രണ്ടാം ലോകമഹായുദ്ധ കാലത്തെ പൊട്ടാതെ കിടന്ന ബോംബ് കണ്ടെത്തി, നശിപ്പിക്കവെ സംഭവിച്ചത്...

By Web TeamFirst Published Mar 1, 2021, 3:29 PM IST
Highlights

ജർമ്മൻ സ്ഫോടക വസ്തുവായ ഇത് വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് പൊലീസ് വിശേഷിപ്പിച്ചു. സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ കുറഞ്ഞത് 820 അടി അകലേയ്ക്ക് തെറിച്ചിരിക്കാം എന്ന് അനുമാനിക്കുന്നു. 

രണ്ടാം ലോക മഹായുദ്ധ സമയത്ത് പൊട്ടാതെ കിടന്ന ഒരു ബോംബ് യുകെ -യിലെ എക്സ്റ്റെറ്ററിൽ നിന്ന് കണ്ടെത്തി. ഗ്ലെൻ‌തോർൺ റോഡിലെ ഒരു കെട്ടിടത്തിന്റെ പരിസരത്താണ് വെള്ളിയാഴ്ച ബോംബ് കണ്ടെത്തിയത്. 1,000 കിലോഗ്രാം ഭാരമാണ് ബോംബിനുള്ളത്. നാസികൾ ഉപയോഗിച്ചിരുന്ന ബോംബാണ് ഇതെന്ന് വിശ്വസിക്കുന്നു. ബോംബ് കണ്ടെത്തിയതിനെ തുടർന്ന്, 1,400 വിദ്യാർത്ഥികളെയും 2,600 വീടുകളിൽ നിന്ന് ആളുകളെയും പൊലീസ് ഒഴിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം 6.10 -നാണ് ബോംബ് നശിപ്പിച്ചത്. അപ്പോഴുണ്ടായ നിയന്ത്രിത സ്ഫോടനത്തെ തുടർന്ന് പരിസരത്തുള്ള ജനലുകൾ പൊട്ടിത്തെറിക്കുകയും, വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.  

സ്‌ഫോടനത്തിൽ ഡബിൾ ഡെക്കർ ബസിന്റെ വലുപ്പമുള്ള ഒരു ഗർത്തമുണ്ടായതായി പൊലീസ് പറഞ്ഞു. കൂടാതെ, വലിയ ലോഹ അവശിഷ്ടങ്ങൾ കെട്ടിടങ്ങളിൽ പതിച്ചതായും, 100 മീറ്റർ ചുറ്റളവിലെ ചില കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായതായും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് യൂണിവേഴ്സിറ്റി ഓഫ് എക്സ്റ്റൻഷൻ സ്ട്രീത്ത്ഹാം കാമ്പസിനടുത്തുള്ള സ്വകാര്യ ഭൂമിയിൽ കെട്ടിട നിർമ്മാതാക്കൾ ബോംബ് കണ്ടെത്തിയത്. 400 മീറ്ററിനകത്ത് താമസിക്കുന്ന ആളുകൾക്ക് എപ്പോഴാണ് വീടുകളിലേക്ക് മടങ്ങാൻ സാധിക്കുക എന്നത് നിശ്ചയമില്ല.

ജർമ്മൻ സ്ഫോടക വസ്തുവായ ഇത് വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് പൊലീസ് വിശേഷിപ്പിച്ചു. സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ കുറഞ്ഞത് 820 അടി അകലേയ്ക്ക് തെറിച്ചിരിക്കാം എന്ന് അനുമാനിക്കുന്നു. പരിസരത്ത് ചിതറി വീണ വലിയ ലോഹക്കഷണങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്‌തു. സ്ഫോടനം “പെട്ടെന്നും ഉച്ചത്തിലും” ആയിരുന്നുവെന്ന് അതിനടുത്തുള്ള ഒരാൾ പറഞ്ഞു. വീട് വിറയ്ക്കുകയായിരുന്നു എന്നും വലിയ പുക അന്തരീക്ഷത്തിൽ നിറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. റോയൽ ലോജിസ്റ്റിക് കോർപിലെ സൈനികരുടെ സഹായത്തോടെ റോയൽ നേവി ബോംബ് നിർമാർജന സംഘമാണ് ബോംബ് നശിപ്പിച്ചത്. സ്‌ഫോടനത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിനുള്ള വിപുലമായ പ്രവർത്തനങ്ങൾ അവർ നടത്തി. 400 ടൺ മണൽ ഇടുക, വലിയ കിടങ്ങുകൾ കുഴിക്കുക, മതിലുകൾ പണിയുക തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ബോംബ് നിർമാർജന വിദഗ്ധർ നടപ്പാക്കി. എന്നിട്ടും നാശനഷ്ടങ്ങൾ സംഭവിച്ചു. 

click me!