ജീവിതകാലം മുഴുവൻ ഒരു ഇണയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന പക്ഷികളുമാണ് ഇവ. എന്നാൽ വിസ്ഡത്തിന്റെ ദീർഘായുസ്സ് കണക്കിലെടുത്ത് ഇത് ഒന്നിലധികം ഇണകളെ ആശ്രയിച്ചിരിക്കാമെന്നാണ് ശാസ്ത്രജ്ഞർ അനുമാനിക്കുന്നത്.

1956 മുതൽ വിസ്‌ഡം 3,000,000 മൈൽ (4,800,000 കി.മീ) പറന്നതായിട്ടാണ് കണക്കാക്കുന്നത്. എന്ത് തന്നെയായാലും വിസ്ഡം വീണ്ടും തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെൻറ് അധികൃതർ.

PREV
click me!

Recommended Stories

അച്ഛനുമമ്മയും ചെലവഴിക്കുമോയെന്ന ഭയം, സമ്മാനത്തുക സ്വർണ നിക്ഷേപത്തിന് ഉപയോഗിച്ച 10 വയസുകാരി ചൈനയിലെ താരം !
32 വർഷത്തോളം കുക്കിംഗ് സ്‌പ്രേ ഉപയോഗിച്ചു, പിന്നാലെ ഗുരുതര ശ്വാസകോശ രോഗം; 226 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി