
ആധാർ കാർഡിലെ പേര് തിരുത്തുന്നതിനുള്ള നടപടിക്രമങ്ങളിൽ പുതിയ മാറ്റങ്ങളുമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. 2026 സെപ്റ്റംബർ 18 ന് പുറത്തിറക്കിയ പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ പ്രകാരം പേരിലെ തിരുത്തലുകളെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് ഇനി അപേക്ഷകൾ പരിഗണിക്കുക. പേരിലെ ചെറിയ തിരുത്തലുകൾ, വിവരങ്ങൾ രേഖപ്പെടുത്തുമ്പോഴുണ്ടായ പിഴവുകൾ, വിവാഹത്തിനോ വിവാഹമോചനത്തിനോ ശേഷമുള്ള പേരുമാറ്റം, പൂർണമായ പേര് മാറ്റം തുടങ്ങിയവയ്ക്ക് വ്യത്യസ്ത രേഖകളാണ് ഇനി ആവശ്യമായി വരിക. പേര് തിരുത്തുന്നതിനായി സമർപ്പിക്കുന്ന രേഖകളും സത്യവാങ്മൂലങ്ങളും ഗസറ്റ് വിജ്ഞാപനവും പരിശോധിച്ച ശേഷമായിരിക്കും അപേക്ഷയിൽ നടപടിയെടുക്കുക.
വ്യക്തിയുടെ തിരിച്ചറിയലിൽ മാറ്റമുണ്ടാകാത്ത ചെറിയ പേരുതിരുത്തലുകളെയാണ് ചെറിയ പേരുമാറ്റമായി കണക്കാക്കുന്നത്. പേരിന്റെ ആദ്യാക്ഷരങ്ങൾ പൂർണരൂപത്തിലാക്കുക, മധ്യനാമമോ കുടുംബപ്പേരോ ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്യുക, പേരുകളുടെ ക്രമം മാറ്റുക, ഉച്ചാരണത്തിൽ മാറ്റമില്ലാത്ത ചെറിയ അക്ഷരപ്പിശകുകൾ തിരുത്തുക തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ഇത്തരം തിരുത്തലുകൾക്ക് ബാധകമായ തിരിച്ചറിയൽ രേഖ സമർപ്പിച്ചാൽ മതിയാകും. 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ കാര്യത്തിൽ കുടുംബനാഥനെ അടിസ്ഥാനമാക്കിയുള്ള പേരുമാറ്റമാണെങ്കിൽ ബന്ധം തെളിയിക്കുന്ന രേഖയും ഉപയോഗിക്കാം.
ആധാറിൽ പേര് രേഖപ്പെടുത്തുന്നതിനിടെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നോ വിവരശേഖരണത്തിനിടയിലോ ഉണ്ടായ പിഴവ് മൂലമാണ് തെറ്റായ പേര് രേഖപ്പെടുത്തിയതെങ്കിൽ പ്രത്യേക നടപടിക്രമമാണ് പാലിക്കേണ്ടത്. മുതിർന്നവർ അനുബന്ധം ബി സത്യവാങ്മൂലത്തിനൊപ്പം ബാധകമായ തിരിച്ചറിയൽ രേഖയോ ബന്ധം തെളിയിക്കുന്ന രേഖയോ സമർപ്പിക്കണം. പ്രായപൂർത്തിയാകാത്തവരുടെ കാര്യത്തിൽ മാതാപിതാക്കളോ നിയമപരമായ രക്ഷിതാവോ അനുബന്ധം സി സത്യവാങ്മൂലം സമർപ്പിക്കണം. എന്നാൽ അപേക്ഷയിൽ ആവശ്യപ്പെടുന്ന പേര് നേരത്തെ ആധാറിനായി സമർപ്പിച്ച രേഖയിലെ ശരിയായ പേരുമായി പൊരുത്തപ്പെടണം. പൊരുത്തക്കേട് കണ്ടെത്തിയാൽ അപേക്ഷ നിരസിക്കപ്പെടാം.
വിവാഹത്തിനോ വിവാഹമോചനത്തിനോ ശേഷം കുടുംബപ്പേര് മാറ്റാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് പ്രത്യേക വ്യവസ്ഥകളുണ്ട്. അനുബന്ധം ഡി സത്യവാങ്മൂലത്തിനൊപ്പം തിരിച്ചറിയൽ രേഖ സമർപ്പിക്കണം. വിവാഹമോ വിവാഹമോചനമോ കാരണമാണ് കുടുംബപ്പേര് മാറ്റുന്നതെന്നും വ്യക്തിയുടെ തിരിച്ചറിയലിൽ മാറ്റമില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കണം. രജിസ്റ്റർ ചെയ്ത വിവാഹ സർട്ടിഫിക്കറ്റും അനുബന്ധ രേഖയായി സമർപ്പിക്കാം. ലിംഗമാറ്റത്തെ തുടർന്നുള്ള പേരുമാറ്റത്തിനും പ്രത്യേക വ്യവസ്ഥകൾ പുതിയ നടപടിക്രമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ബാധകമായ തിരിച്ചറിയൽ രേഖ ആവശ്യമാണ്.
