
യുഎസ്സിലാകെ ആശങ്ക വിതച്ച ഒന്നായിരുന്നു സോംബി ഡ്രഗ്. ഇത് ഉപയോഗിക്കുന്ന ആളുകളുടെ ഭയപ്പെടുത്തുന്ന വീഡിയോകൾ കുറേ കാലങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈ ഡ്രഗ് ഒമ്പത് പേരുടെ ജീവനെടുക്കുകയും 150 പേർ ഓവർഡോസെടുത്തതിന്റെ പേരിൽ അപകടത്തിലാവുകയും ചെയ്തു എന്നാണ് പറയുന്നത്. ഈ സോംബി ഡ്രഗ് എന്നത് പലരേയും കുഴക്കിയ ചോദ്യമായിരുന്നു. ഒടുവിൽ, അതിന് മറുപടിയും കിട്ടി.
സൈലാസൈൻ എന്ന മരുന്നാണ് സോംബി ഡ്രഗ് ആയി മാറുന്നത് എന്നായിരുന്നു അധികൃതരുടെ കണ്ടെത്തൽ. ട്രാങ്ക് എന്നും ഇത് അറിയപ്പെടുന്നു. സാധാരണയായി മൃഗങ്ങൾക്ക് അനസ്തേഷ്യ നൽകുന്നതിനോ വേദനസംഹാരിയായോ ഒക്കെയാണ് ഇത് ഉപയോഗിക്കുന്നത്. എന്നാൽ, യുഎസ്സിൽ ജനങ്ങൾ മയക്കുമരുന്നിന് പകരമായി വ്യാപകമായി ഇത് ഉപയോഗിച്ച് തുടങ്ങി. ഇത് കുത്തി വയ്ക്കുന്ന സ്ഥലത്ത് വ്രണങ്ങളുണ്ടാകാനും പഴുക്കാനും ഇത് കാരണമാകുന്നു. അതുപോലെ ഇത് ഉപയോഗിക്കുന്ന ആളുകൾ 'സോംബി'കളെ പോലെ പെരുമാറുന്നു.
കൊക്കെയിന്‍, ഹെറോയിന്‍, ഫെന്റനൈല്‍ തുടങ്ങിയവയിൽ സൈലാസൈൻ ചേർക്കുന്നുണ്ട് എന്ന് പറയുന്നു. രണ്ടായിരത്തിന്റെ തുടക്കത്തോടെയാണ് ഇത് ആളുകൾ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടത്. അടുത്തിടെ ഇത് വളരെ അധികം വർധിക്കുകയും നിരവധി വീഡിയോകൾ അടക്കം സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. തെരുവുകളിൽ സോംബികളെ പോലെ പെരുമാറുന്ന, ശരീരം അഴുകിത്തുടങ്ങുന്ന മനുഷ്യർ വലിയ ഭീതിയാണ് സൃഷ്ടിച്ചത്.
പിന്നീടാണ് ഇത് സൈലാസൈൻ ആണെന്ന് കണ്ടെത്തിയത്. ഇതിന്റെ വിൽപനയും വാങ്ങുന്നതും എല്ലാം നിയമപരമാണ് എങ്കിലും മനുഷ്യരിൽ ഇത് ഉപയോഗിക്കാൻ അനുമതിയില്ല. എങ്കിലും നിരവധിക്കണക്കിന് ആളുകളാണ് ഓരോ ദിവസവും മയക്കുമരുന്നിന് പകരമായി ഇത് ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. ഇതുപയോഗിക്കുന്നവരുടെ വീഡിയോയും വലിയ ഭീതി തന്നെ സൃഷ്ടിച്ചിട്ടുണ്ട്.