എഐ ഗവേഷണം എഐ തന്നെ ഏറ്റെടുത്താൽ മനുഷ്യന് നിയന്ത്രണം നഷ്‍ടപ്പെടാം; മുന്നറിയിപ്പുമായി ഗവേഷകൻ

Published : Oct 08, 2026, 03:39 PM IST
Artificial Intelligence

Synopsis

കൃത്രിമബുദ്ധി സംവിധാനങ്ങൾ സ്വയം ഗവേഷണം നടത്തുന്ന നിലയിലേക്ക് വളരുന്നത് മനുഷ്യരാശിക്ക് വലിയ ഭീഷണിയാകുമെന്ന് മുൻ ഓപ്പൺഎഐ, ആന്ത്രോപിക് ഗവേഷകനായ ജേക്കബ് കോക്സൺ മുന്നറിയിപ്പ് നൽകി. 2027-2028 ഓടെ എഐ സാങ്കേതികവിദ്യ മനുഷ്യരുടെ നിയന്ത്രണത്തിൽ നിന്ന് പുറത്തുപോകാൻ സാധ്യതയുണ്ടെന്നും ഇത് മനുഷ്യരാശിയുടെ വംശനാശത്തിന് വരെ കാരണമാകാമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ ശക്തമായ കൃത്രിമബുദ്ധി സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള മത്സരത്തിനിടെ മനുഷ്യരാശിയുടെ ഭാവിയെക്കുറിച്ച് ഗുരുതര മുന്നറിയിപ്പുമായി എഐ ഗവേഷകൻ. ഓപ്പൺഎഐയിലും ആന്ത്രോപിക്കിലും പ്രവർത്തിച്ചിട്ടുള്ള ജേക്കബ് കോക്സണാണ് എഐ സംവിധാനങ്ങൾ സ്വയം ഗവേഷണം നടത്താൻ ശേഷിയുള്ള നിലയിലേക്ക് ഏതാനും വർഷങ്ങൾക്കുള്ളിൽ എത്തിയേക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്. ന്യൂയോർക്ക് സിറ്റി കൗൺസിലിൽ എഐ ഉയർത്തുന്ന അപകടസാധ്യതകളെക്കുറിച്ച് നടന്ന ഹിയറിങ്ങിലാണ് കോക്സൺ ഇക്കാര്യം വ്യക്തമാക്കിയത്. ആന്ത്രോപിക്കിൽ ശേഷി ഗവേഷകനായി പ്രവർത്തിച്ചിരുന്ന അദ്ദേഹം അടുത്തിടെയാണ് കമ്പനി വിട്ടത്.

2027, 2028ഓടെ നിർണായക മാറ്റമെന്ന് വിലയിരുത്തൽ

എഐ ഗവേഷണം തന്നെ എഐ ഉപയോഗിച്ച് ഓട്ടോമേറ്റ് ചെയ്യുക എന്നത് മുൻനിര എഐ കമ്പനികളുടെ പ്രധാന ലക്ഷ്യമായി മാറിയിട്ടുണ്ടെന്ന് കോക്സൺ പറഞ്ഞു. ഓപ്പൺഎഐയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് ഓട്ടോമേറ്റഡ് എഐ ഗവേഷകനുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾ 2027, 2028 വർഷങ്ങളിലേക്കാണ് നിശ്ചയിച്ചിരുന്നതെന്നും നിലവിലെ പുരോഗതി പ്രതീക്ഷകൾക്കൊപ്പമോ അതിനേക്കാൾ വേഗത്തിലോ ആണെന്നും അദ്ദേഹം പറഞ്ഞു. എഐ സംവിധാനങ്ങൾ സ്വയം കൂടുതൽ മികച്ച എഐ സംവിധാനങ്ങൾ വികസിപ്പിക്കാൻ തുടങ്ങുകയാണെങ്കിൽ, സാങ്കേതികവിദ്യയുടെ ഭാവി സംബന്ധിച്ച തീരുമാനങ്ങളിൽ മനുഷ്യരുടെ പങ്കാളിത്തം ക്രമേണ കുറയുമെന്നാണ് കോക്സണിന്റെ ആശങ്ക.

