
ആമസോണിന്റെ ഈ വർഷത്തെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപ്പനയുടെ തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 8 മുതലാണ് വിൽപ്പന ആരംഭിക്കുക. ഫ്ലിപ്‍കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയും ഇതേ ദിവസമാണ് ആരംഭിക്കുന്നത്. പ്രൈം അംഗങ്ങൾക്ക് ഇത്തവണ കൂടുതൽ ആനുകൂല്യങ്ങളാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. അധികമായി 10 ശതമാനം വരെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. വിൽപ്പനയ്ക്ക് മുന്നോടിയായി നിരവധി ഓഫറുകൾക്കൊപ്പം വിതരണ ശൃംഖല വിപുലീകരണവും സീസണൽ നിയമനങ്ങളും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
തിരഞ്ഞെടുത്ത എസ്ബിഐ കാർഡ് ഇടപാടുകൾക്ക് 10% തൽക്ഷണ ഇളവ് ലഭിക്കും. എന്നാൽ വിവിധ ഉൽപ്പന്നങ്ങളിൽ അധിക ആനുകൂല്യങ്ങൾ എങ്ങനെ ലഭ്യമാകുമെന്നതിന്റെ പൂർണ വിവരങ്ങൾ ആമസോൺ പുറത്തുവിട്ടിട്ടില്ല.
ആഗോള മെമ്മറി ക്ഷാമത്തെ തുടർന്ന് സ്മാർട്ട്ഫോൺ വിലയിൽ വർധനയുണ്ടാകുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ വിൽപ്പന. ആപ്പിൾ, സാംസങ്, ഗൂഗിൾ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ പുതിയതും മുൻനിരയിലുള്ളതുമായ സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ വില ലഭിക്കുമെന്നാണ് പ്രതീക്ഷ. സ്മാർട്ട്ഫോണുകൾക്ക് പുറമെ ടെലിവിഷൻ, ഫാഷൻ, സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, പലചരക്ക് സാധനങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലും ഓഫറുകളുണ്ടാകും. വിവിധ ഉൽപ്പന്നങ്ങൾക്ക് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വില ലഭിക്കുമെന്നാണ് ആമസോണിന്റെ അവകാശവാദം.
ബ്ലോക്ക്ബസ്റ്റർ ഡീൽസ്, ടോപ്പ് 100 ഡീൽസ്, മെഗാ ഡീൽസ്, രാത്രി 8 മണി ഡീൽസ് തുടങ്ങിയ പ്രത്യേക ഓഫറുകൾ വിൽപ്പനയുടെ ഭാഗമാകും. ‘കൂടുതൽ വാങ്ങൂ, കൂടുതൽ ലാഭിക്കൂ’, എക്സ്ചേഞ്ച് മേള, സാമ്പിൾ മാനിയ, ആമസോൺ കോംബോസ് തുടങ്ങിയ ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. വിവിധ ഉൽപ്പന്ന വിഭാഗങ്ങളിൽ നോ കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകളും ഉണ്ടാകും.
വിൽപ്പന കാലയളവിൽ എഐ അധിഷ്ഠിത ഷോപ്പിങ് സംവിധാനങ്ങൾക്കും ആമസോൺ പ്രാധാന്യം നൽകുന്നുണ്ട്. ഉൽപ്പന്നങ്ങൾ തമ്മിൽ താരതമ്യം ചെയ്യാനും മുൻകാല വില പരിശോധിക്കാനും അനുയോജ്യമായ ഉൽപ്പന്നങ്ങൾ കണ്ടെത്താനും എഐ സംവിധാനങ്ങൾ സഹായിക്കും. ഉൽപ്പന്ന പേജുകളിലും തിരച്ചിൽ സംവിധാനത്തിലും ലഭ്യമാകുന്ന ഈ ഫീച്ചറുകൾ വഴി ഉപഭോക്താക്കൾക്ക് വാങ്ങുന്നതിന് മുമ്പ് കൂടുതൽ എളുപ്പത്തിൽ താരതമ്യം നടത്താനാകും.
പ്രൈം അംഗങ്ങൾക്കായി പ്രൈം വീഡിയോയിൽ പ്രത്യേക ആഘോഷകാല ഉള്ളടക്കങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലും ഭാഷകളിലുമായി ഒറിജിനൽ പരിപാടികൾ ഉൾപ്പെടെയുള്ളവയാണ് ഇതിൽ ഉണ്ടാകുക. എന്നാൽ ഏതൊക്കെ പരിപാടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ആമസോൺ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ആഘോഷകാല വിൽപ്പനയ്ക്ക് മുന്നോടിയായി വിതരണ ശൃംഖലയിലും ആമസോൺ വലിയ വിപുലീകരണം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ 400 നഗരങ്ങളിലായി പ്രവർത്തന ശൃംഖലയിൽ 1.6 ലക്ഷത്തിലധികം സീസണൽ തൊഴിലവസരങ്ങളാണ് കമ്പനി സൃഷ്ടിച്ചിരിക്കുന്നത്. 20 ഫുൾഫിൽമെന്റ് സെന്ററുകൾ, 6 സോർട്ട് സെന്ററുകൾ, 150 അവസാനഘട്ട വിതരണ കേന്ദ്രങ്ങൾ എന്നിവ കൂടി ഉൾപ്പെടുത്തി കമ്പനിയുടെ ഏറ്റവും വലിയ പ്രവർത്തന ശൃംഖലാ വിപുലീകരണവും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള 20 ലക്ഷത്തിലധികം വിൽപ്പനക്കാരെ നിലവിലെ ശൃംഖല പിന്തുണയ്ക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 3 ലക്ഷത്തിലധികം പുതിയ വിൽപ്പനക്കാർ കൂടി ആമസോൺ പ്ലാറ്റ്‌ഫോമിൽ എത്തിയിട്ടുണ്ട്.
ആമസോണിന്റെ അതിവേഗ വിതരണ സേവനമായ ‘നൗ’ നിലവിൽ 60ലധികം നഗരങ്ങളിലെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ലഭ്യമാണ്. ദീപാവലിക്ക് മുമ്പ് സേവനം 100 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ആമസോണിന്റെ പദ്ധതി. തങ്ങളുടെ പ്രദേശത്ത് സേവനം ലഭ്യമാണോയെന്ന് അറിയാൻ ആമസോൺ ഷോപ്പിങ് ആപ്പ് തുറന്ന് ‘നൗ’ ബാനർ പരിശോധിക്കാമെന്ന് കമ്പനി അറിയിച്ചു.