നിങ്ങളുടെ വളര്‍ത്തുപട്ടികൾക്ക് കളിക്കാന്‍ താത്പര്യ കൂടുതലുണ്ടോ? കാരണം കണ്ടെത്തി ഗവേഷകർ

Published : Oct 11, 2025, 05:18 PM IST
paying dogs

Synopsis

പട്ടികൾക്ക് കളികളോടുള്ള അടങ്ങാത്ത താല്പര്യത്തിന് പിന്നിലെ കാരണം ഒരു പുതിയ പഠനം കണ്ടെത്തി. ചില പട്ടികളിൽ ഇത് മനുഷ്യരിലെ ആസക്തിക്ക് സമാനമായ പെരുമാറ്റമായി മാറുന്നുണ്ടെന്നും, കളിപ്പാട്ടത്തോടല്ല മറിച്ച് പട്ടികൾക്ക് കളിയോടുള്ള ഇഷ്ടം കൊണ്ടാണെന്നും പഠനം. 

 

നുഷ്യനോട് ഏറെ ഇണക്കം കാണിക്കുന്ന മൃഗമാണ് പട്ടികൾ. പലപ്പോഴും ഇവ മനുഷ്യരുടെ കൂടെ കളിയ്ക്കാൻ അതീവ താല്പര്യം പ്രകടിപ്പിക്കാറുമുണ്ട്. നിങ്ങളുടെ കാൽക്കീഴിൽ പട്ടിയുടെ ഉമിനീരിൽ കുതിർന്ന പന്തുണ്ടാവുകയും, അടുത്ത എറിയലിനായി പട്ടിയുടെ പ്രതീക്ഷ നിറഞ്ഞ കണ്ണുകൾ നിങ്ങളോട് അപേക്ഷിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, പറയാതെ തന്നെ പട്ടികൾക്ക് നിങ്ങളോടൊപ്പം കളിക്കാൻ എത്രമാത്രം ഇഷ്ടമാണെന്ന് മനസിലാക്കാന്‍ കഴിയും. എന്തുകൊണ്ടാകും പട്ടികൾക്ക് കളികളോട് ഇത്രമാത്രം താത്പര്യമെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ അതിന് പിന്നിലെ കാരണം കണ്ടെത്തിയിരിക്കുകയാണ് ബിഹേവിയറൽ ബയോളജിസ്റ്റ് സ്റ്റെഫാനി റീമറും (Stefanie Riemer) സഹപ്രവർത്തകരും.

പട്ടികളിലെ ആസക്തി

കളിക്കാൻ ഇഷ്ടപ്പെടുന്ന 105 വളർത്തുനായ്ക്കളുടെ കൂട്ടത്തെയാണ് ഇതിനായി സ്റ്റെഫാനി റീമറും സഹപ്രവർത്തകരും പഠന വിധേയമാക്കിയത്. ഓരോ ഉടമയും കളിപ്പാട്ടങ്ങളുടെ വലിയ ശേഖരത്തിൽ നിന്ന് അവരുടെ നായയ്ക്ക് ഇഷ്ടപ്പെടുമെന്ന് അവർ കരുതിയ പന്ത്, പ്ലഷ് ടോയ്, ടഗ് ടോയ് എന്നിങ്ങനെ മൂന്ന് കളിപ്പാട്ടങ്ങൾ തെരഞ്ഞെടുത്തു. എന്നാൽ, അന്തിമ തീരുമാനം നായയുടേതായിരുന്നു. നായയ്ക്ക് ഏറ്റവും താൽപ്പര്യമുള്ള കളിപ്പാട്ടമാണ് പരീക്ഷണങ്ങൾക്കായി ഉപയോഗിച്ചതും. പട്ടികളുടെ ഈ പെരുമാറ്റം മനുഷ്യന്‍റെ ആസക്തികളുമായി സമാനതകൾ പങ്കിടുന്നുവെന്നാണ് പഠനത്തിലെ കണ്ടെത്തൽ.