‘സ്വയം ഓട്ടോമേറ്റ് ചെയ്യാനുള്ള ജോലിയായിരുന്നു’

എഐ ഗവേഷകനെന്ന നിലയിലുള്ള തന്റെ ജോലിയെക്കുറിച്ചും കോക്സൺ ആശങ്ക പങ്കുവച്ചു. താൻ ചെയ്തിരുന്ന ജോലി തന്നെ ഭാവിയിൽ എഐ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എഐ ഉപയോഗിച്ച് കോഡ് എഴുതുന്നത് വലിയ തോതിൽ വർധിച്ചിട്ടുണ്ടെന്നും മനുഷ്യർ അത് മുൻകാലത്തേക്കാൾ സൂക്ഷ്മമായി പരിശോധിക്കുന്നില്ലെന്നും കോക്സൺ ചൂണ്ടിക്കാട്ടി. എഐ മനുഷ്യരെ സഹായിക്കുന്നതിൽ നിന്ന് മനുഷ്യരുടെ പങ്കാളിത്തമില്ലാതെ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ തുടങ്ങുമ്പോഴാണ് യഥാർഥ അപകടമെന്നും അദ്ദേഹം പറഞ്ഞു.

‘മനുഷ്യരാശിക്ക് നിയന്ത്രണം നഷ്‍ടപ്പെടാം’

നിലവിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും കോക്സൺ ആശങ്ക പ്രകടിപ്പിച്ചു. മനുഷ്യർക്ക് എഐയുടെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും അതിന്റെ അന്തിമഫലം മനുഷ്യരാശിയുടെ വംശനാശം വരെ എത്താമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എഐ കമ്പനികൾ അതിവേഗം സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു. ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയുടെ കാര്യത്തിൽ ‘വേഗത്തിൽ മുന്നേറുക, പ്രശ്നങ്ങൾ പിന്നീട് പരിഹരിക്കുക’ എന്ന സ്റ്റാർട്ടപ്പ് സമീപനം അപകടകരമാണെന്നും കോക്സൺ പറഞ്ഞു.

എഐ മേഖലയിലെ മുന്നറിയിപ്പുകൾ വർധിക്കുന്നു

കോക്സണിന്റെ മുന്നറിയിപ്പ് ഒറ്റപ്പെട്ടതല്ല. ആന്ത്രോപിക്കിലെ സുരക്ഷാ ഗവേഷകനായ ഇവാൻ ഹ്യൂബിങ്ങറും അടുത്തിടെ എഐ അടുത്ത ദശകത്തിനുള്ളിൽ മനുഷ്യരാശിയെ പൂർണമായി ഇല്ലാതാക്കാനുള്ള സാധ്യത 10 ശതമാനത്തിലധികമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

ആന്ത്രോപിക് തന്നെ എഐക്ക് സ്വയം ഗവേഷണവും വികസനവും നടത്താൻ കഴിയുന്ന സാഹചര്യം സംബന്ധിച്ച് സുരക്ഷാ വിലയിരുത്തൽ നടത്തിയിട്ടുണ്ട്. നിലവിൽ ഇത്തരം സംവിധാനങ്ങൾ ഗുരുതരമായ ദുരന്തം സൃഷ്ടിക്കുന്നതിനുള്ള സാധ്യത കുറവാണെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. എന്നാൽ മുൻകാലത്തേക്കാൾ ഈ വിലയിരുത്തലിൽ ആത്മവിശ്വാസം കുറഞ്ഞതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

എഐ വികസനത്തിന്റെ വേഗതയിൽ ജാഗ്രത വേണമെന്ന് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയ് ഉൾപ്പെടെയുള്ള വ്യവസായ പ്രമുഖരും ആവശ്യപ്പെട്ടിട്ടുണ്ട്. ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനും അത്യാധുനിക എഐയുടെ വികസനം നിയന്ത്രിത വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. എഐയിലൂടെ മനുഷ്യർക്ക് നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യതയെക്കുറിച്ച് ഇലോൺ മസ്കും സമാനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത ദശകത്തിനുള്ളിൽ മനുഷ്യർക്ക് എഐയുടെ നിയന്ത്രണം നഷ്ടപ്പെടാമെന്നും മനുഷ്യരാശി ഇല്ലാതാകാനുള്ള സാധ്യത 10 ശതമാനം മുതൽ 20 ശതമാനം വരെയാണെന്നുമാണ് മസ്കിന്റെ വിലയിരുത്തൽ. എഐ കമ്പനികൾ കൂടുതൽ സുതാര്യത പുലർത്തണമെന്നും സ്വയം പ്രവർത്തിക്കാൻ ശേഷിയുള്ള എഐ സംവിധാനങ്ങളുടെ വികസനം കൂടുതൽ നിയന്ത്രിത വേഗത്തിൽ നടത്തണമെന്നും കോക്സൺ ആവശ്യപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

കുട്ടികൾക്ക് ചാറ്റ്ജിപിടി സുരക്ഷിതമല്ലെന്ന് പഠനം; മാതാപിതാക്കൾ അറിയേണ്ട അഞ്ച് കാര്യങ്ങൾ
ആൻഡ്രോയിഡ് ക്രോമിൽ ജെമിനിയുടെ പുതിയ രഹസ്യ ഫീച്ചർ!