
ബെംഗലുരു: വാടകയ്ക്ക് ഒരു വീട് കിട്ടുകയെന്നത് പലപ്പോഴും ഭാഗ്യ പരീക്ഷണമാണ്. ബെംഗലുരു പോലെയൊരു മെട്രോ നഗരത്തില്‍ വാടകയ്ക്ക് വീട് സംഘടിപ്പിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ സര്‍ക്കാര്‍ ജോലി ലഭിക്കുമെന്ന സ്ഥിതിയാണ് എന്ന വിമര്‍ശനം രൂക്ഷവുമാണ്. അതിനിടെ പ്ലസ് ടു മാര്‍ക്കിന്‍റെ പേരില്‍ വാടക വീട് നഷ്ടമായ അനുഭവം പങ്ക് വച്ചിരിക്കുകയാണ് ഒരു യുവാവ്. ട്വിറ്ററിലാണ് വാടകയ്ക്ക് വീട് തേടിയപ്പോഴത്തെ വിചിത്ര അനുഭവം യുവാവ് പങ്കുവച്ചിട്ടുള്ളത്. വീട്ടുടമ ആവശ്യപ്പെട്ട വിവിധ രേഖകളും യുവാവിനേക്കുറിച്ചുള്ള ലഘു കുറിപ്പും നല്‍കിയ ശേഷം വീട് ലഭിക്കുന്നതില്‍ വെല്ലുവിളിയായത് പ്ലസ് ടു മാര്‍ക്കാണെന്നാണ് യുവാവ് പറയുന്നത്.
ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, പത്താം ക്ലാസ് - പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ്, ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡ്, ട്വിറ്റര്‍ അക്കൌണ്ട് ലിങ്ക്, ലിങ്ക്ഡിന്‍ അക്കൌണ്ട് ലിങ്ക്, അപേക്ഷകനേക്കുറിച്ചുള്ള ലഘുവിവരണം എന്നിവയാണ് വീട്ടുടമ ആവശ്യപ്പെട്ടതെന്ന് ബ്രോക്കര്‍ പറഞ്ഞതനുസരിച്ച് നല്‍കി എന്നാല്‍ ഇതെല്ലാം പരിശോധിച്ച ശേഷം വീട് നല്‍കില്ലെന്നായിരുന്നു ഉടമയുടെ നിലപാട്. ഇതിനായി ചൂണ്ടിക്കാണിച്ച കാര്യമാണ് വിചിത്രമെന്നാണ് യുവാവ് ട്വിറ്ററില്‍ കുറിക്കുന്നത്. എന്നാല്‍ ട്വീറ്റിന് ലഭിക്കുന്ന പ്രതികരണങ്ങളില്‍ ഏറിയ പങ്കും സമാനമായ അനുഭവസ്ഥരുടേതാണ്. മാര്‍ക്ക് നിങ്ങളുടെ ഭാവി തീരുമാനിക്കുന്നില്ല എന്നാല്‍ ബെംഗലുരുവില്‍ ഒരു ഫ്ലാറ്റ് കിട്ടുന്നതില്‍ നിര്‍ണായകമാണ് എന്ന കുറിപ്പോടെയാണ് ബ്രോക്കറുമായുള്ള ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ട് യുവാവ് പങ്കുവയ്ക്കുന്നത്. ലോക്ക്ഡൌണിന് ശേഷം ബെംഗലുരുവില്‍ വാടക വീട് സംബന്ധിച്ച് നിരവധി പ്രതികരണങ്ങളാണ് അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്.
കഴിഞ്ഞ ദിവസം കൈക്കുഞ്ഞുമായി വാടക ഫ്ലാറ്റ് ഒഴിയേണ്ടി വന്ന കാരണം ദമ്പതികള്‍ പങ്കുവച്ചത് ഏറെ ചര്‍ച്ചയായിരുന്നു. അന്‍വേസ ചക്രവര്‍ത്തി എന്ന 36കാരനും കുടുംബത്തിനുമാണ് ദുരനുഭവമുണ്ടായത്. കൈകുഞ്ഞും ഭര്‍ത്താവും ഭര്‍ത്താവിന്‍റെ അച്ഛനും അമ്മയും അടങ്ങുന്നതായിരുന്നു അന്‍വേസയുടെ കുടുംബം. 2020 ല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യ ലോക്ഡൗണിലേക്ക് നീങ്ങിയപ്പോഴാണ് അന്‍വേസ ബെല്ലന്തൂര്‍ ഫ്ലാറ്റിലേക്ക് മാറുന്നത്. അന്ന് 25,000 രൂപയായിരുന്നു വാടക. വര്‍ഷാവര്‍ഷം 1,000 രൂപ വച്ച് വര്‍ദ്ധിപ്പിക്കാമെന്നതായിരുന്നു അന്നത്തെ ധാരണ.
ഐടി കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം രീതി അവസാനിപ്പിച്ചതോടെ കൊവിഡ് കാലത്ത് നഗരം വിട്ടിരുന്നവര്‍ നഗരത്തിലേക്ക് തിരികെ വന്ന് തുടങ്ങിയതോടെ ഫ്ലാറ്റുടമകളും വീട്ടുടമകളും വാടക വീണ്ടും വര്‍ദ്ധിപ്പിച്ചു. ഇത്തവണ ഒറ്റയടിക്ക് 35,000 രൂപയായിട്ടായിരുന്നു വാടക വര്‍ദ്ധിപ്പിച്ചത്. ഇതോടെ മറ്റ് മാര്‍ഗമില്ലാതെ യുവാവിനും കുടുംബത്തിനും ഫ്ലാറ്റ് ഒഴിയേണ്ടി വരേണ്ടി വന്നത്. കരാർ പുതുക്കുകയും 27,000 രൂപയ്ക്ക് 5 ശതമാനം അധിക വാടക നൽകാൻ തുടങ്ങിയതിനും ശേഷമായിരുന്നു ഇതെന്നതാണ് ശ്രദ്ധേയമെന്നും യുവാവ് പ്രതികരിച്ചിരുന്നു.