പഠനരീതി

കളിപ്പാട്ടങ്ങൾക്ക് അടിമയായ പട്ടികളെ സംബന്ധിച്ചിടത്തോളം ഈ പരീക്ഷണങ്ങൾ കഠിനമായിരുന്നു. ഒരു പരീക്ഷണത്തിൽ ശാസ്ത്രജ്ഞർ കളിപ്പാട്ടം പട്ടിയ്ക്ക് എടുക്കാൻ കഴിയാത്തവിധം ഷെൽഫിൽ വെക്കുകയും കുറുകൽ, മുകളിലേക്ക് നോക്കൽ, ചാട്ടം എന്നിവയൊക്കെ ഉൾപ്പെട്ട നായയുടെ പ്രതികരണം അളക്കുകയും ചെയ്തു. മറ്റൊരു പരീക്ഷണത്തിൽ അടച്ചിട്ട പെട്ടിയിലുള്ള കളിപ്പാട്ടവും തുറന്നതും ഭക്ഷണം നിറച്ചതുമായ ഒരു പസിൽ ബോക്സും പട്ടികൾക്ക് മുന്നിൽ വച്ചു, ചില പട്ടികൾ ആഹാരം അവഗണിച്ച് അടച്ചു വച്ച കളിപ്പാട്ടമുള്ള പെട്ടിയിൽ മാന്തിക്കൊണ്ടിരുന്നു.

കളിപ്പാട്ടം മാറ്റിയ ശേഷം പട്ടി ശാന്തനാകാൻ എടുത്ത സമയവും ഗവേഷകർ രേഖപ്പെടുത്തി. ഈ പരീക്ഷണ ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്കോറിംഗ് സംവിധാനം ഉപയോഗിച്ച് പട്ടികുട്ടികളിൽ 33 എണ്ണം ആസക്തിക്ക് സമാനമായ പെരുമാറ്റം (addictive-like behavior) എന്ന് തങ്ങൾ വിളിക്കുന്നതിന്‍റെ ലക്ഷണങ്ങൾ കാണിച്ചതായി റീമറും സഹപ്രവർത്തകരും അവകാശപ്പെട്ടു. പട്ടികളിലെ കളികളോടുള്ള ആസക്തിയെ കുറിച്ചുള്ള പഠനം ഒക്ടോബർ 9-ന് സയന്‍റിഫിക് റിപ്പോർട്ട്സ് (Scientific Reports) ജേണലിൽ പ്രസിദ്ധീകരിച്ചു.

കളിപ്പാട്ടത്തോടല്ല ആസക്തി, കളിയോട്

കളിപ്പാട്ടമല്ല മറിച്ച് കളിയാണ് പട്ടികളുടെ ഇത്തരം പ്രേരണയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി റീമർ പറയുന്നു. മനുഷ്യന്‍റെ ചില ആസക്തികളെപ്പോലെ കളിക്കുന്ന നായ്ക്കളും നല്ല വികാരങ്ങളെ പിന്തുടരുകയായിരിക്കാം. കളിയോടുള്ള ഈ തീവ്രമായ ആസക്തി ടെറിയർ (terriers), ഷെപ്പേർഡ് (shepherds) ഇനങ്ങളിലുള്ള പട്ടികളിലാണ് കൂടുതലായി കാണപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സ്വഭാവ സവിശേഷത ജോലിക്കായി ഉപയോഗിക്കുന്ന പട്ടികളെ എളുപ്പത്തിൽ പ്രചോദിപ്പിക്കാനും, ശ്രദ്ധയും ഉത്സാഹവും വർധിപ്പിക്കാനും അഭികാമ്യമാണെന്നും ഗവേഷകർ കൂട്ടിച്ചേര്‍ക്കുന്നു.

മനുഷ്യരിലെ പെരുമാറ്റപരമായ ആസക്തികളെക്കുറിച്ച് പഠനങ്ങൾ വളരെ കുറവാണെന്നും അതിലും കുറവാണ് പട്ടികളിലെ തീവ്രമായ പെരുമാറ്റങ്ങളെക്കുറിച്ചുള്ള പഠനങ്ങളെന്നും റീമർ ചൂണ്ടിക്കാണിക്കുന്നു. രണ്ടിനെയും ഒന്നായി കാണരുതെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന് ഇത്തരം കളികൾ വളരെ വിലപ്പെട്ടതാണെന്നും അത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?