ദീപാവലി കച്ചവടം പൊടിപൊടിച്ചു: പക്ഷെ ആമസോണിനും ഫ്ലിപ്പ്കാർട്ടിനും വൻ നഷ്ടം

By Web TeamFirst Published Nov 4, 2019, 7:05 PM IST
Highlights
  • ഓഫറുകള്‍ വാരി വിതറി വില്‍പ്പന പൊടിപൊടിച്ചിട്ടും ആമസോണും ഫ്ലിപ്പ്കാര്‍ട്ടും നഷ്ടത്തിലെന്ന് കണക്കുകള്‍
  • ഗ്രേറ്റ് ഇന്ത്യാ സെയിലില്‍ ആമസോണിന്റെ നഷ്ടം വര്‍ധിച്ചു
  • മറ്റു ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ കാര്യമായ നഷ്ടമുണ്ടാക്കാതെ സേഫ് സോണിലാണെന്ന് സൂചന‍

മുംബൈ: കൈനിറയെ ഓഫറുകളുമായി ദീപാവലിക്ക് സാധനങ്ങള്‍ വാരിക്കോരി ഇന്ത്യക്കാര്‍ക്ക് നല്‍കിയപ്പോള്‍ സ്വാഭാവികമായും പലരും വിചാരിച്ചത് ആമസോണും ഫ്ലിപ്പ്കാര്‍ട്ടും കോടികള്‍ ലാഭമുണ്ടാക്കിയെന്നാണ്. എന്നാല്‍ പുറത്തു വരുന്ന കണക്കുകള്‍ യാഥാര്‍ത്ഥ്യമാണെങ്കില്‍, കാര്യങ്ങള്‍ അത്ര ശുഭകരമല്ല. ആമസോണ്‍ ഇന്ത്യ കഴിഞ്ഞ നാലു മാസത്തെ കണക്കുകളില്‍ 5800 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 

ഗ്രേറ്റ് ഇന്ത്യാ സെയില്‍ ആമസോണിന്റെ നഷ്ടം വര്‍ധിപ്പിച്ചപ്പോള്‍ ദീപാവലി കളര്‍ഫുള്ളാക്കി മാറ്റിയ ഫ്ലിപ്പ്കാര്‍ട്ടിന്റെ നഷ്ടം 5460 കോടി രൂപയാണ്. ഇരു കമ്പനികളും ചേര്‍ന്ന് പതിനായിരം കോടി രൂപയ്ക്ക് മുകളില്‍ നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ മറ്റു ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ കാര്യമായ നഷ്ടമുണ്ടാക്കാതെ സേഫ് സോണിലാണെന്നാണ് സൂചനകള്‍. 

വാള്‍മാര്‍ട്ടിന്റെ നിയന്ത്രണത്തിലുള്ള ഫ്ലിപ്പ്കാര്‍ട്ട് ഇതാദ്യമായാണ് ഇത്രയും വലിയ നഷ്ടം കണക്കുകളില്‍ രേഖപ്പെടുത്തിയതെന്നതും ശ്രദ്ധേയം. ഫ്ലിപ്പ്കാര്‍ട്ടും ആമസോണും ഉത്സവസീസണില്‍ നടത്തിയ വന്‍ മത്സരങ്ങള്‍ മാത്രമായിരുന്നില്ല നഷ്ടത്തിലേക്ക് ഇരു കമ്പനികളെയും കൂപ്പുകുത്തിച്ചത്. മറിച്ച്, പലപ്പോഴും ശരിയായ സമയങ്ങളില്‍ ഡെലിവറി കൊടുക്കാന്‍ കഴിയാതിരുന്നതും വെയര്‍ ഹൗസുകളില്‍ ആവശ്യത്തിനു സ്‌റ്റോക്ക് നിറക്കാന്‍ കഴിയാതിരുന്നതും സാങ്കേതികവിദ്യയുടെ അപര്യാപ്തതയുമൊക്കെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.

ആമസോണ്‍ മൊത്തവ്യാപാരത്തിലും റീട്ടെയ്ല്‍ ബിസിനസിലും നഷ്ടമുണ്ടാക്കിയപ്പോള്‍ ഫ്ലിപ്പ്കാര്‍ട്ടിനു ലോജിസ്റ്റിക്‌സിലാണ് കാലിടറിയതെന്നാണു സൂചനകള്‍. 
ഓണ്‍ലൈന്‍ മേഖലയിലെ ലോകത്തിലെ വമ്പന്മാരായ ആമസോണ്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണയിലെത്തിയിട്ട് ആറുവര്‍ഷം പിന്നിട്ടിരിക്കുന്നു. ഇതിനിടയില്‍ ഒരു സാമ്പത്തിക പാദത്തിലും ലാഭത്തിലെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. എന്നാല്‍, എതിരാളികളായ ഫ്ലിപ്പ്കാര്‍ട്ട് ഇന്ത്യന്‍ മനസുകളില്‍ ചിരപ്രതിഷ്ഠ നേടിയിട്ട് 12 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. 