ചില ചെറിയ തിരുത്തലുകൾക്ക് രേഖകളൊന്നും സമർപ്പിക്കേണ്ടതില്ലെന്നും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. പേരിലെ വലിയക്ഷരങ്ങളുടെ ക്രമത്തിലെ പിഴവ് തിരുത്തുന്നതും ഇതിൽ ഉൾപ്പെടും. പേരിലെ കുത്തുകൾ ഒഴിവാക്കുന്നതും ഇത്തരം തിരുത്തലുകളുടെ പരിധിയിൽ വരും. പേരുകളിൽ ഒന്നിനെ നിലനിർത്താൻ ആഗ്രഹിക്കുന്ന മുതിർന്നവർ അനുബന്ധം ഇ സത്യവാങ്മൂലത്തിനൊപ്പം തിരിച്ചറിയൽ രേഖ സമർപ്പിക്കണം. കുട്ടികളുടെ കാര്യത്തിൽ അനുബന്ധം എഫ് സത്യവാങ്മൂലവും തിരിച്ചറിയൽ രേഖയോ ബന്ധം തെളിയിക്കുന്ന രേഖയോ ആവശ്യമാണ്. മറ്റു സാഹചര്യങ്ങളിൽ അപരനാമങ്ങൾ, പേരിന് മുമ്പുള്ള വിശേഷണങ്ങൾ, സൈനിക പദവികൾ, ഔദ്യോഗിക പദവികൾ, കുത്തുകൾ, മറ്റ് പ്രത്യേക ചിഹ്നങ്ങൾ എന്നിവ ഒഴിവാക്കിയാണ് പേര് രേഖപ്പെടുത്തേണ്ടത്.
പൂർണമായ പേര് മാറ്റുകയോ വ്യക്തിയുടെ തിരിച്ചറിയലിൽ തന്നെ മാറ്റമുണ്ടാകുന്ന തരത്തിലുള്ള പേരുമാറ്റം നടത്തുകയോ ചെയ്യുന്നത് പ്രധാന പേരുമാറ്റമായി കണക്കാക്കും. ഇത്തരം സാഹചര്യങ്ങളിൽ ഗസറ്റ് വിജ്ഞാപനം നിർബന്ധമാണ്. ഗസറ്റ് വിജ്ഞാപനത്തിനൊപ്പം ബാധകമായ തിരിച്ചറിയൽ രേഖയും സമർപ്പിക്കണം. അപേക്ഷയിൽ ആവശ്യപ്പെടുന്ന പുതിയ പേര് നേരത്തെ ആധാറിൽ രേഖപ്പെടുത്തിയതോ പിന്നീട് തിരുത്തിയതോ ആയ പേരുകളുമായി താരതമ്യം ചെയ്യുകയും ചെയ്യും. സമർപ്പിക്കുന്ന തിരിച്ചറിയൽ രേഖകൾ, ബന്ധം തെളിയിക്കുന്ന രേഖകൾ, സത്യവാങ്മൂലങ്ങൾ, ഗസറ്റ് വിജ്ഞാപനങ്ങൾ എന്നിവയുടെ ആധികാരികത പരിശോധിച്ച ശേഷമായിരിക്കും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി അപേക്ഷയിൽ നടപടിയെടുക്കുക. സെപ്റ്റംബർ 18 ന് പുറത്തിറക്കിയ സർക്കുലർ ഒപ്പുവച്ച തീയതി മുതൽ തന്നെ പുതുക്കിയ നടപടിക്രമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. അതിനാൽ ആധാറിലെ പേര് തിരുത്താൻ ഉദ്ദേശിക്കുന്നവർ അപേക്ഷ നൽകുന്നതിന് മുമ്പ് തങ്ങളുടെ പേരുമാറ്റം ഏത് വിഭാഗത്തിൽപ്പെടുന്നുവെന്നും ആവശ്യമായ രേഖകൾ ഏതൊക്കെയാണെന്നും പരിശോധിക്കുന്നത് പ്രധാനമാണ്.