
ഇന്ത്യൻ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടർ സംവിധാനങ്ങളിൽ എഐ ഏജന്റുകൾ അനുമതിയില്ലാതെ പ്രവേശിച്ച് രഹസ്യവിവരങ്ങൾ ശേഖരിച്ചതായി രാജ്യത്തെ സൈബർ സുരക്ഷാ ഏജൻസിയായ സിഇആർടി-ഇൻ. സംഭവങ്ങളിൽ വ്യക്തിഗത വിവരങ്ങളും ബിസിനസ് രേഖകളും രഹസ്യസ്വഭാവമുള്ള വിവരങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഏജൻസിയുടെ മുന്നറിയിപ്പ്. ചില സംഭവങ്ങളിൽ ഹാക്കർമാർ എഐ ഉപകരണങ്ങൾ ഉപയോഗിച്ച് സംവിധാനങ്ങളിലേക്ക് കടന്നുകയറാനും ശ്രമിച്ചതായി സിഇആർ-ടിൻ വ്യക്തമാക്കി. ഗവേഷണത്തിനും പരിശോധനയ്ക്കുമായി ഉപയോഗിച്ചിരുന്ന ചില എഐ ഏജന്റുകൾക്ക് അനുവദിച്ചിരുന്ന അധികാരപരിധി മറികടന്ന് ഇന്ത്യൻ വിവരസാങ്കേതിക സംവിധാനങ്ങളിലേക്ക് അനധികൃതമായി പ്രവേശിക്കാൻ കഴിഞ്ഞതായി നിർണായക സുരക്ഷാ മുന്നറിയിപ്പിൽ ഏജൻസി അറിയിച്ചു.
രണ്ട് വിഭാഗത്തിലുള്ള സംഭവങ്ങളാണ് സിഇആർടി-ഇൻ കണ്ടെത്തിയത്. എഐ മോഡൽ വികസിപ്പിക്കുന്ന സ്ഥാപനങ്ങളുടെ ഗവേഷണ, പരിശോധനാ പ്രവർത്തനങ്ങൾക്കിടെ എഐ ഏജന്റുകൾ അനുമതിയില്ലാതെ സംവിധാനങ്ങളിലേക്ക് കടന്നതാണ് ആദ്യ വിഭാഗം. ഓപ്പൺ സോഴ്സ് എഐ ഏജന്റ് ഉപകരണങ്ങൾ ഉപയോഗിച്ച് സൈബർ ആക്രമണകാരികൾ മനഃപൂർവം അനധികൃത പ്രവേശനം നടത്തിയതാണ് രണ്ടാമത്തെ വിഭാഗം.
എഐ മോഡൽ വികസിപ്പിക്കുന്ന സ്ഥാപനങ്ങളിൽനിന്ന് സംഭവങ്ങളെക്കുറിച്ച് ഒന്നിലധികം സ്വമേധയാ വെളിപ്പെടുത്തലുകൾ ലഭിച്ചതായും സിഇആർടി-ഇൻ അറിയിച്ചു. ബാധിക്കപ്പെട്ട സ്ഥാപനങ്ങൾക്ക് സ്വന്തം നിലയിൽ അനധികൃത പ്രവേശനം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെന്നും ഏജൻസി വ്യക്തമാക്കി. എന്നാൽ ഏതൊക്കെ ഇന്ത്യൻ സ്ഥാപനങ്ങളെയാണ് ബാധിച്ചതെന്നോ ഏതൊക്കെ എഐ മോഡൽ കമ്പനികളാണ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതെന്നോ ഏജൻസി വെളിപ്പെടുത്തിയിട്ടില്ല.
സുരക്ഷാ സംവിധാനങ്ങളിലെ ദൗർബല്യങ്ങൾ ഉപയോഗിച്ചാണ് എഐ ഏജന്റുകൾ പ്രവേശന വിവരങ്ങളും കണക്ഷൻ ക്രമീകരണങ്ങളും സ്വന്തമാക്കിയത്. ഇതിലൂടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്ന ബിസിനസ് രേഖകളും രഹസ്യരേഖകളും വായിക്കാൻ ഏജന്റുകൾക്ക് സാധിച്ചുവെന്നാണ് സിഇആർടി-ഇന്നിന്റെ കണ്ടെത്തൽ. ഏൽപ്പിച്ച ജോലികൾക്കായി അനുവദിച്ച അധികാരപരിധി മറികടന്നാണ് ഇവ പ്രവർത്തിച്ചതെന്നും ഏജൻസി ചൂണ്ടിക്കാട്ടി.
സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങളിലും പൊതുവായി ലഭ്യമായ ഓപ്പൺ സോഴ്സ് എഐ ഉപകരണങ്ങൾ ദുരുപയോഗം ചെയ്തതായി സിഇആർടി-ഇൻ കണ്ടെത്തി. ഇത്തരം ഉപകരണങ്ങൾ പരിഷ്കരിച്ച് പുതിയ പേരുകളിൽ വിവിധ രാജ്യങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
പരമ്പരാഗതമായി ദിവസങ്ങളെടുക്കുന്ന ചില ആക്രമണങ്ങൾ എഐ ഉപകരണങ്ങളുടെ സഹായത്തോടെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ നടത്താൻ കഴിയുമെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി. ഒന്നിലധികം എഐ ഏജന്റുകൾ ഒരേസമയം പ്രവർത്തിക്കുന്നതിലൂടെ ആക്രമണങ്ങളുടെ വേഗവും വ്യാപ്തിയും വർധിക്കാം. അതേസമയം, സംഭവങ്ങൾ മൂലമുണ്ടായ മൊത്തം നാശനഷ്ടങ്ങളുടെ വ്യാപ്തി ഇതുവരെ വ്യക്തമായിട്ടില്ല.
സുരക്ഷാ പ്രശ്നങ്ങൾ ഭാഗികമായി മാത്രം പരിഹരിച്ച സ്ഥാപനങ്ങൾ ദിവസങ്ങൾക്കുള്ളിൽ വീണ്ടും ആക്രമിക്കപ്പെട്ടതായി സിഇആർടി-ഇൻ അറിയിച്ചു. ഇത്തവണ ആക്രമണങ്ങളുടെ വ്യാപ്തി കൂടുതലായിരുന്നുവെന്നും കണ്ടെത്തി. നേരത്തെ ചോർന്ന പ്രവേശന വിവരങ്ങൾ എഐ ഏജന്റുകൾ വീണ്ടും കണ്ടെത്തി മറ്റ് പ്രവർത്തനങ്ങളിൽ ഉപയോഗിച്ച സംഭവങ്ങളുമുണ്ടായി.
എഐ സംവിധാനങ്ങളുടെ സുരക്ഷ വർധിപ്പിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് എഐ വികസന സ്ഥാപനങ്ങളോടും ഗവേഷണ കേന്ദ്രങ്ങളോടും സിഇആർടി-ഇൻ ആവശ്യപ്പെട്ടു. മൂന്നാം കക്ഷികളുടെ സംവിധാനങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം ഒറ്റപ്പെട്ട സാഹചര്യങ്ങളിൽ സിന്തറ്റിക് പ്രവേശന വിവരങ്ങൾ ഉപയോഗിച്ചായിരിക്കണം എഐ മോഡലുകളുടെ സുരക്ഷാ പരിശോധന നടത്തേണ്ടത്. തത്സമയ നിരീക്ഷണവും സുരക്ഷാ മുൻകരുതലുകളുടെ പ്രസിദ്ധീകരണവും ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
സ്ഥാപനങ്ങൾ പ്രവേശന വിവരങ്ങൾ പരിശോധിച്ച് മാറ്റുകയും കാലഹരണപ്പെട്ട എപിഐകൾ നീക്കം ചെയ്യുകയും വേണം. അനധികൃത പ്രവേശനം സ്ഥിരീകരിച്ചാൽ ഫോറൻസിക് പരിശോധന പൂർത്തിയാകുന്നതുവരെ ബന്ധപ്പെട്ട സംവിധാനങ്ങൾ സുരക്ഷിതമല്ലെന്ന് കണക്കാക്കണമെന്നും ഏജൻസി നിർദേശിച്ചു. ബാങ്കിങ്, ധനകാര്യ സേവന മേഖലകളിലുള്ള സ്ഥാപനങ്ങൾ പണമിടപാട്, പണം വിതരണം എന്നിവയ്ക്കുള്ള എപിഐ സുരക്ഷാ നടപടികളും ശക്തമാക്കണം.
വെബ്സൈറ്റുകളിലേക്കും ഓൺലൈൻ സംവിധാനങ്ങളിലേക്കും എഐ ഏജന്റുകൾ കടന്നുകയറുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സിഇആർടി-ഇന്നിന്റെ മുന്നറിയിപ്പ്. ജൂലൈയിൽ ഓപ്പൺഎഐയുടെ 700 ദുരുപയോഗ സ്വഭാവമുള്ള എഐ ഏജന്റുകൾ ഹഗിങ് ഫേസിനെ ലക്ഷ്യമിട്ട് ആക്രമണശ്രമം നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അമേരിക്കൻ, ഓസ്ട്രേലിയൻ സർക്കാർ വെബ്സൈറ്റുകളിലേക്കും ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട സംവിധാനങ്ങളിലേക്കും എഐ ഏജന്റുകൾ പ്രവേശിക്കാൻ ശ്രമിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മെറ്റ, ആന്ത്രോപിക്, ഗൂഗിൾ തുടങ്ങിയ കമ്പനികളും സമാനമായ സുരക്ഷാ ആശങ്കകൾ നേരത്തേ വെളിപ്പെടുത്തിയിട്ടുണ്ട്. എഐ സാങ്കേതികവിദ്യ കൂടുതൽ ശക്തമാകുന്നതിനൊപ്പം അതിന്റെ ദുരുപയോഗം തടയാനുള്ള സുരക്ഷാ സംവിധാനങ്ങളും ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് പുതിയ സംഭവങ്ങൾ വ്യക്തമാക്കുന്നത്.