ആമസോണുമായുള്ള മത്സരം കടുത്തതോടെയാണ് അവര്‍ക്ക് നഷ്ടങ്ങളുടെ കണക്കുകള്‍ രേഖപ്പെടുത്തേണ്ടി വന്നത്. അമേരിക്കന്‍ വിപണിയില്‍ 1994 മുതല്‍ കച്ചവടമുള്ള ആമസോണ്‍ അവിടെ 2001- മുതല്‍ക്കു ലാഭത്തിലാണ്. ഇന്ത്യന്‍ വിപണിയില്‍ തങ്ങള്‍ ലാഭത്തിലെത്താന്‍ അധികകാലം കാത്തിരിക്കേണ്ടി വരില്ലെന്ന ശുഭാപ്തിവിശ്വാസമാണ് ആമസോണിനുള്ളതെങ്കിലും കണക്കുകള്‍ വ്യക്തമാക്കുന്നത് മുന്നോട്ടുള്ള യാത്ര അത്ര സുഖകരമല്ലെന്നു തന്നെയാണ്. 

ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയിലേക്ക് കൂടുതല്‍ കരുത്തര്‍ എത്തിപ്പെടുന്നതും ഇരു കമ്പനികള്‍ക്കും നഷ്ടം വര്‍ധിപ്പിക്കുന്നുണ്ട്. സ്‌നാപ്ഡീല്‍, പേടിഎം മാള്‍, ഷോപ്ക്ലൂസ് തുടങ്ങിയവര്‍ കാര്യമായ ഡിസ്‌ക്കൗണ്ടുമായി ഇപ്പോള്‍ തന്നെ രംഗത്തുണ്ട്. ഇവര്‍ ലോജിസ്റ്റിക്കുകള്‍ ഷെയര്‍ ചെയ്യുന്നുവെന്നതും വെയര്‍ഹൗസുകള്‍ അധികമായി വികസിപ്പിക്കുന്നില്ലെന്നതും നഷ്ടം കുറയ്ക്കുന്നു. പക്ഷേ, നേര്‍ക്കുനേര്‍ എതിരിടേണ്ടി വരുമ്പോള്‍ ഇക്കാര്യത്തില്‍ ഫ്‌ളിപ്പ്കാര്‍ട്ടിനും ആമസോണിനും മുന്നിലെത്താന്‍ കോടികള്‍ മുതല്‍മുടക്കിയേ മതിയാവൂ.

സാങ്കേതികവിദ്യയുടെ വികസനത്തിനായി കോടികള്‍ മുടക്കേണ്ടി വരുന്നതാണ് പലപ്പോഴും ഇ-കൊമേഴ്‌സ് ഭീമന്മാര്‍ ഇപ്പോഴും നേരിടുന്ന വെല്ലുവിളി. ഇതിനു പുറമേ ലോജിസ്റ്റിക്ക് നെറ്റ്‍വര്‍ക്കുകളും വെയര്‍ഹൗസുകളുടെയും നടത്തിപ്പും വലിയ തലവേദന തന്നെ. എന്നാല്‍ ഈ സാമ്പത്തികവര്‍ഷം ആമസോണ്‍ തങ്ങളുടെ മൂന്നു രംഗത്തേക്കു മാത്രമായി നിക്ഷേപിച്ചത് 4472 കോടി രൂപയാണ്. 

മാര്‍ക്കറ്റ് പ്ലേസ്, പേയ്‌മെന്റ്‌സ്, ഫുഡ് റീട്ടെയ്ല്‍ മേഖലയിലേക്കായിരുന്നു ഈ തുക വകമാറ്റിയത്. ഇതില്‍ മാര്‍ക്കറ്റ് പ്ലേസ് എന്ന മേഖലയിലേക്ക് മാത്രമായി 3400 കോടി രൂപയാണ് ആമസോണ്‍ ചെലവഴിച്ചതത്രേ. ആമസോണ്‍ ഇതുവരെ ഇന്ത്യന്‍ വിപണിയിലേക്കു 33000 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. തങ്ങളുടെ കടന്നു വരവ് ഇന്ത്യന്‍ ഇ-കൊമേഴ്‌സ് മേഖലയെ പുഷ്ടിപ്പെടുത്തിയെന്നും 2025- മുതല്‍ തങ്ങള്‍ ലാഭത്തിലാകുമെന്നും ആമസോണ്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു. പക്ഷേ, ഓരോ പാദത്തിലെയും കണക്കുകള്‍ നഷ്ടങ്ങളുടെ അക്കം വലുതാക്കുകയും ചെയ്യുന്നു.

click me!